പ്രീതി-സെവാഗ് തർക്കം; വിശദീകരണവുമായി കിങ്സ് ഇലവൻ

Sunday 13 May 2018 3:32 am IST

ചണ്ഡീഗഡ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിനു ശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ തമ്മിലടി മൂത്തെന്ന റിപ്പോര്‍ട്ടു നിഷേധിച്ച് ടീം. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമ നടി പ്രീതി സിന്റയും മെന്റര്‍ വിരേന്ദര്‍ സെവാഗും വഴക്കുണ്ടാക്കിയെന്ന റിപ്പോര്‍ട്ടാണ് ടീം നിഷേധിച്ചത്.

റോയല്‍സിനെതിരെ അത്രയൊന്നും വിഷമകരമല്ലാത്ത 158 റണ്‍സ് പിന്തുടരുന്നതില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് പ്രീതിയും സെവാഗും തമ്മില്‍ തര്‍ക്കമുണ്ടായത്. പ്രീതി, നെസ് വാഡിയ, മോഹിത് ബര്‍മന്‍ എന്നിവരാണ് പഞ്ചാബിന്റെ ഉടമകള്‍. ടീമിന്റെ മെന്റര്‍ എന്ന നിലയിലുള്ള അഞ്ചു വര്‍ഷത്തെ സെവാഗിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കാനിരിക്കെയാണ് വാക്കു തര്‍ക്കം.

ക്യാപ്റ്റന്‍ കൂടിയായ രവിചന്ദ്രന്‍ അശ്വിനെ മൂന്നാമനായി ബാറ്റിങ്ങിനിറക്കിയതാണ് പ്രീതിയെ ചൊടിപ്പിച്ചത്. കരുണ്‍ നായരും മനോജ് തിവാരിക്കും മുന്നേയാണ് അശ്വിന്‍ ഇറങ്ങിയത്. ആദ്യ പന്തില്‍ത്തന്നെ അശ്വിന്‍ പുറത്തായത് ടീമിനെ സമ്മര്‍ദത്തിലാക്കി. കളി കഴിഞ്ഞ് ടീമംഗങ്ങള്‍ ഡ്രസ്സിങ് റൂമിലേക്കു പോകുന്തിനു മുമ്പു തന്നെ സെവാഗിന്റെ അടുത്തെത്തിയ പ്രീതി ഇക്കാര്യം ഉന്നയിച്ചു. അശ്വിനെ നേരത്തേ ബാറ്റിങ്ങിനിറക്കിയതിനെക്കുറിച്ച് പ്രീതി ദേഷ്യത്തില്‍ സംസാരിച്ചു.

തുടക്കത്തില്‍ ശാന്തനായി കാര്യങ്ങള്‍ വിശദീകരിച്ച സെവാഗും പിന്നീട് രോഷാകുലനായി. പ്രീതിയുടെ അനാവശ്യ ഇടപെടലുകള്‍ ഇതിനു മുമ്പും ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെക്കുറിച്ച് സെവാഗ് മുമ്പും പരാതിപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രീതിയോ സെവാഗോ പ്രതികരിച്ചില്ല. വഴക്കുണ്ടായില്ലെന്നും പരാജയത്തിലുള്ള വിഷമം  അറിയിക്കുക മാത്രമാണുണ്ടായതെന്നും പ്രീതിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സെവാഗാകട്ടെ ഈ വിഷയത്തെക്കുറിച്ചു പിന്നീടു പ്രതികരിച്ചതുമില്ല.

ഈ സാഹചര്യത്തിലാണ് ടീം പത്രക്കുറിപ്പിറക്കിയത്. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന പതിവു പ്രയോഗത്തോടെയാണ് പ്രസ്താവന തുടങ്ങുന്നത്. പഞ്ചാബിന്റെ ടീം സംസ്‌കാരത്തില്‍ ഇത്തരം സംഭവങ്ങളില്ല. പരാജയത്തെക്കുറിച്ച് ഔദ്യോഗികമായും അനൗദ്യോഗികമായും ചര്‍ച്ചകളുണ്ടാവും. അതൊക്കെ ടീമിന്റെ തുടര്‍ന്നുള്ള പ്രകടനം മെച്ചപ്പെടണം എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണ്. ഇത്തരം ചര്‍ച്ചകളം വാക്കു തര്‍ക്കമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രസ്താവനയില്‍ തുടരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.