പോളിങ് 70% ; എക്സിറ്റ് പോളുകളിൽ ബിജെപി മുന്നേറ്റം

Sunday 13 May 2018 4:00 am IST

ബെംഗളൂരു/ന്യൂദല്‍ഹി:  രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്. ഫലപ്രഖ്യാപനം 15ന്. അതേസമയം കര്‍ണാടകയില്‍ ബിജെപി മുന്നേറ്റമെന്ന് സൂചിപ്പിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.  സി വോട്ടര്‍, ന്യൂസ് നാഷന്‍, സിഎന്‍എക്‌സ്, ജന്‍ കീ ബാത്ത്, ന്യൂസ് എക്‌സ്, പ്രജാ ന്യൂസ്, റിപ്പബ്ലിക്, എബിപി ന്യൂസ്, ടുഡേസ് ചാണക്യ എന്നീ സര്‍വ്വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. 

ടൈംസ് നൗ-വിഎംആര്‍, ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യാ ടുഡെ, സുവര്‍ണ എന്നിവര്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ജെഡിഎസ്സിന്റെ തീരുമാനം നിര്‍ണായകമാകുമെന്ന് മുഴുവന്‍ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നു.  224ല്‍ 222 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 113 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.  

 ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍. വിജയകുമാര്‍  മരിച്ചതിനാല്‍ ജയനഗറിലും നിയമവിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശേഖരിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടതിനെത്തുടര്‍ന്ന് ആര്‍.ആര്‍. മണ്ഡലത്തിലും വോട്ടെടുപ്പ് നടന്നില്ല. ആര്‍. ആര്‍. മണ്ഡലത്തില്‍ ഈ മാസം 28ന് വോട്ടെടുപ്പ് നടക്കും. 

യന്ത്രത്തകരാര്‍ മൂലം 167 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. 470 വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലായി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് ചിലര്‍ വോട്ടെടുപ്പ് കേന്ദ്രത്തില്‍ ബഹളം വച്ചു. യന്ത്രത്തകരാറിനെ തുടര്‍ന്ന് ഹെബ്ബാലിലെ ഒരു മണ്ഡലത്തിലെ പോളിങ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൂബ്ലിയില്‍ മഴ ഉച്ചയ്ക്ക് ശേഷം വോട്ടെടുപ്പിനെ ബാധിച്ചു. 

കനത്ത സുരക്ഷയില്‍ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനമായിരുന്നു. ചെറിയ ചില സംഘര്‍ഷങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50000 അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ഒരു ലക്ഷം കര്‍ണാടക പോലീസ് കൂടാതെ കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന പോലീസും സുരക്ഷ ഒരുക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.