നൃത്തച്ചുവടുകളുമായി യുവനായികമാർ, കൂടെ അർജുൻ ലാലും

Sunday 13 May 2018 4:05 am IST

കൊച്ചി: ജന്മഭൂമി ചലച്ചിത്ര അവാര്‍ഡ് നിശയില്‍ നൃത്തച്ചുവടുമായി അരങ്ങിലെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തലായ മൂന്ന് നായിക നടിമാര്‍. നിമിഷ സജയന്‍, ദുര്‍ഗ്ഗ കൃഷ്ണ, അശ്വതി മനോഹര്‍. ഒപ്പം, തന്മാത്ര ഫെയിം അര്‍ജുന്‍ ലാലും. കൂടെ അവര്‍ക്കൊപ്പം ഇരുപതോളം നര്‍ത്തകരും. 

പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു സേവിയര്‍ അണിയിച്ചൊരുക്കുന്ന നൃത്തങ്ങള്‍ അവാര്‍ഡ് നിശയെ വര്‍ണ്ണാഭമാക്കും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ ശ്രീജ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നിമിഷ മികച്ച നര്‍ത്തകി കൂടിയാണ്. 

വിമാനം സിനിമയില്‍ പൃഥിരാജിന്റെ നായികയായ ഗ്രാമീണ പെണ്‍കുട്ടിയെ അവതരിപ്പിച്ച ദുര്‍ഗ്ഗ കൃഷ്ണ കോഴിക്കോട് സ്വദേശിനിയാണ്.  നര്‍ത്തകി, യോഗാധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയയായ അശ്വതി മനോഹരന്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയിലെ നായികയാണ്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോട്ടയംകാരിയായ അശ്വതി അവിടെ യോഗ അക്കാദമി നടത്തുന്നു. 

തന്മാത്ര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ മകനായി തിളങ്ങിയ അര്‍ജ്ജുന്‍ ലാല്‍ നൃത്ത വേദികളില്‍ സജീവമാണ്. എസ്. രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന അവതരണ ഗാനത്തിന് നൃത്താവിഷ്‌കാരം നല്‍കിയാണ് നായികനടിമാര്‍ ആദ്യമെത്തുക. തുടര്‍ന്ന് സംഘനൃത്തവുമായെത്തും. പരിശീലനം ബിജു സേവിയറിന്റെ കൊച്ചിയിലെ സ്റ്റുഡിയോയില്‍ പുരോഗമിക്കുന്നു.

അലയടിക്കും ആദരവാകും മനോഹര ഗാനങ്ങള്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.