വീണ്ടും 'കടക്കു പുറത്ത്', മുഖ്യമന്ത്രിയുടെ ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്

Sunday 13 May 2018 4:10 am IST

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിന്നു മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. ഇടതുമുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയാണ് സംഭവം. ജില്ലയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കാഞ്ഞങ്ങാട്ടെ പൗരപ്രമുഖരെയും ബിസിനസ്സുകാരയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തില്‍ നിന്നുമാണ് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ അകറ്റി നിര്‍ത്താന്‍ പോലീസിന് നേരത്തേ തന്നെ നിര്‍ദേശം ലഭിച്ചതായാണു വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരനാണ് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തു പോകണമെന്നു മൈക്കിലൂടെ ആവശ്യപ്പെട്ടത്. മന്ത്രി പറഞ്ഞതിനുശേഷവും പുറത്തിറങ്ങാതിരുന്ന മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

ഇതോടെ, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷന്‍ വി.വി. രമേശന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, ഏരിയ സെക്രട്ടറി രാജ്‌മോഹന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരുടെ അടുത്തെത്തി പുറത്തു പോകണമെന്ന് രഹസ്യമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ചിത്രമെടുക്കാനും വാര്‍ത്ത തയ്യാറാക്കാനും മാത്രമേ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചുള്ളൂ. എന്നാല്‍ സിപിഎം അനുഭാവികളായ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ ഇതേനേതാക്കള്‍ മൗനസമ്മതം നല്‍കി.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ ചില സമ്പന്നരെ ഉള്‍പ്പെടുത്തി സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടതു വസ്തുതകള്‍ മറച്ചു വയ്ക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. കോണ്‍ട്രാക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, ബിസ്സിനസുകാര്‍, ജമായത്ത് ഭാരവാഹികള്‍, ചില ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവരുമായിട്ടാണ് മുഖ്യമന്ത്രി കാസര്‍കോടിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. സാധാരണക്കാരെ അകറ്റി നിര്‍ത്തി സമ്പന്നരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ ഭിന്നത ഉയര്‍ന്നിരുന്നു. വികസന രംഗത്ത് നിന്ന് അടിസ്ഥാന വര്‍ഗ്ഗക്കാരെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.