തീയറ്റര്‍ പീഡനം: കുട്ടിയുടെ അമ്മ അറസ്റ്റില്‍

Sunday 13 May 2018 11:53 am IST

മലപ്പുറം: എടപ്പാളില്‍ പത്തുവയസ്സുകാരിയെ സിനിമാ തീയറ്റില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. അമ്മയുടെ അനുമതിയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ കേസ് ഒതുക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി. ബേബിക്കെതിരെയും പോക്‌സോ ചുമത്തും. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത പോലീസിന് പ്രതിയെ രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴിയാണ് അവര്‍ നല്‍കിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിച്ചു. പ്രതിയായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60)യുടെ വാടക കെട്ടിടത്തിലാണ് ഈ സ്ത്രീയും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സാമ്പത്തിക പരാധീനതകളുള്ള ഇവരെ മൊയ്തീന്‍കുട്ടി ചൂഷണം ചെയ്യുകയായിരുന്നു.

പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി. മുമ്പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ ഹോമിലേക്ക് മാറ്റി. കൗണ്‍സിലിംഗിന് വിധേയയാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തും. പ്രതികളെ ഇന്നലെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റി. ഇവരുവരെയും വൈദ്യപരിശോധനക്ക് ശേഷം മലപ്പുറത്ത് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.