പ്ലസ്‌വണ്‍ അഡ്മിഷന്‍ : രണ്ട് മാര്‍ക്കിന് നൂറ് രൂപ ; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരവ് വിവാദമാകുന്നു

Sunday 13 May 2018 8:55 pm IST

 

കണ്ണൂര്‍: പ്ലസ്‌വണ്‍ പ്രവേശനത്തിന് നീന്തലറിയുന്ന കുട്ടികള്‍ക്ക് ലഭിക്കേണ്ട രണ്ട് മാര്‍ക്കിന് 100 രൂപ വാങ്ങാനുളള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീക്കം വിവാദത്തില്‍. നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തല്‍ അറിയാമെന്ന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ 100രൂപ നല്‍കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

നീന്തലറിയാവുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനായി നീന്തലറിയാമെന്ന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അറിയിച്ചതിനു പിന്നാലെയാണ് രജിസ്‌ട്രേഷന്‍ ഫീസ് വേണമെന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കുട്ടികള്‍ 19 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ കക്കാട് നീന്തല്‍ക്കുളത്തില്‍ എത്തിച്ചേരേണ്ടതാണെന്നും നീന്തല്‍ വസ്ത്രം, ചിത്രം പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ എന്നിവ സഹിതമാണ് കുട്ടികള്‍ എത്തേണ്ടതെന്നുമാണ് അറിയിപ്പില്‍ പറയുന്നത്. കുറഞ്ഞത് 25 മീറ്ററെങ്കിലും നീന്തിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌ക്കൂളുകള്‍ മുഖാന്തിരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി നൂറു രൂപ നല്‍കണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന ചോദ്യമാണ് ഉയരുന്നത്.കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും കൗണ്‍സിലര്‍മാരും മറ്റും ബോധ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് ഗ്രേസ് മാര്‍ക്കിനായി ഉപയോഗിച്ചിരുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.