സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വിവാഹത്തലേന്ന് ബിജെപി അനുഭാവിയെ കസ്റ്റഡിയിലെടുത്തു ; വിവാഹം മുടങ്ങി : പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം

Sunday 13 May 2018 8:55 pm IST

 

പാനൂര്‍: പളളൂര്‍ പോലീസ് നിരപരാധികളെ പീഡിപ്പിക്കുന്നത് തുടരുന്നു. വിവാഹ ദിനത്തില്‍ ബിജെപി അനുഭാവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മാഹി, കേരള പോലീസ് തേര്‍വാഴ്ച. നിളളങ്ങല്‍ സ്വദേശിയായ ജെറിനെയാണ് താലികെട്ടിനായി പിണറായിയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ കസ്റ്റഡിയിലെടുത്തത്. ഇന്നലെ 11 മണിക്കും 12 മണിക്കുമിടയില്‍ നടക്കേണ്ടിയിരുന്ന വിവാഹമാണ് പോലീസിന്റെ തെറ്റായ നടപടി കാരണം മുടങ്ങിയത്. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജെറിനെ വിടാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണസംഘത്തിലെ സിഐ.അറിവരശന്റെ നേതൃത്വത്തിലുളള പോലീസാണ് സിപിഎം നിര്‍ദ്ദേശപ്രകാരം വിവാഹം മുടക്കിയത്. നിരപരാധിയാണ് ജെറിനെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

നിരവധി ബിജെപി പ്രവര്‍ത്തകരെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്. പളളൂരിലെ സിപിഎം പ്രവര്‍ത്തകനായ ബാബു വധത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് സ്ത്രീകളെയും കുട്ടികളെയും അടക്കം പോലീസ് ചോദ്യം ചെയ്യാനെന്ന വ്യാജേന കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്യുന്നത്. 

ബിജെപി-ആര്‍എസ്എസ് നേതാക്കളായ കെ.പ്രമോദ്, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ്, എന്‍.ഹരിദാസ്, കെ.ബി.പ്രജില്‍, കെ.പ്രമോദ്, കെ.സി.വിഷ്ണു, ടി.പി.സുരേഷ്ബാബു, വി.പി.ഷാജി, സി.പി.സംഗീത, ലസിതപാലക്കല്‍ തുടങ്ങിയ നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി. സമാധാനശ്രമങ്ങള്‍ക്കു മേലുളള  പളളൂര്‍ പോലീസിന്റെ കടന്നു കയറ്റത്തിലും നിരപരാധികളെ വേട്ടയാടുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുളള സമരപരിപാടികളുമായി സംഘപരിവാര്‍ നേതൃത്വം മുന്നോട്ടു വരുമെന്നും നേതാക്കള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.