സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി ഗ്രാമത്തില്‍ പൊട്ടിത്തെറി

Sunday 13 May 2018 8:56 pm IST

 

മയ്യില്‍: സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മേല്‍ക്കമ്മറ്റി തീരുമാനം പാര്‍ട്ടി ഗ്രാമത്തില്‍ പൊട്ടിത്തെറിക്ക് കാരണമായി. സിപിഎം കണ്ടക്കൈ ലോക്കല്‍ കമ്മറ്റിയംഗം കെ.മനോഹരനെതിരെയാണ് നടപടി സ്വീകരിച്ചത്. സിപിഎം ഏരിയാ സമ്മേളനത്തിനിടെ നാടകോത്സവം നടത്താന്‍ നേതൃത്വം നല്‍കിയെന്ന വിചിത്രമായ കാരണം പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

മൂന്ന് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങളും ചേര്‍ന്ന വേളം വായനശാല കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാടകോത്സവം സംഘടിപ്പിച്ചത്. ഡിസംബര്‍ 1 മുതല്‍ അഞ്ച് വരെയായിരുന്നു നാടകോത്സവം. മയ്യില്‍ ഏരിയാ സമ്മേളനം നവംബര്‍ 21 മുതല്‍ 23 വരെയാണ് നടന്നത്. പാര്‍ട്ടി ഏരിയാ കമ്മറ്റിയുമായി ആലോചിച്ച ശേഷമായിരുന്നു വേളം വായനശാല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാടകോത്സവം നടത്തിയത്. എന്നാല്‍ സമ്മേളനത്തിന് ശേഷം മറ്റ് പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഒരു ലോക്കല്‍ കമ്മറ്റിയംഗത്തെ മാത്രം തരംതാഴ്ത്തിയ നടപടിയാണ് അണികളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുള്ളത്. സംഭവത്തിന് ശേഷം പാര്‍ട്ടി ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന വേളം പടിഞ്ഞാറ്, വേളം കിഴക്ക്, വേളം സെന്‍ട്രല്‍ ബ്രാഞ്ചുകളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണ്. ഇത് മേല്‍ക്കമ്മറ്റിയെയും ഞെട്ടിച്ചിട്ടുണ്ട്. നടപടിക്ക് വിധേയനായ കെ.മനോഹരന്‍ വായനശാല പ്രസിഡണ്ടും മയ്യില്‍ പഞ്ചായത്ത് അംഗവുമാണ്. 

എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് ശേഷം കരിങ്കല്‍ക്കുഴിയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള മറ്റൊരു ക്ലബ്ബില്‍ നാടകോത്സവം നടത്തിയിരുന്നുവെങ്കിലും ഇവിടങ്ങളിലൊന്നും അച്ചടക്ക നടപടികള്‍ ഉണ്ടായിട്ടില്ല. മൂന്നു മാസത്തിലേറെയായി വിഷയം ഈ മേഖലയില്‍ പുകയുകയാണെങ്കിലും പരിഹാരം കണ്ടെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സംഭവം പാര്‍ട്ടി ശക്തികേന്ദ്രമായ ഈ മേഖലയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.