കൊലപാതകത്തിന്റെ പേരില്‍ പളളൂര്‍ പോലീസ് നിരപരാധികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരേയും കുടംബങ്ങളേയും വേട്ടയാടുന്നു മൂന്നുമാസം പ്രായമായ കുഞ്ഞിനേയും മാതാവിനേയും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചു

Sunday 13 May 2018 8:56 pm IST

 

മാഹി: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ പളളൂര്‍ പോലീസ് നിരപരാധികളായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരേയും കുടുംബങ്ങളേയും വേട്ടയാടുന്നു. ഇന്നലെ രാവിലെ ആര്‍എസ്എസ്-ബിജെപി് പ്രവര്‍ത്തകനായ പളളൂര്‍ കമ്മ്യൂണിറ്റി സെന്ററിന് സമീപം ലക്ഷ്മികൃപയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം മൂന്നുമാസം പ്രായമായ കുഞ്ഞിനേയും യുവതിയേയും 71 വയസ്സുകാരിയായ വൃദ്ധയേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചു. രാവിലെ 8 മണിക്ക് കസ്റ്റഡിയിലെടുത്ത ഇവരെ സംഘപരിവാര്‍ നേതാക്കള്‍ ഇടപെട്ടതിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ മാത്രമാണ് പുറത്തുവിട്ടത്. 

സുനിലിന്റെ ഭാര്യ വൃന്ദ, അമ്മ ലക്ഷ്മി, രണ്ടര വയസ്സുളള മകള്‍ ധര്‍മ്മിത, മൂന്നുമാസം പ്രായമുളള കൃത്രിക എന്നിവരേയാണ് ഇന്നലെ മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ചത്. മൂന്ന് മാസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പോലും സൗകര്യം അനുവദിക്കാത്ത പോലീസ് രണ്ട് കുട്ടികളേയും നിലത്ത് കിടത്തുകയായിരുന്നു. കുടിവെളളം പോലും നല്‍കുകയും ചെയ്തില്ല. ഇത്തരത്തില്‍ മേഖലയിലെ നിരപരാധികളായ നിരവധി സംഘപ്രവര്‍ത്തകരുടെ വീടുകളിലാണ് പോലീസ് അസമയത്തും മറ്റും കയറി ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നത്. നിരപരാധികളായ പലരേയും കസ്റ്റഡിയിലെടുത്ത് പീഢിപ്പിക്കുകയുമാണ്. പൗരവകാശങ്ങളെയെല്ലാം ഇല്ലാതാക്കി കടുത്ത മനുഷ്യാവകാശ ലംഘനമാണ് പളളൂര്‍ പോലീസ് മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പളളൂരില്‍ പോലീസിനെ ഉപയോഗിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പീഡിപ്പിക്കാന്‍ പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും-സിപിഎമ്മും കൈക്കോര്‍ക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മാഹി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വത്സരാജും തമ്മിലുളള അവിശുദ്ധ ബന്ധമാണ് പോലീസ് നടപടിയെന്ന് ആരോപണം. 

പളളൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് മേഖലയില്‍ പോലീസ് തേര്‍വാഴ്ച അരങ്ങേറി കൊണ്ടിരിക്കുന്നത്. തലശേരി എംഎല്‍എ എഎന്‍.ഷംസീര്‍, സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ എ.പ്രദീപന്‍ എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നടപ്പാക്കുന്നത്. മാഹി-കേരള പോലീസ് സംയുക്തമായി അന്വേഷിക്കുന്ന കേസില്‍ പോണ്ടിച്ചേരി ഐജിയുമായി എഎന്‍.ഷംസീര്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സ്ത്രീകളെയും കുട്ടികളെയുമടക്കം അകാരണമായി കസ്റ്റഡിയില്‍ എടുത്തതും. സിഐ.അറിവരശന്‍ എന്ന ഉദ്യോഗസ്ഥനെ വെച്ചാണ് രാഷ്ട്രീയം കളിക്കുന്നത്. പളളൂര്‍ പോലീസിന്റെ നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.