ഫസല്‍ വധക്കേസ് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍: സിപിഎം നേതൃത്വം വെട്ടില്‍

Sunday 13 May 2018 8:57 pm IST

 

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. കൊലപാതകക്കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച പോലീസ് സംഘത്തിന്റെ മേധാവിയായിരുന്ന മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

കേസില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള അന്വേഷണം സിപിഎം നേതാക്കളായ കാരായിമാരിലേക്ക് തിരിഞ്ഞതോടെ സിപിഎം നേതൃത്വം കേസ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. അന്വേഷണം നേതാക്കളിലെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച് അനാശാസ്യക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന ഇന്റലന്റ്‌സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണം സിപിഎം പ്രവര്‍ത്തകരിലേക്ക് തിരിഞ്ഞതിന് പ്രതികാരമായിട്ടായിരുന്നു കെ.രാധാകൃഷ്ണനെ 2006 ല്‍ അനാശാസ്യക്കേസില്‍ കുടുക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അന്ന് ഇന്റലിജന്റ്‌സ് കണ്ടെത്തിയതായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2006 ഡിസംബര്‍ 14 ന് ഹര്‍ത്താല്‍ ദിവസം രാധാകൃഷ്ണന്‍ ഡ്രൈവര്‍ക്കൊപ്പം തളിപ്പറമ്പിലെ ഒരു വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ സംഘം വീട് വളഞ്ഞ് അനാശാസ്യം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര വകുപ്പിലെ സ്വാധീനം ഉപയോഗിച്ച് ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. 2012 ല്‍ ഡിജിപിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്റലിജന്റ്‌സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറായിരുന്നു ഇക്കാര്യം അന്വേഷിച്ചിരുന്നത്. 

എന്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വവും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരിയും ആരോപിച്ചിരുന്നു. എന്നാല്‍ രാധാകൃഷ്ണന്റെ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു. കാരായിമാരില്‍ അന്വേഷണം എത്തിയതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവും ഇറങ്ങി. കൊലപാതകത്തിന് മുമ്പും പിമ്പും സിപിഎം നേതാക്കള്‍ വിളിച്ച ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കാരായിമാരടക്കം കുടുങ്ങിയത്. ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് കേസ് ഡയറിയില്‍ രാധാകൃഷ്ണന്‍ കുറച്ചിട്ടതാണ് പിന്നീട് സിബിഐ അന്വേഷണത്തില്‍ നേതാക്കള്‍ അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തതിന് വഴിയൊരുക്കിയത്. 

തലശ്ശേരി ടൗണിലും പരിസരത്തുമായി ഉണ്ടായിരുന്ന മൊബൈല്‍ ടവറുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവം നടന്ന പുലര്‍ച്ചെ കാരായി രാജന്‍ മൊബൈലില്‍ ആശുപത്രി ലാന്റ് ലൈനിലേക്ക് വിളിച്ചതായും കൃത്യത്തിന് ശേഷം അഞ്ച് കോളുകള്‍ വിളിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎം ഏരിയാ കമ്മറ്റിയോഫീസിലെ ഫോണുകളും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. കൂടാതെ പില്‍ക്കാലത്ത് പാര്‍ട്ടിക്ക് അനഭിമതരായി മാറിയ സിപിഎമ്മുകാരായ ഷിനില്‍ അടക്കമുള്ള ചിലര്‍ പോലീസിന് നല്‍കിയ വിവരങ്ങളും കേസന്വേഷണത്തിന് നിര്‍ണായകമായതായാണ് ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ അഡ്വ.വത്സരാജക്കുറുപ്പ് അടക്കമുള്ളവരുടെ കൊലപാതകവും ഫസല്‍ വധവുമായി ബന്ധപ്പെട്ടാണെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുകയാണ്. ഇത്തരത്തില്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ സിപിഎം പൂര്‍ണമായും പ്രതിക്കൂട്ടിലാവുകയും പ്രതിരോധത്തിലായിരിക്കുകയാണ്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാനായി സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് നടത്തിയ അട്ടിമറി ശ്രമങ്ങളൊക്കെ പുതിയ വെളിപ്പെടുത്തലോടെ അസ്ഥാനത്തായിരിക്കുകയാണ്. മാത്രമല്ല, സിപിഎമ്മിന്റെ കപട ന്യൂനപക്ഷ പ്രേമത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീണിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.