ആറളം പുനരധിവാസ മേഖലയില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ നടപടികള്‍ സ്വീകരിക്കണം

Sunday 13 May 2018 9:02 pm IST

 

ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ബാഹ്യശക്തികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ അടക്കം തടയുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച, ഒബിസി മോര്‍ച്ച നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗ മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റും ബിജെപി ദേശീയ സമിതി അംഗവുമായ പി.കെ. വേലായുധന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ സംഘം ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സന്ദര്‍ശനം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളവും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 

ബാഹ്യശക്തികളായ ചില മതസംഘടനകള്‍ ആദിവാസികളെ പ്രലോഭിപ്പിച്ചും മറ്റും മതം മാറ്റുവാനുള്ള ശ്രമങ്ങള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളെല്ലാം തകിടം മറിഞ്ഞ അവസ്ഥയിലാണ്. മേഖലയിലെ കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്‌പോലും പരിഹാരം കാണുവാന്‍ അധികൃതതര്‍ക്കായിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കോടികള്‍ ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെടുമ്പോഴും ഇതൊന്നും ഇവിടുത്തെ ആദിവാസികള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. ആദിവാസികളുടെ പേരില്‍ ചിലവഴിക്കപ്പെടുന്ന ഫണ്ടുകള്‍ മുഴുവന്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ പട്ടികജാതി പട്ടികമോര്‍ച്ച മന്ത്രാലയത്തിനടക്കം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. 

 ഒബിസി മോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.പ്രശോഭ് കുമാര്‍, ജില്ലാ സെക്രട്ടറി സി.ബാബു, ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ ഉളിക്കല്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് കെ.മുകുന്ദന്‍, ജന.സിക്രട്ടറി വിജയകുമാര്‍, ബിജെപി ആറളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രശാന്തന്‍ കുമ്പത്തി എന്നിവരും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.