ഫസല്‍ വധം: മൂന്നുപേരുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തം

Monday 14 May 2018 2:13 am IST

പാനൂര്‍: ഫസല്‍ വധത്തില്‍ സിപിഎമ്മിനു കെണിയായത് പഞ്ചാര ഷിനില്‍, അഡ്വ. വത്സരാജകുറുപ്പ്, മൂഴിക്കര കുട്ടന്‍ എന്നിവരുടെ മൊഴികള്‍. ഫസല്‍ കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച ഡിവൈഎസ്പി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളില്‍ പരാമര്‍ശിച്ചവര്‍ ആരും ഇന്നു ജീവിച്ചിരിപ്പില്ല എന്നത് സിപിഎമ്മിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നു. ഫസല്‍ വധത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന വെളിപ്പെടുത്തല്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടതോടെ മൂന്നു ദുരൂഹമരണങ്ങളും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമായി.

സിപിഎം പ്രവര്‍ത്തകര്‍ 2007ല്‍ ബിജെപി നേതാവായ അഡ്വ: വത്സരാജകുറുപ്പിനെ വധിച്ച സംഭവത്തില്‍ തുടരന്വേഷണം വേണമെന്നും, ഫസല്‍ വധത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ പങ്ക് വെളിപ്പെടുത്തിയതിനാണ് കൊലനടത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. ഇതേ വര്‍ഷംതന്നെ സിപിഎം ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളായിരുന്ന ന്യൂമാഹിയിലെ പഞ്ചാര ഷിനില്‍, മൂഴിക്കര കുട്ടന്‍ എന്നിവരും കൊല്ലപ്പെട്ടു. മൂഴിക്കര കുട്ടന്‍ മട്ടന്നൂര്‍ സിപിഎം ഓഫീസിനു സമീപത്തുവെച്ച് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന കുട്ടന്‍ ഒറ്റയ്ക്ക് 20 കീലോമീറ്റര്‍ അകലെയുള്ള മട്ടന്നൂരില്‍ ബോംബ് നിര്‍മ്മാണത്തിനായി പോകാനിടയില്ലെന്ന് അന്നേ സംശയം ഉയര്‍ന്നിരുന്നു. 

പഞ്ചാര ഷിനിലിനെ ദുരൂഹ സാഹചര്യത്തില്‍ ഏടന്നൂരില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. പാര്‍ട്ടിയുമായി അകന്നതിനുശേഷം ഇവരെ സിപിഎം നേതൃത്വം കൊന്നുതള്ളിയതാണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നെങ്കിലും ഭരണസ്വാധീനത്താല്‍ എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.