മാണിയുടെ 'ആശയക്കുഴപ്പം' സിപിഎമ്മിനു മാനക്കേട്

Monday 14 May 2018 2:16 am IST
ചെങ്ങന്നൂരില്‍ ഇടതുപക്ഷം തോല്‍ക്കുന്നത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മന്ത്രി എ.കെ. ബാലനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരം വോട്ടുകള്‍ പോലുമില്ലാത്ത സിപിഐയെ തഴഞ്ഞ് ഏതാണ്ട് മൂവായിരത്തിലേറെ വോട്ടുകളുള്ള മാണിയെ എങ്ങിനെയും സ്വാധീനിക്കുക എന്ന ഗതികേടില്‍ സിപിഎം എത്തിച്ചേര്‍ന്നു.

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന് നിശ്ചയിക്കാന്‍ കഴിയാതെ കേരളാ കോണ്‍ഗ്രസ് (മാണി) വെട്ടിലായതോടെ മാനക്കേടിലായത് സിപിഎം. സിപിഐയുടെയും മറ്റു ഘടക കക്ഷികളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് സിപിഎം മാണിയുടെ പിന്തുണയ്ക്കായി വിട്ടുവീഴ്ചകള്‍ പലതും ചെയ്തത്. 

ജോസ് കെ.മാണിയും ആരോപണ വിധേയനായതിനാലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ സോളാര്‍ തട്ടിപ്പു പോലും ചെങ്ങന്നൂരില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. മാണിയെ പ്രീണിപ്പിക്കുകയെന്നതാണ് സിപിഎം ലക്ഷ്യം. രാഷ്ട്രീയത്തിലെ വെറുക്കപ്പെട്ട മുഖം എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അധിക്ഷേപിച്ച മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം തീരുമാനിച്ചത് ചെങ്ങന്നൂരില്‍ എന്തു വില നല്‍കിയും ജയിക്കുക എന്ന ഒറ്റ അജണ്ടയിലായിരുന്നു. 

ചെങ്ങന്നൂരില്‍ ഇടതുപക്ഷം തോല്‍ക്കുന്നത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മന്ത്രി എ.കെ. ബാലനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരം വോട്ടുകള്‍ പോലുമില്ലാത്ത സിപിഐയെ തഴഞ്ഞ് ഏതാണ്ട് മൂവായിരത്തിലേറെ വോട്ടുകളുള്ള മാണിയെ എങ്ങിനെയും സ്വാധീനിക്കുക എന്ന ഗതികേടില്‍ സിപിഎം എത്തിച്ചേര്‍ന്നു.

ബാര്‍കോഴ കേസ് അട്ടിമറിക്കുക മാത്രമല്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ മകന് സുരക്ഷിത സീറ്റ് വരെ സിപിഎം വാഗ്ദാനം ചെയ്തതായാണ് വിവരം. എന്നാല്‍ പി.ജെ. ജോസഫും കൂട്ടരും ഇടഞ്ഞതോടെ തീരുമാനമെടുക്കാനാകാതെ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. മുന്നണികളെ പിണക്കാതെ മനഃസാക്ഷി വോട്ടെന്ന നിലപാടില്‍ മാണി എത്തിച്ചേരുമെന്നാണ് സൂചനകള്‍. ജോസഫിനെ മറികടന്ന് ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മനഃസാക്ഷി വോട്ട് പ്രഖ്യാപനം ഗുണം ചെയ്യില്ലെന്ന് സിപിഎമ്മും വിലയിരുത്തുന്നു. 

കേരള കോണ്‍ഗ്രസ് അണികളില്‍ നല്ല ശതമാനവും യുഡിഎഫ് ചിന്താഗതിക്കാരാണ്. ഇടതുമുന്നണിക്ക് അനുകൂലമായി മാണിയുടെ പരസ്യ പ്രഖ്യാപനം ഉണ്ടായാല്‍ മാത്രമേ അണികള്‍ കുറെയെങ്കിലും മാറി ചിന്തിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം അടക്കുമള്ള വാഗ്ദാനങ്ങള്‍ നല്‍കി ജോസഫിനെ തങ്ങളുടെ പക്ഷത്തെത്തിക്കാനും സിപിഎം ശ്രമം തുടങ്ങിയതായും വിവരമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.