രാഹുല്‍ ഗാന്ധിയുടെ 'അര സമ്മതം'

Monday 14 May 2018 2:17 am IST
രാഹുല്‍ ഗാന്ധി എന്തോ മഹാസംഭവമാണ്, അദ്ദേഹമാണ് രാജ്യത്തിന് രക്ഷ എന്നൊക്കെ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് ശൈലിയാണിപ്പോള്‍. അത് കോണ്‍ഗ്രസ്സുകാരാണ് സാധാരണ പ്രഖ്യാപിക്കാറുള്ളത്; അതിനുപിന്നാലെ ശിപായിമാരെപ്പോലെ ചില മാധ്യമങ്ങള്‍ ഏറ്റുപിടിക്കും. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഇത്തരം ചില തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യാറുണ്ട്. ഏറെ പഴയതിലേക്ക് പോകണ്ട; അടുത്തിടെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തേക്കൊന്ന് കണ്ണോടിച്ചുനോക്കൂ.

'അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതം' എന്നൊരു ചൊല്ല് മലയാളനാട്ടില്‍ വളരെ പ്രചാരമുള്ളതാണ്. ഇതിപ്പോള്‍ തോന്നിപ്പിച്ചത് പ്രധാനമന്ത്രിയാവാന്‍ തയ്യാറാണെന്നും ബിജെപി വിരുദ്ധസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താനാവും എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ്. കര്‍ണാടകത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. കര്‍ണാടകത്തില്‍ ബിജെപിയെയും ജനതാദള്‍-എസിനെയും പരാജയപ്പെടുത്തുമെന്നും അത് 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ  വിജയത്തിന്റെ തുടക്കമാണ് എന്നുമൊക്കെയാണല്ലോ കോണ്‍ഗ്രസ്സുകാരും അവരുടെ പിന്നാലെ നടക്കുന്ന മാധ്യമങ്ങളും പറയുന്നത്. അങ്ങനെ വിചാരിക്കുന്നവര്‍ക്ക് ഈ വിധത്തില്‍ പറഞ്ഞേ തീരൂ. രാഷ്ട്രീയരംഗത്ത് സജീവമായത് മുതല്‍ സ്വന്തം പാര്‍ട്ടിക്ക് ജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, തൊട്ടിടത്തെല്ലാം ദയനീയ തോല്‍വി ഏറ്റവുവാങ്ങിയ ഒരു നേതാവ,് പക്ഷെ കുറേക്കൂടി പ്രയോഗികമാവണ്ടേ? ദേശീയ രാഷ്ട്രീയ രംഗത്തെ സംഭവവികാസങ്ങള്‍ തിരിച്ചറിയണ്ടേ? രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാത്രമല്ല തനിക്ക് മുന്നിലുള്ള തടസ്സം എന്നതും നിയമപ്രശ്‌നങ്ങള്‍ അനവധിയുണ്ട് എന്നതും ഓര്‍ക്കേണ്ടതല്ലേ. കോണ്‍ഗ്രസ് അധ്യക്ഷന്‍ വിദേശ പൗരനാണ് എന്നുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ ലോകസഭയുടെ എത്തിക്‌സ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് അടുത്തദിവസം നോട്ടീസ് അയച്ചത്  അവഗണിക്കാനാവുമോ? ബിജെപി വിരുദ്ധപക്ഷത്തെ പ്രമുഖ പ്രാദേശികകക്ഷി നേതാക്കളുടെ പരസ്യമായിക്കഴിഞ്ഞ നിലപാട് കണ്ടില്ലെന്ന് നടിക്കാനാവുമോ?  

രാഹുല്‍ ഗാന്ധി എന്തോ മഹാസംഭവമാണ്, അദ്ദേഹമാണ് രാജ്യത്തിന് രക്ഷ എന്നൊക്കെ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ് ശൈലിയാണിപ്പോള്‍. അത് കോണ്‍ഗ്രസ്സുകാരാണ് സാധാരണ പ്രഖ്യാപിക്കാറുള്ളത്; അതിനുപിന്നാലെ ശിപായിമാരെപ്പോലെ ചില മാധ്യമങ്ങള്‍ ഏറ്റുപിടിക്കും. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഇത്തരം ചില തന്ത്രങ്ങള്‍  കോണ്‍ഗ്രസ് ആസൂത്രണം ചെയ്യാറുണ്ട്. ഏറെ പഴയതിലേക്ക് പോകണ്ട; അടുത്തിടെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തേക്കൊന്ന് കണ്ണോടിച്ചുനോക്കൂ. ഗുജറാത്തില്‍ ബിജെപിയെ തകര്‍ക്കുമെന്നും അധികാരം പിടിക്കുമെന്നും ഹിമാചലില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടാണത്രെ ഗുജറാത്ത്-ഹിമാചല്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. മാത്രമല്ല കിരീടധാരണം നടത്താനായി തെരഞ്ഞെടുത്തത് ആ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെയുള്ള തീയതിയാണ്. ഗുജറാത്തില്‍ നരേന്ദ്രമോദിയെ, ബിജെപിയെ, തോല്‍പ്പിച്ചുകൊണ്ട് ദേശീയരാഷ്ട്രീയത്തില്‍ തലയുയര്‍ത്തിനില്‍ക്കാനുള്ള പുറപ്പാടായിരുന്നു അതെന്ന് വ്യക്തം. പക്ഷെ, കോണ്‍ഗ്രസ് രണ്ടിടത്തും തോറ്റു; 22 വര്‍ഷമായി ഭരിക്കുന്ന ഗുജറാത്തില്‍ ബിജെപി ഏതാണ്ട്  50 ശതമാനം വോട്ടോടെ അധികാരത്തില്‍ തിരിച്ചെത്തി. ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ്സിന് നഷ്ടവുമായി; അതും മോദിയുടെ കൂടെയായി. ഇത് സൂചിപ്പിക്കുന്നത്, 2019 ലക്ഷ്യമിട്ട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തിയ ആദ്യ നീക്കംതന്നെ തിരിച്ചടിച്ചു എന്നാണ്. 

വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വന്നു; മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര. അതില്‍ മേഘാലയയിലാണ് കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്നത്. നാഗാലാന്‍ഡില്‍ മുന്‍പ് മൂന്ന് പതിറ്റാണ്ടോളം ഭരണം കയ്യാളിയിരുന്നത് ആ പാര്‍ട്ടിതന്നെയാണ്. ത്രിപുരയില്‍ കോണ്‍ഗ്രസായിരുന്നു മുഖ്യ പ്രതിപക്ഷം. എന്നാലിത്തവണ അവര്‍ കേന്ദ്രീകരിച്ചത് മേഘാലയയിലാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ആ സംസ്ഥാനത്ത്  അധികാരം നിലനിര്‍ത്താനുള്ള പുറപ്പാടായിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസ്സുകാരെ മേഘാലയയിലേക്കയച്ചത് നാം കണ്ടുവല്ലോ. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ആഴ്ചകളോളം അവിടെ ഉണ്ടായിരുന്നു പ്രചാരണത്തിന്. രാഹുല്‍ ഗാന്ധി എത്രയോതവണ അവിടെച്ചെന്നു. എന്നാല്‍ മൂന്നിടത്തും കോണ്‍ഗ്രസ് ദയനീയമായി തോറ്റു. മാത്രമല്ല അവിടെ എല്ലായിടത്തും, സിപിഎമ്മിന്റെ കോട്ടയായി വിവക്ഷിക്കപ്പെട്ടിരുന്ന ത്രിപുരയില്‍ പോലും, ബിജെപി അധികാരത്തിലേറി. 

അടുത്തത് കര്‍ണാടക. അവിടെയും ഭരണത്തിലുള്ളത് കോണ്‍ഗ്രസ്്. ആ ഫലം വരാനിരിക്കുന്നു. ഇതിനിടെ ദല്‍ഹിയില്‍ ഒരു റാലി സംഘടിപ്പിച്ചുകൊണ്ട് 2019 ലേക്കുള്ള വിളംബരം പുറപ്പെടുവിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായതും നാം കണ്ടു. പ്രധാനമന്ത്രി മോഹം പ്രഖ്യാപിക്കാന്‍ രാഹുലിന് കര്‍ണാടകത്തിലെ വോട്ടെണ്ണല്‍ വരെ കാത്തിരിക്കാമായിരുന്നു. പക്ഷെ, അദ്ദേഹം അതിന് മുതിര്‍ന്നത് രണ്ട്  കാരണങ്ങളാലാണ്. ഒന്ന്, സ്വന്തം മനസ്സിലെ അടങ്ങാത്ത മോഹം. രണ്ട്, കര്‍ണാടകത്തില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് വിജയിക്കും എന്ന സന്ദേശം നല്‍കല്‍. നാളെ വോട്ടെണ്ണലാണ്. പ്രവചനത്തിന് മുതിരുന്നില്ല. കാര്യങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. 

രാഹുലിന്റെ പൗരത്വവും ചോദ്യചിഹ്നത്തില്‍

രാഹുല്‍ ഗാന്ധിയുടെ 'ട്രാക്ക് റെക്കോര്‍ഡ്' ഒന്ന് നോക്കൂ. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ നായകത്വം ഏറ്റെടുക്കുന്നത് ഉപാധ്യക്ഷന്‍ എന്ന നിലയ്ക്കാണ്. അപ്പോഴും അദ്ദേഹമായിരുന്നു ഏതാണ്ട് അധ്യക്ഷന്‍. സോണിയ ഗാന്ധി രംഗത്തുനിന്ന് ഏതാണ്ടൊക്കെ മാറിനിന്നതാണല്ലോ. അതിനുശേഷം നടന്ന ഏത് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ്സിന് വിജയിക്കാനായത്? 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു; മധ്യപ്രദേശ്, ചണ്ഡീഗഢ്, രാജസ്ഥാന്‍. മൂന്നിടത്തും വിജയിച്ചത് ബിജെപിയാണ്.  അങ്ങിനെ വലിയ പരാജയത്തോടെയായിരുന്നു തുടക്കം. പിന്നീടിങ്ങോട്ട് നോക്കുമ്പോള്‍ പരാജയങ്ങളുടെ പരമ്പര. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന-ആന്ധ്ര, ആസാം, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മേഘാലയ... ഇതൊക്കെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബംഗാള്‍, സിക്കിം, ഒറീസ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പുര്‍, ത്രിപുര തുടങ്ങിയിടങ്ങളിലും അവര്‍ നേരിട്ടത് ദയനീയ പരാജയമല്ലേ? ആകെ ജയിക്കാനായത് പഞ്ചാബിലും പോണ്ടിച്ചേരിയിലും. പിന്നെയുള്ളത് മിസോറാമും. 

കര്‍ണാടക വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസ് എന്നാല്‍ പിപിപി പാര്‍ട്ടിയാവും എന്ന് നരേന്ദ്ര മോദി പറഞ്ഞത് 'പോണ്ടിച്ചേരി, പഞ്ചാബ് പരിവാര്‍' എന്നനിലയ്ക്കാണ്. അതാണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. പിന്നെയുള്ളത് മിസോറാം ആണ്. വെറും ഏഴുലക്ഷം വോട്ടര്‍മാരുള്ള സംസ്ഥാനം. കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിന്റെ വലിപ്പം. പോണ്ടിച്ചേരിയിലെ ജനസംഖ്യ ഒന്‍പതര ലക്ഷമാണ്. നമ്മുടെ ഓരോ ലോകസഭാ മണ്ഡലത്തിലും അതിലേറെ വോട്ടര്‍മാരുണ്ട്. അത്തരമൊരു വലിയ ഭൂപ്രദേശത്തിന്റെ അധിപരായി കോണ്‍ഗ്രസ് മാറുന്നത് കാണാം എന്നര്‍ത്ഥം. 

  'ബിജെപിയെ പരാജയപ്പെടുത്താനായി ഞാന്‍ തയ്യാര്‍;  എല്ലാവരും എന്റെ പിന്നാലെ കൂടിക്കൊള്ളു' എന്നതാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ, കോണ്‍ഗ്രസിന്റെ സമീപനം. എന്നാല്‍ ഇത്തരത്തില്‍  ഒരു നേതാവിനെ 'ചുമക്കാന്‍' ബിജെപി വിരുദ്ധപക്ഷത്തുള്ള പ്രമുഖ പ്രാദേശിക കക്ഷി നേതാക്കള്‍ തയ്യാറാവുമോ? സംസ്ഥാനങ്ങളില്‍ സ്വന്തം അസ്ഥിത്വവും ജനപിന്തുണയും തെളിയിച്ചവരും തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുമാണ് അവര്‍. മമതാബാനര്‍ജിയും ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും നവിന്‍ പട്‌നായിക്കും ഡിഎംകെയും ഉദാഹരണങ്ങള്‍. ശരദ് പവാറിനെപ്പോലുള്ള ഒരു പരിണിതപ്രജ്ഞനായ നേതാവിന് ഇങ്ങനെ ഒരാള്‍ക്കൊപ്പം കഴിയാനാവുമോ? യുപിയില്‍ കൂട്ടുകൂടിയതിന്റെ പരിക്ക് ഇനിയും സമാജ്വാദി പാര്‍ട്ടിക്ക് മറക്കാനായിട്ടില്ല എന്നുമോര്‍ക്കുക. രാഹുലിനെ നേതാവായി അംഗീകരിക്കില്ലെന്ന് മമതയും ടിആര്‍എസും പ്രഖ്യാപിക്കുകമാത്രമല്ല മൂന്നാം മുന്നണിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. പരാജയംമാത്രം രുചിച്ചിട്ടുള്ള ഒരു നേതാവിന് കീഴില്‍ ജനങ്ങളിലേക്ക് പോകുന്നത് അബദ്ധമാണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു.  

കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, അതിനേക്കാളൊക്കെ വിഷമം പിടിച്ചതാവും ലോകസഭയുടെ എത്തിക്‌സ് കമ്മിറ്റി രാഹുലിനെതിരെ വിദേശ പൗരത്വം സംബന്ധിച്ചു നടത്തുന്ന അന്വേഷണങ്ങള്‍. ഡോ. സുബ്രമണ്യന്‍ സ്വാമി പറയുന്നത്, വേണ്ടത്ര തെളിവുകള്‍ സഹിതമാണ് താന്‍ ലോകസഭാ സ്പീക്കര്‍ക്ക്  പരാതി നല്‍കിയത് എന്നാണ്. ആ പരാതിയില്‍ രാഹുലിന്റെ വിശദീകരണം ചോദിക്കുകയാണ് കമ്മിറ്റി ചെയ്തിരിക്കുന്നത്. അത് വലിയതോതില്‍ കോണ്‍ഗ്രസ്സിനെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്; രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദ് ചെയ്യപ്പെടുന്ന നിലയിലേക്ക് പോലും കാര്യങ്ങളെത്തിയാല്‍ അതിശയിക്കാനില്ല. അപ്പോഴും പ്രധാനമന്ത്രിയാവാന്‍ ഒരാള്‍ മോഹിക്കുന്നത് 'അര സമ്മതം' മാത്രമായല്ലേ കാണേണ്ടതുള്ളൂ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.