ഇരുപത്തിമൂന്നാം ദിവസം വധശിക്ഷ

Monday 14 May 2018 2:42 am IST

ഇന്‍ഡോര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിമൂന്നു ദിവസത്തിനുള്ളില്‍ പ്രതിക്കു വധശിക്ഷ വിധിച്ചത് ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നു. ഇന്ത്യയിലെ പതിവു നീതിന്യായ സംവിധാനത്തില്‍ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തതാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഭവിച്ചത്. രാജ്യത്താകെ നാനൂറു അതിവേഗ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പീഡനക്കേസുകളില്‍ ഒരു വര്‍ഷത്തികം തീര്‍പ്പാകുന്നത് പത്തു ശതമാനത്തില്‍ താഴെ.

പക്ഷേ, ഇന്‍ഡോറില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനോട് അതിക്രമം കാട്ടിയ നവിക് ഗഡ്‌കെ(25) എന്ന നീചനെ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിച്ചു. അതും കൃത്യം നടന്ന് ഇരുപത്തിമൂന്നാമത്തെ ദിവസം.

പോലീസിന്റെ പെട്ടെന്നുള്ള നീക്കങ്ങള്‍, മാധ്യമങ്ങളുടെ ജാഗ്രത എന്നിവയ്‌ക്കൊപ്പം ജുഡീഷ്യറിയും ഉണര്‍ന്നപ്പോള്‍ രാജ്യത്തിനാകെ മാതൃകയാകാവുന്ന വിധി വന്നു. പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചാല്‍ വധശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ പോക്‌സോ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിക്കു ശേഷമുള്ള ആദ്യ വിധിയുമാണിത്.

സംഭവം റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ത്തന്നെ ശിവ് സിങ് കുശ്വാഹ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കളക്ടര്‍ നിഷാന്ത് വാര്‍വാഡെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. സമര്‍ഥനായ അഭിഭാഷകന്‍ മുഹമ്മദ് അക്രം ഷെയിഖിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. ആറു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി, ഏഴാമത്തെ ദിവസം കുറ്റപത്രം നല്‍കി. 

പുലര്‍ച്ചെ രണ്ടു മണിക്കാണ് പീഡനവും കൊലപാതകവും നടന്നത്. നവിക് ഗഡ്‌കെയാണ് പ്രതിയെന്നുറപ്പായിരുന്നു. എന്നാല്‍ തെളിവുകള്‍ ശേഖരിക്കലായിരുന്നു വെല്ലുവിളി. സിസിടിവി ദൃശ്യങ്ങള്‍ മുതല്‍ ഡിഎന്‍എ പരിശോധനവരെയുള്ള നടപടികളിലൂടെ അതും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇന്‍സ്‌പെക്ടര്‍ ശിവ് സിങ് കുശ്വാഹ് പറഞ്ഞു. പ്രതി സഞ്ചരിച്ച സൈക്കിളും കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തിലും സംഭവസ്ഥലത്തു കണ്ടെത്തിയ വസ്ത്രത്തിലും കണ്ട രക്തം പ്രതിയുടേതു തന്നെ എന്നുറപ്പിക്കാനുള്ള പരിശോധനകള്‍ സാഗറിലെ സര്‍ക്കാര്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി. 

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ പഴുതുകളില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് അന്വേഷണ സംഘത്തിന്റെ വിജയം. ഒരു ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ഇന്‍ഡോര്‍ ജില്ലാ കോടതി ഈ കേസില്‍ വാദം കേട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 29 സാക്ഷികളുടെ സ്റ്റേറ്റ്‌മെന്റുകള്‍ 11 ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.