യുഎസ് നയതന്ത്ര പ്രതിനിധിയെ രാജ്യം വിടാന്‍ അനുവദിക്കാതെ പാക്കിസ്ഥാന്‍

Monday 14 May 2018 2:45 am IST

ഇസ്ലാമാബാദ്: യുഎസ് നയതന്ത്രജ്ഞനെ രാജ്യംവിടാന്‍ സമ്മതിക്കാതെ പാക്കിസ്ഥാന്‍ അധികൃതര്‍. ഉദ്യോഗസ്ഥനെ കൊണ്ടുപോകാനെത്തിയ അമേരിക്കന്‍ സേനയുടെ വിമാനം പാക് അധികൃതര്‍ സമ്മതിക്കാത്തതിനാല്‍ തിരിച്ചുപോയി. 

പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഏര്‍പ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. 

ഏപ്രില്‍ ഏഴിനുണ്ടായ വാഹനാപകടത്തില്‍ യുഎസ് നയതന്ത്രപ്രതിനിധി കേണല്‍ ജോസഫ് ഇമ്മാനുവല്‍ ഹാളിന്റെ കാറിടിച്ച്  22 വയസുകാരനായ ഡ്രൈവര്‍ മരിച്ചിരുന്നു.

ഹാളിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഹാളിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്നാണു യുഎസ് നിലപാട്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഹാളിനെ വിചാരണ ചെയ്യേണ്ടതില്ലെന്ന് പാക് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും അദ്ദേഹത്തിനു യാത്രാ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ യാത്രാവിലക്കിനെ തള്ളിയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഹാളിനെ കൊണ്ടുപോകാന്‍ വിമാനമയച്ചത്.യുഎസ് നിയമപ്രകാരം പാക്കിസ്ഥാന്‍ പ്രതിനിധികള്‍ അവരെ നിയമച്ചിരിക്കുന്ന സ്ഥലത്തിന്റെ 40 കീ.മി ദൂരപരിധി വിട്ട് പോകരുതെന്ന് നിയന്ത്രണമുണ്ട്. ഇതേ നിയന്ത്രണമാണ് പാക്കിസ്ഥാന്‍ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും ഏര്‍പ്പെടുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.