ഭക്ഷണം മോഷ്ടിച്ചു, പാത്രങ്ങള്‍ തകര്‍ത്തു; ലാലുവിന്റെ മകന്റെ വിവാഹത്തില്‍ ആര്‍ജെഡിക്കാരുടെ ആക്രാന്തം

Monday 14 May 2018 2:43 am IST

പാറ്റ്‌ന: ആനകളും കുതിരകളും ബാന്‍ഡ് മേളവുമൊക്കെയായി ആഘോഷമായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വേറേ. എന്നിട്ടും ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിക്കാര്‍ അവരുടെ സ്വഭാവം കാണിച്ചു. നേതാവിനു കന്നുകാലിയുടെ ആഹാരം മോഷ്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കല്യാണ സ്ഥലത്തു നിന്ന് ഭക്ഷണം കട്ടുകൂടേ എന്ന ഭാവമായിരുന്നു അവര്‍ക്ക്. 

വിശിഷ്ട വ്യക്തികള്‍ക്കായി പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ഇരച്ചു കയറിയ അണികള്‍ അവിടെ നിന്ന് ആവശ്യത്തിനു വിഭവങ്ങള്‍ അകത്താക്കിയ ശേഷം ബാക്കിയുള്ളവ മോഷ്ടിക്കുകയും ചെയ്തു, ഭക്ഷണം മാത്രമല്ല അവ വിളമ്പാന്‍ കൊണ്ടു വന്നിരുന്ന പാത്രങ്ങളും മോഷ്ടിച്ചു. വിഐപികള്‍ക്കായി പ്രത്യേകം തയാറാക്കിയിരുന്ന പന്തല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു തിരിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡിക്കാരുടെ സ്വഭാവത്തിനു മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ന്നു വീണു.

ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവിഹം കഴിച്ചത്. കാലിത്തീറ്റകുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിരുന്നു. തേജും ഐശ്വര്യയും വരണമാല്യങ്ങള്‍ പരസ്പരം അണിയിച്ചതിനു തൊട്ടു പിന്നാലെയാണ് ആര്‍ജെഡിക്കാര്‍ വിഐപി പന്തലിലേക്ക് ഇരച്ചു കയറിത്. പാര്‍ട്ടിയുമായി ബന്ധമുള്ള ചില ലോക്കല്‍ ഗുണ്ടകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെ പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം വിഫലമായി.

ഇതേ പന്തലില്‍ത്തന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നത്. ഈ ഭക്ഷണവും എടുത്തുകൊണ്ടോടി എന്നു മാത്രമല്ല, ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയും മറ്റും കേടുവരുത്തുകയും ചെയ്തു. ഏഴായിരം അതിഥികള്‍ക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്. 

വിഐപി പന്തലില്‍ കൂടുതല്‍ സ്വാദിഷ്ടമായ ഭക്ഷണമാണ് വിളമ്പുന്നതെന്ന് അറിഞ്ഞപ്പോഴാണ് അണികള്‍ രോഷാകുലരായത്. രണ്ടു പന്തലില്‍ രണ്ടു തരം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് അവര്‍ പരാതി പറയുന്നുമുണ്ടായിരുന്നു. വിവാഹത്തിന് എത്തുന്നവരെക്കുറിച്ച് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കിയുന്നവരോടു വിവിധ നേതാക്കള്‍ വിവിധ കണക്കുകളാണ് പറഞ്ഞത്. വിഐപികളും സാധാരണക്കാരുമായി പതിനായിരം പേര്‍ക്ക് ഭക്ഷണം തയാറാക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമ്പതിനായിരം അതിഥികളെ പ്രതീക്ഷിക്കുന്നു എന്നാണ് ആര്‍ജെഡിയുടെ പ്രമുഖ നേതാവ് ശക്തി സിങ് വിവാഹത്തലേന്നു പറഞ്ഞത്. എല്ലാ ജില്ലകളില്‍ നിന്നുമായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് വിഐപി പന്തല്‍ നിറയെ ഭക്ഷണ ചിതറിക്കിടക്കുകയായിരുന്നു. വിലപിടിച്ച പാത്രങ്ങളും മറ്റും എറിഞ്ഞുടച്ച നിലയിലായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.