തപോവനാശ്രമം കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് സമര്‍പ്പിച്ചു

Monday 14 May 2018 2:50 am IST

തിരുവനന്തപുരം: സനാതന ധര്‍മ്മ പ്രചാരണവും ശാസ്ത്ര പഠനവും ലക്ഷ്യമിട്ട് തപോവനാശ്രമ സമര്‍പ്പണം നടന്നു. കരമന കളിയിക്കാവിള പാതയിലെ  പ്രാവച്ചമ്പലം ഇടക്കോട് കളത്തറക്കോണത്ത് പ്രവര്‍ത്തിച്ചിരുന്ന തപോവനാശ്രമമാണ് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് സമര്‍പ്പിച്ചത്. നിരവധി സന്ന്യാസിശ്രേഷ്ഠന്‍മാരുടെ സാന്നിദ്ധ്യത്തില്‍ വിവിധ ചടങ്ങുകളോടെയായിരുന്നു സമര്‍പ്പണം. ആശ്രമാങ്കണത്തില്‍ നടന്ന ഗണപതിഹോമത്തിനു ശേഷം സന്ന്യാസിമാരെയും വിശിഷ്ട വ്യക്തികളെയും സ്വീകരിച്ച് ശോഭായാത്രയായി ആശ്രമത്തിലെത്തിച്ചു. ഉദ്ഘാടന സഭ ശിവഗിരി മഠം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് ശ്രീനാരായണഗുരു പറഞ്ഞിട്ടുള്ളതെന്നും ആരാധനയില്‍ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലെന്നും സ്വാമി പറഞ്ഞു. 

വെള്ളിമല ശ്രീ വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ അധ്യക്ഷനായി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ആമുഖ പ്രഭാഷണവും മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണവും നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്.രമേശന്‍, വിവേകാനന്ദ കേന്ദ്രം ജീവന്‍ പ്രതികാര്യകര്‍ത്ത ബി.രാധാദേവി, കൊളത്തറക്കോണം ദേവീക്ഷേത്രം അധ്യക്ഷന്‍ തകിടി അപ്പുക്കുട്ടന്‍, സ്വാമിമാരായ സമ്പൂര്‍ണ്ണാനന്ദ, യോഗവ്രതാനന്ദ, അംബികാനന്ദ, സുകുമാരാനന്ദ, സംഘാടകസമിതി അധ്യക്ഷന്‍ കെ.ജി തങ്കപ്പന്‍, വി.ശിവശങ്കരപിള്ള എന്നിവര്‍ സംസാരിച്ചു. 

ബ്രഹ്മനിഷ്ഠരായ സന്ന്യാസിവര്യരെ പൂജിക്കുന്ന യതിപൂജ, കലാ-സാംസ്‌കാരിക പരിപാടികള്‍, സത്‌സംഗം എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു. സമാധിയടഞ്ഞ മുരളീധരനാന്ദ സ്ഥാപിച്ച, കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി തിരുവനന്തപുരത്ത് മൂക്കുന്നിമലയ്ക്ക് സമീപം പ്രവര്‍ത്തിച്ചു വന്ന  തപോവനാശ്രമമാണ് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന് കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.