തെക്കേ അമേരിക്കയില്‍ ചരിത്രം

Monday 14 May 2018 3:15 am IST

ഫുട്‌ബോളിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബ്രസീലിലാണ് 2014-ലെ 20-ാം ലോകകപ്പ് അരങ്ങേറിയത്.  ജൂണ്‍ 12 മുതല്‍ ജൂലൈ 13 വരെയായിരുന്നു ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരം സാവോപോളോയിലും ഫൈനല്‍ ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയത്തിലുമാണ് അരങ്ങേറിയത്. ഫൈനലില്‍ അര്‍ജന്റീനയെ 1-0ന് പരാജയപ്പെടുത്തി ജര്‍മ്മനി ചാമ്പ്യന്മാരായി.

1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ്—ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീല്‍. മെക്‌സിക്കോ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയാണ് മറ്റു  രാജ്യങ്ങള്‍. 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയില്‍ ലോകകപ്പ് എത്തിയത്.  ചരിത്രത്തിലാദ്യമായിട്ടായിരുന്നു യൂറോപ്പിന് പുറത്ത് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ നടന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയായിരുന്നു ആതിഥേയര്‍. ലോകകപ്പ് മത്സരങ്ങളില്‍ ആദ്യമായി ഗോള്‍ ലൈന്‍ സാങ്കേതികവിദ്യ, ഫ്രീ കിക്കിനായി അപ്രത്യക്ഷമാകുന്ന പത എന്നിവ ഉപയോഗിക്കപ്പെട്ടു.

1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിലെ എല്ലാ ജേതാക്കളും (ബ്രസീല്‍, ഇറ്റലി, ജര്‍മനി, ഉറുഗ്വെ, അര്‍ജന്റീന, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്) ബ്രസീലിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. തെക്കേ അമേരിക്കയില്‍ മുന്‍പു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയില്‍ നിന്നുള്ള ടീമുകളാണ് ജേതാക്കളായതെങ്കിലും, 2014-ല്‍ അര്‍ജന്റീനയെ ഫൈനലില്‍ തോല്‍പ്പിച്ച ജര്‍മ്മനി തെക്കേ അമേരിക്കയില്‍ നടന്ന ലോകകപ്പ്— നേടുന്ന ആദ്യ യൂറോപ്പ്യന്‍ ടീം ആയി.

 203 രാജ്യങ്ങളാണ് ലോകകപ്പ് യോഗ്യതക്കായി മത്സരിച്ചത്. ആകെ നടന്നത് 820 മത്സരങ്ങളും പിറന്നത് 2303 ഗോളുകളും. ആതിഥേയരായ ബ്രസീല്‍ നേരിട്ട് യോഗ്യത നേടി .

തെക്കേ അമേരിക്കയില്‍ നിന്ന് അര്‍ജന്റീന, ചിലി, കൊളംബിയ, ഇക്വഡോര്‍, ഉറുഗ്വെ, വടക്കേ അമേരിക്കയില്‍നിന്ന് കോസ്റ്റിക്ക, മെക്‌സിക്കോ, ഹോണ്ടുറാസ്, അമേരിക്ക, ഏഷ്യയില്‍ നിന്ന് ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ആഫ്രിക്കയില്‍ നിന്ന് അള്‍ജീരിയ, കാമറൂണ്‍, ഘാന, ഐവറി കോസ്റ്റ്, നൈജീരിയ, യൂറോപ്പില്‍നിന്ന് ബെല്‍ജിയം, ബോസ്‌നിയ-ഹെര്‍സഗോവിന, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഗ്രീസ്, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, റഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളും ബ്രസീല്‍ ടിക്കറ്റ് സ്വന്തമാക്കി. ഇതില്‍ ബോസ്‌നിയ ഹെര്‍സഗോവിനയുടെ ആദ്യ ലോകകപ്പായിരുന്നു ഇത്.

ഈ ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരച്ചാണ് ആദ്യ റൗണ്ട് നടന്നത്.  64 മത്സരങ്ങളാണ്  നടന്നത്. രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 171 ഗോളുകളും പിറന്നു. ജര്‍മ്മനിയുടെ തോമസ് മുള്ളറും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷെര്‍ദാന്‍ ഷാക്കീരിയുമാണ് ഹാട്രിക്ക് നേടിയത്.  ബ്രസീല്‍, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ചിലി, കൊളംബിയ, ഗ്രീസ്, കോസ്റ്ററിക്ക, ഉറുഗ്വെ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, അര്‍ജന്റീന, നൈജീരിയ, ജര്‍മ്മനി, അമേരിക്ക,  ബല്‍ജിയം, അള്‍ജീരിയ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍, മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 

പ്രീ ക്വാര്‍ട്ടറില്‍ ജയിച്ച് ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, കൊളംബിയ, അര്‍ജന്റീന, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, കോസ്റ്ററിക്ക ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ജര്‍മ്മനി 1-0ന് ഫ്രാന്‍സിനെയും ബ്രസീല്‍ 2-1ന് കൊളംബിയയെയും അര്‍ജന്റീന 1-0ന് ബെല്‍ജിയത്തേയും നെതര്‍ലന്‍ഡ്‌സ് ഷൂട്ടൗട്ടില്‍ 4-3ന് കോസ്റ്ററിക്കയെയും പരാജയപ്പെടുത്തി സെമിയിലെത്തി. കൊളംബിയക്കെതിരായ മത്സരത്തിനിടെയാണ് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ക്ക് എതിര്‍താരത്തിന്റെ ചവിട്ടേറ്റ്  പുറത്തുപോകേണ്ടിവന്നത്. നെയ്മറുടെ അഭാവം ബ്രസീലിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിഴലിക്കുകയും ചെയ്തു. സെമിയില്‍ ജര്‍മ്മനിയായിരുന്നു ബ്രസീലിന്റെ എതിരാളികള്‍.  ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി തകര്‍ത്തുവിട്ടത്. ലോകഫുട്‌ബോളില്‍ ബ്രസീലിന്റെ ഏറ്റവും ദയനീയ പരാജയം.  രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-4ന് പരാജയപ്പെടുത്തി അര്‍ജന്റീനയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. 1990ലെ ലോകകപ്പിനുശേഷം അര്‍ജന്റീനയും ജര്‍മ്മനിയും നേര്‍ക്കുനേര്‍വന്ന ആദ്യ ഫൈനലായി ഇത്.

ജൂലൈ 13ന് മാരക്കാന സ്‌റ്റേഡിയത്തില്‍  75,000ത്തോളം കണികളെ സാക്ഷിയാക്കി  ജര്‍മ്മനി കിരീടം ഉയര്‍ത്തി. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനില പാലിച്ചു. അധികസമയത്തേക്ക് നീണ്ട കളിയുടെ 113-ാം മിനിറ്റില്‍ മരിയോ ഗോട്‌സെ നേടിയ ഏക ഗോളിനായിരുന്നു ജര്‍മ്മനിയുടെ കിരീടധാരണം. ലോകകപ്പിന്റെ ചരിത്രത്തില്‍ ജര്‍മ്മനിയുടെ നാലാം കിരീടമായി ഇത്.

കൊളംബിയയുടെ യുവതാരം ജെയിംസ് റോഡ്രിഗസ് ആറ് ഗോളുകളുമായി ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം സ്വന്തമാക്കി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു കൊളംബിയന്‍ സ്‌ട്രൈക്കര്‍ ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം നേടുന്നത്. 5 ഗോളുകള്‍ നേടിയ ജര്‍മ്മനിയുടെ തോമസ് മുള്ളര്‍ രണ്ടാമത്തെ ടോപ്‌സ്‌കോററുമായി. മികച്ച കളിക്കാരനുള്ള സുവര്‍ണ്ണ പന്ത് അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയും നേടി. മികച്ച ഗോള്‍ കീപ്പറായി ജര്‍മ്മനിയുടെ മാനുവല്‍ ന്യുയറും യുവതാരമായി ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയും നേടി. ഫെയര്‍ പ്ലേ അവാര്‍ഡ് കൊളംബിയ സ്വന്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.