റായിഡുവിന് സെഞ്ചുറി; ചെന്നൈ പ്ലേ ഓഫില്‍

Monday 14 May 2018 3:24 am IST

പൂനെ: ഓപ്പണര്‍ അമ്പാട്ടി റായിഡുവിന്റെ മിന്നും സെഞ്ചുറിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തിളക്കം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് അവര്‍ പ്ലേഓഫില്‍  കടന്നു. അടിച്ചു തകര്‍ത്ത റായ്ഡു 100 റണ്‍സുമായി അജയ്യനായി നിന്നു.  ഐപിഎല്ലില്‍ റായിഡുവിന്റെ കന്നി സെഞ്ചുറിയാണിത്.

സണ്‍റൈസേഴ്‌സ് മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. 62 പന്ത് നേരിട്ട റായ്ഡു ഏഴു ഫോറും അത്രയും തന്നെ സിക്‌സറും അടിച്ചു. റായിഡുവാണ് കളിയിലെ താരം. വിജയ റണ്‍ നേടിയ ക്യാപ്റ്റന്‍ ധോണി 20 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

പന്ത്രണ്ട് മത്സരങ്ങളില്‍ ചെന്നൈയുടെ എട്ടാം വിജയമാണിത്. ഇതോടെ അവര്‍ക്ക് പതിനാറ് പോയിന്റായി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയ  സണ്‍റൈസേഴ്‌സ് പന്ത്രണ്ട് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.   

ബാറ്റിങ്ങിനയക്കപ്പെട്ട സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസ് ശിഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 179 റണ്‍സ് നേടി. ധവാന്‍ 49 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 79 റണ്‍സ് നേടി. വില്ല്യംസണ്‍ 39 പന്തില്‍ അഞ്ചുഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 51 റണ്‍സും കുറിച്ചു.

വിജയം പിടിക്കാനായി കളത്തിലിറങ്ങിയ ചെന്നൈക്കായി ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്ടസണും അമ്പാട്ടി റായിഡുവും അടിയുടെ പൂരം തീര്‍ത്തു. ആദ്യ വിക്കറ്റില്‍ ഇവര്‍ 134 റണ്‍സാണ് അടിച്ചുകൂട്ടിയത്. മകിച്ച ഫോമില്‍ കളിച്ച വാട്‌സണ്‍ 57 റണ്‍സിന് റണ്‍ ഔട്ടായി. 35 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും അടിച്ചു.

പിന്നീട് ഇറങ്ങിയ റെയ്‌ന ആവേഗത്തില്‍ മടങ്ങി. മൂന്ന് പന്ത് നേരിട്ട റെയ്‌നയുടെ സമ്പാദ്യം രണ്ട് റണ്‍സ്. തുടര്‍ന്നെത്തിയ ധോണി, റായിഡുവിനൊപ്പം നിന്ന് പൊരുതി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യം ബാറ്റ്് ചെയ്ത സണ്‍റൈസേഴ്‌സിന്റെ തുടക്കം മോശമായി. രണ്ട് റണ്‍സിന് ഓപ്പണര്‍ ഹെയ്ല്‍സ് വീണു. പക്ഷെ ധവാനും വില്ല്യംസണും പിടിച്ചു നിന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 123 റണ്‍സ് കൂട്ടിചേര്‍ത്തു.

ഹൂഡ 11 പന്തില്‍ 21 റണ്‍സും നേടിയതോടെ അവരുടെ സ്‌കോര്‍ 20 ഓവറില്‍ 179 റണ്‍സിലെത്തി. 

സ്‌കോര്‍: സണ്‍റൈസേഴ്‌സ്: 20 ഓവറില്‍ നാലിന് 179 ( ധവാന്‍ 79, വില്ല്യംസണ്‍ 51, ഹൂഡ 21), ചെന്നൈ: 19 ഓവറില്‍ രണ്ട് വിക്കറ്റിന് 180 ( വാട്‌സന്‍ 57, റായിഡു 100 നോട്ടൗട്ട്, ധോണി 20 നോട്ടൗട്ട്്)

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.