കര്‍ദ്ദിനാളിന് രക്ഷയില്ല; ഇടവകകള്‍ ഇടയുന്നു

Monday 14 May 2018 3:47 am IST
ഭൂമി കുംഭകോണം, ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന എന്നിവ കാട്ടിയ കര്‍ദ്ദിനാള്‍ സ്ഥാനം രാജിവെക്കണമെന്നാണ് ഇടവകവിശ്വാസികളുടെ ആവശ്യം. കര്‍ദ്ദിനാള്‍ രൂപതുയമായി ബന്ധപ്പെട്ട് പരിപാടികള്‍ക്കെത്തുകയാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് വിശ്വാസികള്‍ പുരോഹിതരെ അറിയിച്ചു കഴിഞ്ഞു. കര്‍ദ്ദിനാളിനെ കരിങ്കൊടി കാട്ടാനും പദ്ധതിയിടുന്നുണ്ട്.

കൊച്ചി: ദരിദ്രകുടുംബത്തിന് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ച ഭൂമിയും വീടും മറിച്ചുവിറ്റ സംഭവം വിവാദമായതോട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലനില്‍പ്പ് ഭീഷണിയില്‍. കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ പുരോഹിതര്‍ തീരുമാനിച്ചതിന് പിന്നാലെ, ബഹിഷ്‌കരണ ഭീഷണിയുമായി ഇടവകകളിലെ വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചാരണങ്ങളും തുടങ്ങി. 

ഭൂമി കുംഭകോണം, ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന എന്നിവ കാട്ടിയ കര്‍ദ്ദിനാള്‍ സ്ഥാനം രാജിവെക്കണമെന്നാണ് ഇടവകവിശ്വാസികളുടെ ആവശ്യം. കര്‍ദ്ദിനാള്‍ രൂപതുയമായി ബന്ധപ്പെട്ട് പരിപാടികള്‍ക്കെത്തുകയാണെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് വിശ്വാസികള്‍ പുരോഹിതരെ അറിയിച്ചു കഴിഞ്ഞു. കര്‍ദ്ദിനാളിനെ കരിങ്കൊടി കാട്ടാനും പദ്ധതിയിടുന്നുണ്ട്. അതിരൂപതയിലെ വിശ്വാസികളായ ദരിദ്ര കുടുംബങ്ങളെ അപമാനിക്കുന്നതാണ് പുതിയ ഭൂമി വിവാദമെന്നാണ് ആക്ഷേപം ഉയരുന്നത്. 

ദരിദ്ര കുടുംബത്തിന് നല്‍കാനായി നീക്കി വെച്ച കാക്കനാടുള്ള ആറു സെന്റ് ഭൂമിയും വീടുമാണ് 22.5 ലക്ഷം രൂപയ്ക്ക് കര്‍ദ്ദിനാളിന്റെ തന്നെ ബന്ധുവിന് കൈമാറിയിട്ടുള്ളതെന്നാണ് പുറത്തുവന്ന രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ആലഞ്ചേരി കുടുംബത്തില്‍പ്പെട്ട ഫിലിപ്പോസ്, ജയിംസ് എന്നിവരുടെ പേരിലാണ് അതിരൂപത ആദ്യം ഭൂമി നല്‍കിയത്. 1966 ലായിരുന്നു ഇത്. ഈ ഭൂമി 2016 സപ്തംബറില്‍ ആലഞ്ചേരി കുടുംബത്തില്‍പ്പെട്ട ജന്‍സണ്‍ ജയിംസിന് നല്‍കിയതായാണ് പുതിയ രേഖ. ആദ്യം ഭൂമി നല്‍കിയത് അര്‍ഹരായ ദരിദ്രകുടുംബത്തിന് തന്നെയാണെന്നും ഇവരാണ് ഇപ്പോള്‍ ഭൂമി വിറ്റതെന്നുമാണ് ആലഞ്ചേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, രണ്ടാമത് നടന്ന ഇടപാടിലും ആലഞ്ചേരി ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിന് പിന്നില്‍ കര്‍ദ്ദിനാള്‍ തന്നെയാണെന്നാണ് ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി കുറ്റപ്പെടുത്തുന്നത്. 

കര്‍ദ്ദിനാള്‍ നേരത്തെ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം പോലീസിനെക്കൊണ്ട് നടത്തിക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി. ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോള്‍ ദരിദ്ര കുടുംബങ്ങളുടെ ഭൂമി വിറ്റ സംഭവം കൂടി ഉയര്‍ത്തിക്കാട്ടാനാണ് പുരോഹിതരുടെ ശ്രമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.