കേരളത്തില്‍ അരക്ഷിതാവസ്ഥ; കേന്ദ്രം ഇടപെടണം: കുമ്മനം

Monday 14 May 2018 3:57 am IST

ന്യൂദല്‍ഹി: കേരളത്തില്‍ സ്ത്രീകളും കുട്ടികളും നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും കേന്ദ്ര സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കൈയിലെടുത്ത് സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം തകര്‍ന്നു. ജീവനും സ്വത്തിനും സുരക്ഷയില്ലാതായി. പോലീസ് നിരുത്തരവാദപരമായാണ് പെരുമാറുന്നത്. 

മലപ്പുറത്ത് തീയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. സിപിഎമ്മുകാരുടെ ആക്രമണത്തിനിരയായി ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജ്യോത്സ്‌ന ഭീഷണി കാരണം അഭയാര്‍ത്ഥിയെപ്പോലെ അലയുകയാണ്. സിപിഎമ്മിന് വേണ്ടി ഇതരരാഷ്ട്രീയ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന പണിയാണ് പോലീസ് ചെയ്യുന്നത്. രാഷ്ട്രീയം നോക്കിയാണ് ഇരകളെ മുഖ്യമന്ത്രിയും പോലീസും പരിഗണിക്കുന്നത്. ഇരകളില്‍ ഇഷ്ടക്കാരെ മാത്രം തെരഞ്ഞുപിടിച്ച് സന്ദര്‍ശിക്കുകയാണ് മുഖ്യമന്ത്രി. പാര്‍ട്ടി നേതാവിനെപ്പോലെയല്ല മുഖ്യമന്ത്രി പെരുമാറേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുക്കുന്നത്. ബാലികാ പീഡനത്തിന് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ ആദ്യം എതിര്‍ത്തത് സിപിഎമ്മാണ്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ധാരണയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയെ തോല്‍പ്പിക്കാന്‍ സഹകരണമാകാമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.  ആ കൂട്ടുകെട്ടിന്റെ പരീക്ഷണശാലയാണ് ചെങ്ങന്നൂര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് സിപിഎം സ്ഥാനാര്‍ത്ഥി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.