ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം; പതിമൂന്നു മരണം

Monday 14 May 2018 4:01 am IST

ജക്കാര്‍ത്ത:  ഇന്തോനേഷ്യയിലെ സുരബയയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13  പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.  അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെ ആറംഗ സംഘമാണ് ചാവേറാക്രമണം നടത്തിയത്. ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കു നേരെയായിരുന്നു ആക്രമണം. പ്രാദേശിക സമയം രാവിലെ 7.30 നായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് പത്തു മിനിറ്റിനകം മറ്റു പള്ളികളിലും സ്‌ഫോടനമുണ്ടായി. 

അച്ഛന്‍  കാര്‍ ബോംബ് സ്‌ഫോടനത്തിലൂടെയും 18 , 16 വയസ്സുള്ള മോട്ടോര്‍ സൈക്കിള്‍ സ്‌ഫോടനത്തിലൂടെയും ദൗത്യം പൂര്‍ത്തിയാക്കി. അമ്മയും 12  ഉം 9  ഉം വയസുള്ള പെണ്‍മക്കളും ചേര്‍ന്നായിരുന്നു മൂന്നാമത്തെ ആക്രമണം. 

ചാവേറായ സ്ത്രീയുടെ കൈയില്‍ രണ്ടു വലിയ ബാഗുകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.അവരെ പള്ളിമുറ്റത്ത് വെച്ച് അധികൃതര്‍ തടഞ്ഞെങ്കിലും അത് അവഗണിച്ച് തള്ളിക്കയറുകയായിരുന്നു. അടുത്ത നിമിഷം പള്ളിയിലുണ്ടായിരുന്നവരിലൊരാളെ അവര്‍ ആശ്ലേഷിച്ചു. സെക്കഡുകള്‍ക്കുള്ളില്‍ സ്‌ഫോടനം നടന്നു. സിറിയയിലെ  ഐഎസ് ക്യാമ്പില്‍ നിന്ന്  തിരികെ ഇന്തോനേഷ്യയിലേക്ക് മടങ്ങിയവരാണ് സ്‌ഫോടനം നടത്തിയ കുടുംബം.  

ആദ്യ ആക്രമണമുണ്ടായത് നാലു പേര്‍ കൊല്ലപ്പെട്ട സാന്റ മരിയ കാത്തലിക് പള്ളിയിലാണെന്ന് പോലീസ് വക്താവ് ഫ്രാന്‍സ് മറുങ്ങ് മങ്കേര പറഞ്ഞു.  അടുത്ത സ്‌ഫോടനം  ഡിപോനോ ഗോറെയിലെ പള്ളിയിലായിരുന്നു.  മൂന്നാമത്തെ സ്‌ഫോടനം നടന്നത് നഗരത്തിലെ പെന്തക്കൊസ്ത് പള്ളിയില്‍. പള്ളികള്‍  ആക്രമിക്കപ്പെടുന്നതിന്റെ ദൃശങ്ങളോരോന്നും പുറത്തു വന്നിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.