ചിദംബരത്തിന് 14 രാജ്യങ്ങളില്‍ ബാങ്ക് നിക്ഷേപം; കാത്തിരിക്കുന്നത് നവാസ് ഷെരീഫിന്റെ അവസ്ഥ

Monday 14 May 2018 4:04 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനും കുടുംബത്തിനും 14 വിദേശരാജ്യങ്ങളില്‍ 21 ബാങ്ക് അക്കൗണ്ടുകളിലായി മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. നിക്ഷേപ വിവരങ്ങള്‍ ചിദംബരം ആദായനികുതി വകുപ്പില്‍നിന്നും മറച്ചുവെച്ചു. കള്ളപ്പണത്തിനെതിരായ നിയമത്തിന്റെ ലംഘനമാണിത്. പാക്കിസ്ഥാനിലെ നവാസ് ഷെരീഫിന്റെ അവസ്ഥയാകും ചിദംബരത്തിനെന്നും നിര്‍മ്മല മുന്നറിയിപ്പ് നല്‍കി. വിദേശ നിക്ഷേപം വെളിപ്പെടുത്താത്തതിന് ഷെരീഫിനെ പാക്കിസ്ഥാന്‍ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു. 

ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലെ സ്വത്ത് വെളിപ്പെടുത്താത്തിന് കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കെതിരെ ചെന്നൈയില്‍ ആദായനികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയിലുള്‍പ്പെടെ പലയിടത്തും ചിദംബരത്തിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ട്. ആദായ നികുതി വകുപ്പ് പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറാന്‍ തയാറായിട്ടില്ല. ഇത്  കള്ളപ്പണത്തിനെതിരായ നിയമത്തിന്റെ ലംഘനമാണ്. ബിജെപിക്കാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞുനടക്കുന്ന രാഹുല്‍ ഗാന്ധി സ്വന്തം നേതാവിനെതിരായ കേസ് അന്വേഷിക്കാന്‍ തയ്യാറാകുമോയെന്നും അവര്‍ ചോദിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാഹുല്‍ ജാമ്യത്തിലാണെന്നും നിര്‍മ്മല ഓര്‍മ്മപ്പെടുത്തി. 

മുംബൈ ഭീകരാക്രമണത്തിന് ഭീകരരെ അയച്ചതിന് പിന്നില്‍ പാകിസ്ഥാനാണെന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസ്താവന ഗൗരവകരമാണ്. പാക് ഭീകരരാണ് അക്രമത്തിന് പിന്നിലെന്നും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണ ഭീകരര്‍ക്ക് ഉണ്ടെന്നുമുള്ള ഇന്ത്യയുടെ നിലപാട് ശരിവക്കുന്നതാണ് ഷെരീഫിന്റെ പ്രസ്താവന. രാജ്യസുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും കശ്മീരിലെ വിഘടനവാദികളെ നേരിടുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.