നടന്‍ കലാശാല ബാബുവിന് അന്ത്യാഞ്ജലി

Monday 14 May 2018 8:03 am IST
1977ല്‍ പുറത്തിറങ്ങിയ 'ഇണയെ തേടി' എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

കൊച്ചി: ഞായറാഴ്ച രാത്രിയില്‍ അന്തരിച്ച സിനിമ-സീരിയല്‍-നാടക നടന്‍ കലാശാല ബാബു (68)വിന്  അന്ത്യാഞ്ജലി. വിവിധ തുറകളിലുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടേയും കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടേയും മൂന്നാമത്തെ മകനാണ്. തൃപ്പൂണിത്തുറ എസ്.എന്‍ ജംങ്ഷന് അടുത്ത് റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം.

എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. ് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ. മാധവന്റെയും കെ.ടി. മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. 

ജോണ്‍ പോളിന്റെ 'ഇണയെത്തേടി' (1977) എന്ന സിനിമയിലൂടെയാണ് ചലചിത്രരംഗത്ത് എത്തിയത്. അരങ്ങേറ്റം വിജയകരമല്ലാത്തതിനാല്‍ നാടകത്തിലേക്കു മടങ്ങി. പിന്നീട്, തൃപ്പൂണിത്തുറയില്‍ 'കലാശാല' എന്ന നാടക ട്രൂപ്പ് ആരംഭിച്ചു. നാടക കമ്പനിയുടെ പേര് പിന്നീട് സ്വന്തം പേരിനോടൊപ്പം ചേര്‍ത്തു. തിലകന്‍, സുരാസു, പി.ജെ. ആന്റണി, ശ്രീമൂല നഗരം വിജയന്‍, എന്‍.എന്‍. പിള്ള തുടങ്ങിയ മലയാള നാടക വേദിയിലെ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്തെ മറ്റൊരു പ്രധാന നാടക കമ്പനിയായ ചാലക്കുടി സാരഥിയിലും ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ഇദ്ദേഹം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വില്ലന്‍ വേഷങ്ങളായിരുന്നു അധികവും. ലളിതയാണ് ഭാര്യ. മക്കള്‍: ശ്രീദേവി(അമേരിക്ക), വിശ്വനാഥന്‍(അയര്‍ലണ്ട്). മരുമകന്‍: ദീപു(കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക). സഹോദരങ്ങള്‍: ശ്രീദേവി രാജന്‍ (നൃത്തക്ഷേത്ര, എറണാകുളം), കലാ വിജയന്‍ (കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍. ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് 4മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.