ഡോ. ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

Monday 14 May 2018 11:42 am IST
പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന 'ടാക്കിയോണുകള്‍' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ കണ്ടെത്തിയതിലൂടെ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയ വ്യക്തിയാണ് സുദര്‍ശന്‍. വൈദ്യനാഥ് മിശ്രയുമൊരുമിച്ച് സുദര്‍ശന്‍ നടത്തിയ കണ്ടെത്തലാണ് ക്വാണ്ടം സീനോ ഇഫക്ട്.

തിരുവനന്തപുരം: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ.ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

1931 സെപ്റ്റംബര്‍ 16ന് കോട്ടയത്തെ പള്ളത്ത് ആണ് സുദര്‍ശനന്‍ ജനിച്ചത്. കോട്ടയം പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മയുടെയും മകനാണ്. എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശന്‍ എന്നാണ് മുഴുവന്‍ പേര്.

കോട്ടയം സിഎംഎസ് കോളേജിലെ പഠനത്തിനു ശേഷം 1951ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഓണേഴ്സ് ബിരുദം നേടി. ഇതിനു ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1958ല്‍ ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്.

പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന 'ടാക്കിയോണുകള്‍' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ കണ്ടെത്തിയതിലൂടെ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയ വ്യക്തിയാണ് സുദര്‍ശന്‍. വൈദ്യനാഥ് മിശ്രയുമൊരുമിച്ച് സുദര്‍ശന്‍ നടത്തിയ കണ്ടെത്തലാണ് ക്വാണ്ടം സീനോ ഇഫക്ട്. ഒന്‍പതു തവണയാണ് ഇദ്ദേഹത്തിന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത്. എന്നാല്‍ പല തവണയും നിസാര കാരണം പറഞ്ഞ് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. പല തവണയും സുദര്‍ശന്‍ നേരിട്ട് ഇതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, റോചെസ്റ്റര്‍ സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ്, സിറാക്കസ് സര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് തുടങ്ങി നിരവധി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.