സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ പ്രതി

Monday 14 May 2018 2:08 pm IST

ന്യൂദല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹി പട്യാല കേടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡന നിയപ്രകാരമുള്ള വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തരൂരിനെതിരെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

2014 ജനുവരി 17നാണ് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുളിക അമിതമായ തോതില്‍ കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്നായിരുന്നു നേരത്തെയുള്ള നിഗമനം.

എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷം ഉള്ളില്‍ ചെന്നുള്ള അസ്വാഭാവിക മരണം എന്നാണ് ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഡിസംബര്‍ 29ന് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. 

 സുനന്ദ പുഷ്‌കറിന്റെ മരണം രാജ്യത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതിന് തെളിവുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി എംപി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുബ്രഹ്മണ്യം സ്വാമി കത്തയക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.