വോട്ടെണ്ണല്‍ തുടങ്ങി ബിജെപിക്ക് മേല്‍ക്കൈ

Tuesday 15 May 2018 8:35 am IST

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. 61 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ജെ.ഡി‌എസ് 23 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. 17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നില്‍ നില്‍ക്കുന്നു.  ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നിലാണ്. രാമനഗരിയില്‍ കുമാരസ്വാമി മുന്നിട്ട് നില്‍ക്കുന്നു. 

ലിംഗായത്ത് മേഖലകളിലും തീരദേശ കര്‍ണാടകത്തിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. അതേസമയം ഹൈദരാബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. മൈസുരുവില്‍ ജെ‌ഡി‌എസിനാണ് ലീഡ്. മൊളകാല്‍മുരുവിലും ബാദാമിയിലും ശ്രീരാമലു മുന്നിട്ട് നില്‍ക്കുന്നു. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിയത്. 2,65,731 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്‌തെങ്കിലും ഇന്നലെ വൈകിട്ട് വരെ അന്‍പത് ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നുമണിയോടെ കര്‍ണാടകം ആരു ഭരിക്കുമെന്ന ചിത്രം വ്യക്തമാകും. ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് ഇക്കുറി സംസ്ഥാനത്ത് രേഖപ്പെടുത്തിയത്-72.36. 1978ല്‍ മാത്രമാണ് ഇതിന് മുന്‍പ് ഉയര്‍ന്ന പോളിങ്-71.90ശതമാനം. 2013ല്‍ 71.45 ശതമാനവും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 67.20 ശതമാനവുമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. 

71 മണ്ഡലങ്ങളില്‍ 80 ശതമാനത്തിന് മുകളിലും 80 മണ്ഡലങ്ങളില്‍ 70 ശതമാനത്തിനു മുകളിലും പോളിങ് നടന്നു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ഹൊസ്‌കോട്ട-89.97. കുറവ് ദാസറഹള്ളി-48.03. ബെംഗളൂരു സിറ്റിയിലെ 28 മണ്ഡലങ്ങളില്‍ 48-60 ശതമാനം പോളിങ് മാത്രമാണ് നടന്നത്. ഗ്രാമ പ്രദേശങ്ങളിലാണ് പോളിങ് വര്‍ധിച്ചത്. 

വോട്ടിങ് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോണ്‍ഗ്രസും. തൂക്കുമന്ത്രിസഭ വന്നാല്‍ നിര്‍ണായ ശക്തിയാകാമെന്നാണ് ജെഡിഎസ്സിന്റെ കണക്കു കൂട്ടല്‍. സ്വതന്ത്രര്‍ ഉള്‍പ്പെടെ 2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപ്പുരയിലും മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി, ബാദാമി മണ്ഡലങ്ങളിലും ജെഡിഎസ് നേതാവ് കുമാരസ്വാമി രാമനഗരയിലും ചന്നപട്ടണത്തിലുമാണ് ജനവിധിതേടിയത്. ബാദാമിയില്‍ ബിജെപി നേതാവ് ബി. ശ്രീരാമലുവാണ് സിദ്ധരാമയ്യയെ നേരിടുന്നത്. 

മുംബൈ കര്‍ണാടക, തിരദേശമേഖല, മധ്യമേഖല, ബെംഗളൂരു മേഖലകളില്‍ മികച്ച നേട്ടമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് കര്‍ണാടക, ദക്ഷണ കര്‍ണാടകം, തീരദേശ മേഖലയിലുമാണ് കോണ്‍ഗ്രസ് മുന്നേറ്റം അവകാശപ്പെടുന്നത്. ദക്ഷിണ, മധ്യ കര്‍ണാടകത്തിലാണ് ജെഡിയു പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. 

224 മണ്ഡലങ്ങളാണുള്ളത്. ജയനഗറിലും ആര്‍.ആര്‍. നഗറിലും തെരഞ്ഞെടുപ്പ് നടന്നില്ല. ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയാനഗറിലെ തെരഞ്ഞെടുപ്പ് മാറ്റിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌നയുടെ അനുയായുടെ ഫ്‌ളാറ്റില്‍ അനധികൃതമായി സൂക്ഷിച്ച പതിനായിത്തോളം വോട്ട് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ആര്‍.ആര്‍. നഗറിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. ആര്‍.ആര്‍. നഗറില്‍ 28ന് വോട്ടെടുപ്പ് നടക്കും. 31ന് വോട്ടെണ്ണും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.