പ്രഥിതഃപുരുഷോത്തമഃ

Tuesday 15 May 2018 2:58 am IST

ഭഗവാന്‍ പറയുന്നത്, വേദങ്ങളിലും പുരാണേതിഹാസങ്ങളിലും ധര്‍മ്മശാസ്ത്രങ്ങളിലും എന്നെ പുരുഷോത്തമനായി പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നാണ്. പുരുഷോത്തമ തത്വത്തിന്റെ, വിശദീകരണങ്ങളായ-പരമാത്മാവ്, അന്തര്യാമി, ത്രൈലോക്യത്തിന്റെ നാഥന്‍, ഈശ്വരന്‍ എന്നീ നാമങ്ങളിലൂടെയും പുരുഷോത്തമന്‍ എന്ന നാമം പ്രയോഗിച്ചും സാഹിത്യ കൃതികളിലും ഭഗവാനെ വാഴ്ത്തിയിട്ടുണ്ട് എന്ന്  നാം മനസ്സിലാക്കണം. ശ്രീശുക ബ്രഹ്മര്‍ഷി പുരുഷോത്തമത്വം എല്ലാ തരത്തിലും ഉള്‍ക്കൊള്ളുന്ന ശ്ലോകം ചൊല്ലി നമസ്‌കരിച്ചത് നമുക്കും ഏറ്റു ചൊല്ലാം.-

നമഃ പരസ്‌മൈ പുരുഷായ ഭൂയസേ

സദുദ്ഭവസ്ഥാനനിരോധലീലയാ

ഗൃഹീതശക്തിത്രിതയായ ദേഹിനാം

അന്തര്‍ഭവായാനുപലക്ഷ്യവര്‍ത്മനേ.

(ഭാഗ-2-4-12)

(1) (=പരസ്‌മൈ പുരുഷായ നമഃ- (പുരുഷോത്തമന് നമസ്‌കാരം)

(2) സദുദ്ഭവസ്ഥാന നിരോധലീലയാ-

ഗൃഹീത ശക്തിത്രിതയായ - (പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാര ലീല നടത്തുവാന്‍ വേണ്ടി ബ്രഹ്മ -വിഷ്ണു-മഹേശ്വരന്മാരുടെ രൂപം ധരിച്ചവന് നമസ്‌കാരം.

(അക്ഷര പുരുഷന്മാര്‍ക്കും അതീതനാണ്)

(3) ദേഹിനാം അന്തര്‍ഭവായ നമഃ (ശരീരം ധരിച്ച എല്ലാത്തരം ജീവാത്മാക്കളുടെ ഹൃദയത്തില്‍ ശോഭിക്കുന്ന പരമാത്മാവിന് നമസ്‌കാരം)

(4) അനുപലക്ഷ്യവര്‍ത്മനേ നമഃ (=ക്ഷരാക്ഷരപുരുഷന്മാര്‍ക്കും ഇതര ദേവീ ദേവന്മാര്‍ക്കും എത്തിച്ചേരാനോ, കാണാനോ കഴിയാത്ത ഒരു മാര്‍ഗത്തിലൂടെയാണ് ഭഗവത് പദത്തിലേക്കുള്ള യാത്ര തുടരേണ്ടത്.)

എന്റെ പുരുഷോത്തമത്വം അറിയുന്നവനാണ് സര്‍വ്വജ്ഞന്‍ (15-19)

ഈ അധ്യായത്തില്‍ ഞാന്‍ പറഞ്ഞ പ്രകാരം എന്റെ പുരുഷോത്തമ ഭാവം അറിയുന്നവന്‍ സര്‍വജ്ഞനായിത്തീര്‍ന്നു. പുരുഷോത്തമന ഭാവം എന്താണെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ. കര്‍മ്മബദ്ധരായി ദേഹം സ്വീകരിച്ച ജീവാത്മാക്കള്‍ എന്ന പുരുഷന്മാര്‍ ക്ഷരന്മാരാണ്. അവരുടെ ദേഹത്തില്‍ പരമാത്മാവായി നിന്ന്, മൂന്ന് ലോകത്തെയും അതില്‍ സ്ഥിതി ചെയ്യുന്ന സര്‍വ പദാര്‍ത്ഥങ്ങളെയും ഭരിക്കുന്ന ഞാന്‍ അക്ഷരനാണ്. ഈ ക്ഷരാക്ഷരങ്ങല്‍ക്കും അതീതനായി അഗമ്യനായി, ഞാന്‍-ഈ കൃഷ്ണന്‍-വൈകുണ്ഠത്തിനും അപ്പുറത്ത് അമ്പതുകോടി യോജന ഉയരത്തില്‍ ഗോലോകത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ വസ്തുതയാണ് മനുഷ്യന്‍ അറിയേണ്ടത്.

ആ അറിവുനേടാന്‍ ശ്രമിക്കുമ്പോള്‍, അശ്രദ്ധയോ അവിശ്വാസമോ സംശയമോ ഉണ്ടായവരുത്. ആ കാര്യമാണ് അസമ്മൂഢഃ എന്ന പദംകൊണ്ട് ഞാന്‍ ലക്ഷ്യമാക്കിയത്. പുരുഷോത്തമന്‍ എന്ന പേരിന്റെ നിര്‍വചനം ലേശംപോലും വിടാതെ ഉള്‍ക്കൊള്ളണം.

ഭഗവാന്‍ ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ആധുനിക കാലത്ത് ആ കാരണത്തിന് കൂടുതല്‍ പ്രസക്തിയുമുണ്ട്.

''എന്താണ് ഇങ്ങനെ കൃഷ്ണന്‍, കൃഷ്ണന്‍ എന്നു പറയുന്നത്? അയാള്‍ വെറും മനുഷ്യനല്ലേ? ഞാന്‍ അമ്പതുകൊല്ലം ഗവേഷണം നടത്തി കണ്ടെത്തി. അവന്‍ മരിച്ചുപോയി.'' ഇങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ ഈ കേരളത്തില്‍ ധാരാളമുണ്ട്.

''പരമാര്‍ത്ഥ തത്ത്വം ച

വാസുദേവാഖ്യം പരം ബ്രഹ്മ''

പരമാര്‍ത്ഥമായ തത്വം വാസുദേവന്‍ എന്ന് പേരുള്ള പരബ്രഹ്മമാണ് എന്നു ശ്രീശങ്കരാചാര്യര്‍ ഗീതാ ഭാഷ്യത്തിന്റെ ഉപോദ് ഘാതത്തില്‍ പ്രസ്താവിച്ചത് അത്തരക്കാര്‍ വായിക്കുകയേ ഇല്ല.

സ സര്‍വ്വവിദ് (15-19)

എന്റെ പുരുഷോത്തമ ഭാവം അറിഞ്ഞ ആ വിവേകിക്ക് എല്ലാം അറിയാന്‍ കഴിയും. യഥാര്‍ത്ഥ ജ്ഞാനം തന്നെ നേടാന്‍ കഴിയും.

'' ആ വ്യക്തിക്ക് അഹങ്കാരവും മമത്വ ബുദ്ധിയുടെ ഭൗതിക സുഖാഭിലാഷവും ഉണ്ടാവുകയില്ല. ''

''യസ്മാന്‍ വിജ്ഞാതേ സര്‍വ്വം വിജ്ഞാതും

ഭവതി'' എന്ന് വേദവും പറയുന്നു.

(ഭഗവാനെ അറിഞ്ഞു കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന് അര്‍ത്ഥം.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.