കൊടിത്തൂവ/ വള്ളിച്ചൊറിയണം

Tuesday 15 May 2018 3:00 am IST

ശാസ്ത്രീയ നാമം : Tragia involucrata

സംസ്‌കൃതം: ദുര്‍സ്പര്‍ശ, ദുരാലാഭ

തമിഴ്: കജൂര്‍ 

എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം കാണുന്നു. ഇതിന്റെ ഇല തൊട്ടാല്‍ ചൊറിയും. വള്ളിപോലെയും ചുവന്ന തണ്ടോടുകൂടിയ കുറ്റിച്ചെടിയായും കാണുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  ചുവന്ന തണ്ടോടുകൂടിയ കൊടിത്തൂവയുടെ വേര് അരച്ച് ഇടതുകാലിലെ പെരുവിരലിലെ നഖത്തിലും ഇടതു കൈയിലെ പെരുവിരലിന്റെ നഖത്തിലും സൂര്യോദയത്തിന് മുമ്പ് ഇടുക. നെറ്റിയിലും നെറുകയിലും തേയ്ക്കുക. ഇപ്രകാരം ചെയ്താല്‍ വലതു വശത്തെ കൊടിഞ്ഞി മാറും. ഇടതുവശത്തെ കൊടിഞ്ഞി മാറുന്നതിന് വലതു കാലിലെ പെരുവിരലിന്റെ നഖത്തിലും വലതു കൈയിലെ പെരുവിരല്‍ നഖത്തിലും പുരട്ടുക.   

വള്ളിചൊറിയണത്തിന്റെ വേരിന്മേല്‍ തൊലി നേര്‍മ്മയായി പൊടിച്ച് ഒരു നുള്ള് വീതം ദിവസം രണ്ട് നേരം തുടര്‍ച്ചയായി മൂന്ന് ദിവസം വലിച്ചാല്‍ തുമ്മല്‍ ശമിക്കും. 

ഇസ്‌നോഫീലിയ( ദുഷ്ട പീനസം) മാറുന്നതിന് കൊടിത്തൂവ വേര്, ആര്യവേപ്പിന്റെ തൊലി, ചിറ്റമൃത്, കസ്തൂരി മഞ്ഞള്‍, കറ്റാര്‍വാഴ പോള, വള്ളി ഉഴിഞ്ഞ സമൂലം ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്ത് ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തിപ്പലിപ്പൊടി, കല്‍ക്കണ്ടം ഇവ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം സേവിക്കുക. കൂടാതെ താഴെ പറയുന്ന തൈലം തേയ്ക്കുകയും ചെയ്യുക. ഇപ്രകാരം ഏഴ് ദിവസം ചെയ്യുക. 

തൈലത്തിന് 

അമൃത്, വേപ്പിന്‍ തൊലി, ഇഞ്ചി, തുളസിയില, ചുക്ക്, കുരുമുളക്, തിപ്പലി, കൊടിത്തൂവ വേര്, ഇവ 10 ഗ്രാം വീതം അരച്ച് നാല് ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കി അതില്‍ അരലിറ്റര്‍ തേങ്ങാ നെയ്യ്  വെളിച്ചെണ്ണ) അരക്ക് മധ്യപാകത്തില്‍ കാച്ചുക. ഈ തൈലം തലയില്‍ തേയ്ക്കുക. 

കൊടിത്തൂവ വേര്, കഴഞ്ചിക്കുരു പരിപ്പ്, തുമ്പ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം ഇവ സമം എടുത്ത് നന്നായി പൊടിക്കുക. ഒരു സ്പൂണ്‍ പൊടി പച്ചമോരില്‍ കലക്കി ദിവസം രണ്ട് നേരം സേവിച്ചാല്‍ ഹെര്‍ണിയ പൂര്‍ണ്ണമായും ശമിക്കും. 15 ദിവസം സേവിക്കുക. 

ആസ്മ മാറുന്നതിന് ചുക്ക്, കുരുമുളക്, തിപ്പലി, കച്ചോലക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, കൊടിത്തൂവ വേര്, ഉണക്ക മുന്തിരി, അരത്ത, ഉണക്ക മഞ്ഞള്‍ ഇവ സമം ഉണക്കി പൊടിച്ച് ശീലപ്പൊടിയാക്കുക. ഒരു സ്പൂണ്‍ പൊടിയില്‍ എണ്ണെള്ള, തേന്‍, നെയ്യ്, ശര്‍ക്കര ഇവ ഓരോന്നും അര സ്പൂണ്‍ വീതം ചേര്‍ത്ത് ചാലിച്ച് ദിവസം രണ്ട് നേരം സേവിച്ചാല്‍ ആസ്മ, നെഞ്ചില്‍ കഫക്കെട്ട്, വരണ്ട ചുമ ഇവ ശമിക്കും. 15 ദിവസം ഈ ഔഷധം സേവിക്കുക. 

കൊടിത്തൂവയുടെ തളിരില പച്ചവെള്ളത്തില്‍ അരച്ച് കഴിച്ചാല്‍ മൂത്രാതിസാരം നില്‍ക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.