പ്രാണലിംഗ പ്രതിഷ്ഠയുള്ള മുരുഡേശ്വര ക്ഷേത്രം

Tuesday 15 May 2018 3:03 am IST

മഹാബലേശ്വരന്റെ പ്രാണലിംഗ പ്രതിഷ്ഠയുള്ള, അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രമാണ് കര്‍ണാടകയിലെ മുരുഡേശ്വരിലേത്. രാവണന്‍ ശിവനെ ഭജിച്ച് പ്രീതിപ്പെടുത്തി ആത്മലിംഗവുമായി മടങ്ങവെ ലിംഗത്തെ ആവരണം ചെയ്തിരുന്ന വസ്ത്രം മൃഡേശ്വരം എന്ന ഈ സ്ഥലത്ത് ഉപേക്ഷിച്ചുപോല്‍. മൃഡേശ്വരം ക്രമേണ മുരുഡേശ്വരം ആയതാണത്രെ.

ഒന്നുകൂടി വിശദമായി പറയുകയാണെങ്കില്‍-രാവണന്‍ കൈലാസത്തില്‍ തീവ്രതപസ്സനുഷ്ഠിച്ച് ശ്രീപരമേശ്വനെ പ്രത്യക്ഷപ്പെടുത്തി. ശിവന്റെ ആത്മലിംഗം പൂജിച്ചാണ് ഇന്ദ്രന്‍ ഉള്‍പ്പെടെയുള്ള ദേവന്മാര്‍ ആഗ്രഹസാഫല്യം നേടിയിരുന്നത്. ഈ ആത്മലിംഗം തനിക്ക് നല്‍കണമെന്ന വരം രാവണന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവനോട് ആവശ്യപ്പെട്ടു. വരം നല്‍കാതിരിക്കാന്‍ ആവുമായിരുന്നില്ല. ആത്മലിംഗം നല്‍കാമെന്ന് സമ്മതിച്ച ശിവന്‍ ഒരു ഉപാധി വച്ചു. ആത്മലിംഗം ഭൂസ്പര്‍ശമേല്‍ക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം, ഉപാധി പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ആത്മലിംഗം എവിടെ ഭൂമിയെ സ്പര്‍ശിക്കുന്നുവോ അവിടെത്തന്നെ ഉറച്ചുപോകുമെന്ന്.

ആഹ്ലാദത്തോടെ ആത്മലിംഗം ഏറ്റുവാങ്ങിയ രാവണന്‍ കൈലാസത്തില്‍ നിന്ന് തെക്കുഭാഗം ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആത്മലിംഗം കൈവിട്ടുപോയാലുള്ള വിപത്തുകള്‍ ഓര്‍ത്ത് വിഷണ്ണനായ നാരദമഹര്‍ഷി ദേവഗണങ്ങളെ കാര്യം ബോധിപ്പിച്ച് അവരെയും കൂട്ടി മഹാവിഷ്ണുവിന്റെ മുന്‍പിലെത്തി സങ്കടം ബോധിപ്പിച്ചു. രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഗണപതി ഭഗവാനു മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് മഹാവിഷ്ണു വ്യക്തമാക്കി.

അപ്പോഴേക്കും രാവണന്‍ ഗോകര്‍ണ്ണത്ത് എത്തിയിരുന്നു. വിഘ്‌നേശ്വരന്‍ കാര്യങ്ങള്‍ മനസ്സിലാക്കി ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ വഴിയിലിറങ്ങി. മഹാവിഷ്ണു സുദര്‍ശന ചക്രത്താല്‍ സൂര്യദേവനെ മറച്ച് സന്ധ്യാസമയം ആയതുപോലെ തോന്നിപ്പിച്ചു. സന്ധ്യാവന്ദനം മുടക്കാന്‍ ഇഷ്ടപ്പെടാത്ത രാവണന്‍, തന്റെ കൈവശമുള്ള ആത്മലിംഗം പൂജാദികര്‍മ്മങ്ങള്‍ കഴിയുംവരെ കൈയില്‍തന്നെ സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ബ്രാഹ്മണ ബാലനെ ഏല്‍പ്പിച്ചു.

സമയം ഏറെ എടുക്കരുതെന്നും താന്‍ മൂന്നുതവണ വിളിക്കുമെന്നും എന്നിട്ടും എത്താതിരുന്നാല്‍ ലിംഗം ഭൂമിയില്‍ വയ്ക്കുമെന്നും പറഞ്ഞ് ബാലന്‍ ലിംഗം ഏറ്റുവാങ്ങി. രാവണന്റെ പൂജാകര്‍മ്മങ്ങള്‍ അവസാനഘട്ടത്തില്‍ എത്താറായ വേളയില്‍ ബ്രാഹ്മണ ബാലനായി വന്ന ഗണപതി ഭഗവാന്‍ മൂന്നുവട്ടം രാവണനെ വിളിച്ചു. പിന്നെയും കാണാതിരുന്നപ്പോള്‍ ആത്മലിംഗം ഭൂമിയില്‍ വെച്ചു. വരദാന വേളയിലെ നിബന്ധനയ്ക്കനുസൃതമായി ലിംഗം ഭൂമിയില്‍ ഉറയ്ക്കുകയും ചെയ്തു. അപ്പോള്‍ മഹാവിഷ്ണു സുദര്‍ശന ചക്രം നീക്കിയതോടെ സൂര്യപ്രകാശവും പരന്നു.

ദേവന്മാര്‍ തന്നെ ചതിയില്‍ അകപ്പെടുത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയ രാവണന്‍ ക്രോധാവേശത്താല്‍ ആത്മലിംഗത്തെ ഭൂമിയില്‍നിന്ന് പിഴുതെടുക്കുവാന്‍ പാഴ്ശ്രമം നടത്തി. രാവണന്റെ ക്രോധാഗ്നിയാല്‍ ഭൂമിയും മലകളും കാടും പ്രകമ്പനവും കൊണ്ടു. എന്നിട്ടും കോപം അടങ്ങാത്ത രാവണന്‍ ലിംഗത്തെ അണിയിച്ചിരുന്ന വസ്ത്രങ്ങളും ചരടുകളും ഓരോന്നായി വലിച്ചെടുത്തു. ആഞ്ഞടിച്ച കാറ്റിന്റെ ശക്തിയാല്‍ അവ പല ഇടങ്ങളിലായി ചെന്നു വീണു. ആത്മലിംഗത്തെ പൊതിഞ്ഞ വസ്ത്രം കണ്ടൂഗ കുന്നിലും (മുരടേശ്വര കുന്നിലും) സജ്ജേശ്വരത്തും ഗുണേശ്വരത്തും പിന്നീട് ഗുണവന്ദേശ്വരമായി )പതിച്ചുവത്രെ. വസ്ത്രം കെട്ടാനുപയോഗിച്ച ചരട് ധരേശ്വരത്തും പതിച്ചു.

വായു ഭഗവാനില്‍നിന്ന് കാര്യങ്ങള്‍ ഗ്രഹിച്ച പാര്‍വതീപരമേശ്വരന്മാര്‍ ഗണങ്ങളേയും കൂട്ടി ഇവിടങ്ങളില്‍ എത്തി ആരാധന നടത്തി ഇവ പഞ്ചലിംഗ ക്ഷേത്രങ്ങളായി അറിയപ്പെടുമെന്നും ഇവിടെ ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍ സര്‍വ്വപാപങ്ങളില്‍നിന്നും മോചിതരാകുമെന്നും വ്യക്തമാക്കി.

കുന്നിന്റെ മുകളിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലും കടലാണ്. ക്ഷേത്രത്തിന്റെ പിന്‍വശത്ത് നാല് തീര്‍ത്ഥക്കുളങ്ങളുണ്ട്-ശംഖതീര്‍ത്ഥം, കമണ്ഡല തീര്‍ത്ഥം, ജാത തീര്‍ത്ഥം, ഭീമ തീര്‍ത്ഥം. പഞ്ച തീര്‍ത്ഥങ്ങളില്‍ കടലിനെ അഗ്നി തീര്‍ത്ഥമായി കരുതുന്നു.

ഗണപതി, നവഗ്രഹങ്ങള്‍, സുബ്രഹ്മണ്യന്‍, ഹനുമാന്‍, നാഗങ്ങള്‍ എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്. ശിവരാത്രി അതിഗംഭീരമായി ആഘോഷിക്കുന്നു. ഉത്സവവേളകളില്‍ ഭഗവാനെ എഴുന്നള്ളിച്ച് നഗരപ്രദക്ഷിണം നടത്താറുണ്ട്.

അഷ്‌ടോത്തര സഹസ്രനാമാര്‍ച്ചന, മൃത്യുഞ്ജയ പൂജ, രുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം, കുങ്കുമാര്‍ച്ചന എന്നിങ്ങനെ നിരവധി വഴിപാടുകള്‍ നടത്താം.20 നിലകളുള്ള, 249 അടി ഉയരവുമുള്ള ക്ഷേത്രത്തിന്റെ രാജഗോപുരം ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരമത്രെ.

ഭട്കല്‍-ഹൊണാവര്‍ ദേശീയ പാതയില്‍ ഹൊണാവര്‍ എത്തുന്നതിന് 20 കിലോമീറ്റര്‍ മുമ്പ് മനോഹര ശില്‍പങ്ങള്‍ ആലേഖനം ചെയ്ത കമാനം കാണുന്നിടത്തുനിന്ന്  ഇടത്തോട്ട് തിരിഞ്ഞ് കമാനം കടന്നുവേണം ഇവിടെ എത്താന്‍. മംഗലാപുരം-ഗോവ ദേശീയപാതയില്‍ മംഗലാപുരത്തുനിന്ന് 180 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്, ബെംഗ്‌ളൂരു നിന്ന് 500 കിലോമീറ്റര്‍, ഹുബ്ലി വിമാനത്താവളത്തില്‍നിന്ന് 155 കിലോമീറ്റര്‍. കൊങ്കണ്‍ റെയില്‍വേയില്‍ മംഗലാപുരത്തുനിന്ന് ഗോവയ്ക്കും മുംബൈയ്ക്കും പോകുന്ന വണ്ടികള്‍ മുരുഡേശ്വര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.