ഇസിജിയുടെ ഓര്‍മ്മകള്‍ നിറയും ഈ പുസ്തകത്താളുകളില്‍

Tuesday 15 May 2018 3:00 am IST

കോട്ടയം: കലാലയ മുത്തശ്ശിയായ സിഎംഎസ് കോളേജിന് ഒരുപിടി ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് ഇസിജി സുദര്‍ശനന്‍ എന്ന ഭൗതിക ശാസ്ത്രകാരന്‍ യാത്രയായത്. 1946ല്‍ സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍  കലാലയത്തിലെ ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഒഴിവുസമയങ്ങള്‍ ഏറെയും അദ്ദേഹം ചിലവഴിച്ചതും ഇവിടുത്തെ അക്ഷരലോകത്ത് തന്നെു. ലൈബ്രറിയിലെ പഴയ റെക്കോര്‍ഡുകളും ഇത് സൂചിപ്പിക്കുന്നു. ഈ ലൈബ്രറിയാണ് ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഗവേഷണ ത്വര നിറച്ചതും. ഗുരുനാഥനായ മാര്‍ഷക്കിന്റെ ഓര്‍മ്മയ്ക്കായി ഇസിജി സുദര്‍ശനന്‍ ലൈബ്രറിക്ക് സമ്മാനിച്ച 300ഓളം പുസ്തകങ്ങള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സിഎംഎസ് കോളേജ് 200 വര്‍ഷം തികഞ്ഞതിന്റെ ആഘോഷ വേളയില്‍ അദ്ദേഹവും കുടുംബവും കോളേജില്‍ എത്തിയിരുന്നു. അന്ന് പങ്ക് വെച്ച ഓര്‍മ്മകളില്‍ കൂടുതലും ലൈബ്രറിയെ കുറിച്ചായിരുന്നു. അച്ഛന്‍ ചാണ്ടി പുസ്തകപ്രേമിയായിരുന്നു. അതിനാല്‍  വീട്ടില്‍  മികച്ച ഗ്രന്ഥശേഖരമുണ്ടായി. ചെറുപ്പത്തില്‍, എണ്ണയിടാന്‍ താഴെയിറക്കിയ വീട്ടിലെ മുത്തച്ഛന്‍ ഘടികാരത്തിനുള്ളിലെ ചക്രങ്ങള്‍ കണ്ടപ്പോഴാണ് തന്നില്‍ ശാസ്ത്രകൗതുകം ഉണര്‍ന്നതെന്ന് സുദര്‍ശന്‍ പലതവണ പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ. 'എനിക്ക് നാലഞ്ചുവയസ്സുള്ളപ്പോള്‍ ഞങ്ങളുടെ വീട്ടിലൊരു മുത്തച്ഛന്‍ ക്ലോക്കുണ്ടായിരുന്നു. എന്റെ അച്ഛന്‍ പലപ്പോഴും അതെടുത്ത് എണ്ണയിടും.

അന്നേരം അതിന്റെ അകം എനിക്ക് കാണിച്ചു തരും. അതെനിക്ക് വലിയ അത്ഭുതമുണ്ടാക്കി'. ആ കുട്ടിയുടെ മനസില്‍ ഫിസിക്‌സിനോട് താത്പര്യം കൊളുത്തിവെയ്ക്കുകയാണ് അച്ഛന്‍ ചെയ്തതെന്ന് അദ്ദേഹം പറയുമായിരുന്നു. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോള്‍ ജന്മനാടിനോടുള്ള സ്‌നേഹത്താല്‍  പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.