മറഞ്ഞത് താന്ത്രികകാര്യങ്ങളിലെ അവസാനവാക്ക്

Tuesday 15 May 2018 3:06 am IST

പി.എ.വേണു നാഥ്

പത്തനംതിട്ട: ശബരിമലയില്‍ താന്ത്രികകാര്യങ്ങളിലെ അവസാനവാക്കായിരുന്ന മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മ്മികത്വത്തിലാണ് സന്നിധാനത്തെ ചരിത്രപ്രധാന ചടങ്ങുകളെല്ലാം നടന്നത്. സന്നിധാനത്ത് പുനപ്രതിഷ്ഠ, കുംഭാഭിഷേകം, പതിനെട്ടാംപടി പഞ്ചലോഹം പൊതിയല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കെല്ലാം കാര്‍മ്മികത്വം വഹിക്കാനുള്ള നിയോഗം അദ്ദേഹത്തിനായിരുന്നു.

 ശബരിമല തീപിടിത്തത്തിന് ശേഷം പുനപ്രതിഷ്ഠ നടത്തുമ്പോഴും അച്ഛന്‍ കണ്ഠര് പരമേശ്വരരുടെ സഹോദരന്‍ കണ്ഠരര് ശങ്കരരുടെ കൂടെ മഹേശ്വരര് സന്നിധാനത്തുണ്ട്. അന്ന് മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ ഭാഗ്യം കിട്ടിയതും മഹേശ്വരര്‍ക്കാണ്.  പവിത്രമായ പതിനെട്ടാംപടിയുടെ കല്ലുകള്‍ പൊട്ടിയപ്പോള്‍ നവീകരണത്തെക്കുറിച്ച് ആലോചനയുണ്ടായി. അയ്യപ്പന്‍മാര്‍ക്ക് ചവിട്ടിക്കയറാനുള്ള പടികള്‍ നവീകരിക്കാന്‍ അനുമതി നല്‍കിയതും അത് പഞ്ചലോഹം പൊതിഞ്ഞ് ചൈതന്യപ്രതിഷ്ഠ നടത്തിയതും അദ്ദേഹം തന്നെ. 

എന്നാല്‍  തിരക്ക് നിയന്ത്രിക്കാന്‍  പതിനെട്ടാംപടിക്ക് വീതി കൂട്ടണമെന്ന അഭ്യര്‍ഥന നിരസിച്ചതും ശ്രദ്ധേയമായി. ക്ഷേത്രത്തിന്റെ ഭാഗമായ പതിനെട്ടാംപടിയുടെ അളവില്‍ വ്യത്യാസം വരുത്താന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആചാരാനുഷ്ഠാനങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നത് ഇതിലൂടെ വ്യക്തമാക്കി.  ശബരിമല ക്ഷേത്രം സ്വര്‍ണ്ണം പൊതിഞ്ഞശേഷം കുംഭാഭിഷേകം നടത്തിയത് മഹേശ്വരരായിരുന്നു. പഴയ കൊടിമരം ജീര്‍ണാവസ്ഥയില്‍ ആയതിനാല്‍ ദേവപ്രശ്‌നവിധി പ്രകാരം പുതിയതിന് അനുമതി നല്‍കിയതും അദ്ദേഹം തന്നെ. പഴയ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ ചായം പൂശിയ ദേവസ്വം ഉദ്യോഗസ്ഥന്റെ ആചാരവിരുദ്ധമായ നടപടിയില്‍ എതിര്‍പ്പ് രേഖപ്പെടുത്താനും മടിയുണ്ടായില്ല. 

വലിയ തന്ത്രിയുടെ അനുമതിയോടെയാണ് ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസ് 1976 ല്‍ ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയതും. എട്ട് പതിറ്റാണ്ട് അയ്യപ്പസ്വാമിയുടെ പാദപൂജ ചെയ്യുവാനുള്ള അസാധാരണ സൗഭാഗ്യമാണ് മഹേശ്വരര്‍ക്ക ്‌ലഭിച്ചത്. പതിനേഴാമത്തെ വയസില്‍ താന്ത്രിക കര്‍മ്മങ്ങളില്‍ സഹായിയായി മല കയറിയ അദ്ദേഹം 89 വയസ് വരെ അത് മുടക്കമില്ലാതെ തുടര്‍ന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.