പതിനേഴാം വയസ്സു മുതല്‍ അയ്യപ്പപാദങ്ങളില്‍

Tuesday 15 May 2018 3:11 am IST

ചെങ്ങന്നൂര്‍:   ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉളളപ്പോഴും അത് വകവയ്ക്കാതെ താന്ത്രിക ചടങ്ങുകളിലും പൂജാ കര്‍മ്മങ്ങളിലും സജീവമായി തന്റെ കടമകള്‍ക്ക് പ്രാധാന്യം നല്‍കിയ വലിയ തന്ത്രിയാണ് ഇന്നലെ വിടപറഞ്ഞത്. പിതൃ സഹോദരന്‍ തന്ത്രിമുഖ്യന്‍ കണ്ഠര് ശങ്കരരില്‍ നിന്നാണ് കണ്ഠരര് മഹേശ്വരര് തന്ത്ര വിദ്യയും പൂജാദി കാര്യങ്ങളും അഭ്യസിച്ചു തുടങ്ങിയത്. പതിനേഴാം വയസില്‍ അദ്ദേഹത്തോടൊപ്പമാണ് ആദ്യം ശബരിമലയില്‍ എത്തുന്നത്.

കണ്ഠരര് പരമേശ്വരരുടെയും സുഭദ്രാദേവി അന്തര്‍ജനത്തിന്റെയും ഏകമകനായി 1928 ജൂലൈ 28 ന് ജനിച്ചു. രണ്ട് വയസ്സാകും മുമ്പേ അച്ഛന്‍ മരിച്ചതിനാല്‍ പിതൃസഹോദരന്‍ തന്ത്രി കണ്ഠര് ശങ്കരരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കല്ലിശേരി ബോയ്സ് ഹൈസ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ. ബോയ്സ് സ്‌കൂള്‍, ചങ്ങനാശേരി എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഉപനയനത്തിനു ശേഷം മൂന്നു വര്‍ഷം കുലദൈവ സന്നിധിയായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭജനമിരുന്നു. ഇക്കാലയളവില്‍ തന്ത്രി കണ്ഠരര് ശങ്കരരില്‍ നിന്നാണ് അദ്ദേഹം താന്ത്രികവിദ്യയുടെ ബാലപാഠങ്ങള്‍ പഠിച്ചത്.

 പതിനേഴാം വയസില്‍ തന്ത്രി കണ്ഠരര് ശങ്കരരോടൊപ്പമാണ് ആദ്യം ശബരിമലയില്‍ എത്തുന്നത്. അഗ്‌നിബാധയ്ക്കു ശേഷം ഇപ്പോഴുളള അയ്യപ്പ വിഗ്രഹ പ്രതിഷ്ഠയുടെ ചടങ്ങില്‍ സഹകാര്‍മ്മികനാകാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. 1971 മാര്‍ച്ച് 31 ന് ശബരിമലയില്‍ ധ്വജപ്രതിഷ്ഠയും പിന്നീട് മാളികപ്പുറത്ത് പ്രതിഷ്ഠയും നടത്തിയത് ഇദ്ദേഹമാണ്. നൂറ്റമ്പതിലധികം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഹൂസ്റ്റണ്‍, വാഷിങ്ടണ്‍, ശ്രീലങ്ക എന്നിവടങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.

മിക്ക സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിന് താന്ത്രിക അവകാശമുളള ക്ഷേത്രങ്ങളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പധര്‍മ്മ പ്രചാര സമിതി അവാര്‍ഡ്, വാഷിങ്ടണില്‍ നിന്ന് വേദ ആഗ്മസുധ അവാര്‍ഡ്, മുംബൈ ഡോമ്പിവിലിയില്‍ നിന്ന് നമസ്‌കാര കീര്‍ത്തന അവാര്‍ഡ്, ആലുവ തന്ത്രവിദ്യാപീഠത്തിന്റെ തന്ത്രരത്ന പുരസ്‌കാരം, താന്ത്രികരത്ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ശബരിമലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇദ്ദേഹം എടുത്തിട്ടുണ്ട്. പതിനെട്ടാം പടിക്ക് മുകളില്‍ പഞ്ചലോഹം പൊതിഞ്ഞപ്പോള്‍ പുന:പ്രതിഷ്ഠയും ആദ്യപടിപൂജയും നടത്തിയത് തന്ത്രി മഹേശ്വരരാണ്. ശബരിമലയിലാണ് ഏറ്റവും ഒടുവില്‍ പൂജ ചെയ്തത്. അതിന് ശേഷം ഒരു വര്‍ഷത്തിലധികമായി ക്ഷേത്രങ്ങളില്‍ പോകാന്‍ കഴിയാതെ വീട്ടിലും ആശുപത്രിയിലുമായിരുന്നു.

"തന്ത്രി കണ്ഠരര് മഹേശ്വരരര്‍ക്ക് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആദരാഞ്ജലിയര്‍പ്പിക്കുന്നു"
അയ്യപ്പ ചൈതന്യം നിറഞ്ഞ പുണ്യാത്മാവ്: ശ്രീധരൻപിള്ള

ചെങ്ങന്നൂര്‍: ലോകമെങ്ങുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് അതീവ ദു:ഖമുണ്ടാക്കുന്നതാണ് ശബരിമല തന്ത്രികണ്ഠര് മഹേശ്വരരുടെ വേര്‍പാടെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അയ്യപ്പനെ ഭക്ത്യാദരപൂര്‍വം സേവിച്ച് പരമപദം പൂകിയ ആ ധന്യാത്മാവിന്റെ സ്മരണ എക്കാലവും ഭക്ത ഹൃദയങ്ങളില്‍ അലയടിക്കും. 

തന്ത്രി എന്ന നിലയില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അങ്ങേയറ്റം കൃതകൃത്യയോടെ ചെയ്യുകയും ഭക്തജനങ്ങളില്‍ ഭക്തിയുടെ അലൗകിക ഭാവം ഉണര്‍ത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു തന്ത്രി കണ്ഠരര് മഹേശ്വ ര്അയ്യപ്പ ചൈതന്യം നിറഞ്ഞ ആ പുണ്യാത്മാവിന് ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അയ്യപ്പനിൽ സമർപ്പിതമായ ധന്യജീവിതം

ചെങ്ങന്നൂര്‍: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദു:ഖം രേഖപ്പെടുത്തി. കോടാനുകോടി അയ്യപ്പഭക്തരുടെ ആശ്രയ കേന്ദ്രമായ ശബരിമലയുടെ തന്ത്രി എന്ന നിലയില്‍ പരമാദരണീയനാണ് അദ്ദേഹമെന്ന് കുമ്മനം അനുസ്മരിച്ചു. ക്ഷേത്രാചാരങ്ങള്‍ വിധിപോലെ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ക്ഷേത്ര വിരോധികളും നിക്ഷിപ്ത താത്പര്യക്കാരും ശബരിമലയ്ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ സമ്മര്‍ദമുയര്‍ത്തിയപ്പോഴെല്ലാം ഉറച്ച നിലപാടും സൗമ്യമായ സമീപനവും കൊണ്ട് ഭക്തകോടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന സാന്നിധ്യമായിരുന്നു തന്ത്രികളുടേതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. തന്ത്രികളുടെ വിയോഗം തീരാനഷ്ടമാണ്. അയ്യപ്പനില്‍ സമര്‍പ്പിതമായ ആ ധന്യ ജീവിതം സമാജത്തിനാകെ പ്രേരണയാണെന്ന് കുമ്മനം അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.