ദേവസ്വം മന്ത്രിയുടെ പ്രസ്താവന വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തും: എന്‍എസ്എസ്

Tuesday 15 May 2018 3:16 am IST

ചങ്ങനാശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ചുള്ള ദേവസ്വം മന്ത്രിയുടെ പ്രസ്താവന വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രം ഉതകുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയുംനികുതിപ്പണത്തില്‍ നിന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ജീര്‍ണ്ണോദ്ധാരണ സാമ്പത്തികസഹായം നല്‍കുന്നതെന്നായിരുന്നു  മന്ത്രിയുടെ പ്രസ്താവന. 

ഭൂസ്വത്തുക്കള്‍ നഷ്ടപ്പെടാത്ത മറ്റു മതങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ട്. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. മലബാറിലെ ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി  ക്ഷേത്രങ്ങളില്‍ നിന്ന്  വ്യത്യസ്തമാണ്.  മലബാറിലെ ക്ഷേത്രങ്ങള്‍ പാരമ്പര്യ ട്രസ്റ്റിമാരുടെ അധീനതയിലാണ്. ഓരോ ക്ഷേത്രത്തിനും ധാരാളം സ്വത്തുക്കളും ഉണ്ടായിരുന്നു. ഇവയെല്ലാം  യാതൊരു നഷ്ടപരിഹാരവും നല്കാതെ 1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്  ആക്ട് പ്രകാരവും ഭൂപരിഷ്‌കരണനിയമപ്രകാരവും സര്‍ക്കാര്‍ പിടിച്ചെടുത്തു. ഇതോടെ ക്ഷേത്രങ്ങള്‍ സാമ്പത്തികമായി  തകര്‍ന്നു.   ഈ ഭൂമിയെല്ലാം കാര്‍ഷികപരിഷ്‌കരണത്തിനുവേണ്ടി വിനിയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇതില്‍നിന്ന് സര്‍ക്കാരിന് ആദായം ലഭിക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരമായിക്ഷേത്രങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല.

ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന്  ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഈ വിധി മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന സാമ്പത്തികസഹായം ഒരു ഔദാര്യമല്ല, മറിച്ച് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് വ്യക്തമാകുന്നതാണെന്നും  സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.