യുവാവ് മരിച്ചത് ലോക്കപ്പ് മര്‍ദ്ദനം മൂലം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Tuesday 15 May 2018 3:20 am IST

കണ്ണൂര്‍: യുവാവിന്റെ മരണം ലോക്കപ്പ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍. സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍. തലശ്ശേരി പിണറായിയിലെ ഓട്ടോ ഡ്രൈവര്‍ ഉനൈസിന്റെ മരണത്തിന് പിന്നില്‍ പോലീസ് മര്‍ദ്ദനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  പോലീസ് പ്രതിക്കൂട്ടില്‍. എടക്കാട്ടെ ഓട്ടോ ഡ്രൈവര്‍ ഉനൈസിന്റെ മരണത്തെപ്പറ്റി ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍   മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഡിജിപിയോട് നിര്‍ദേശിച്ചു. 

പോലീസ് മര്‍ദനമേറ്റ് രണ്ടു മാസത്തിലേറെയായി കിടപ്പിലായിരുന്ന ഓട്ടോഡ്രൈവര്‍ എടക്കാട് അരേചെങ്കീല്‍ ഉനൈസിനെ (32) കഴിഞ്ഞ 2 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ പരാതി നല്‍കിയെങ്കിലും ഇതുവരെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ലെന്ന് സഹോദരന്‍ നവാസ് പറയുന്നു. പോലീസ് മര്‍ദ്ദനം വിവരിച്ച് ഉനൈസ് എഴുതിവെച്ച കത്ത് സഹിതം ബന്ധുക്കള്‍  മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. 

 വീടിനു കല്ലെറിഞ്ഞെുവെന്ന ഭാര്യാപിതാവിന്റെ പരാതിയെത്തുര്‍ന്ന് ഫെബ്രുവരി 21ന് ഉനൈസിനെ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും താക്കീത് ചെയ്തു വിട്ടയച്ചു. ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ ആരോ കത്തിച്ചെന്നു പറഞ്ഞു പിറ്റേന്ന് രാവിലെ ഏഴിന് എടക്കാട് സ്റ്റേഷനിലെ നാലു പോലീസുകാര്‍ വാഹനവുമായി വീട്ടിലെത്തി പിടിച്ചുവലിച്ചു കൊണ്ടുപോയി. വൈകിട്ടുവരെ സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഉനൈസിനെ നാലരയോടെയാണ് സ്‌റ്റേഷനില്‍ നിന്നു വിട്ടയച്ചത്.

നിവര്‍ന്നു നില്‍ക്കാന്‍പോലും സാധിക്കാത്ത ഉനൈസ് ചുമയ്ക്കുമ്പോള്‍ വായില്‍ നിന്നു രക്തം വരുന്ന നിലയിലായിരുന്നു. മൂത്രത്തോടൊപ്പവും രക്തവും വരുന്നുണ്ടായിരുന്നു. പുലര്‍ച്ചെ 1.50 ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയാണെന്ന് രേഖപ്പെടുത്തി ഡോക്ടര്‍മാര്‍ മെഡിക്കോ ലീഗല്‍ കേസായാണ് പരിഗണിച്ചത്. എന്നാല്‍ അഞ്ചുദിവസം ആശുപത്രിയില്‍ കിടന്നിട്ടും പോലീസ് മൊഴിയെടുത്തില്ല. വീട്ടിലെത്തിയിട്ടും എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. മരിക്കുന്നതിനു തൊട്ടുമുമ്പുള്ള മൂന്നു നാലു ദിവസങ്ങളില്‍ ഖരരൂപത്തിലുള്ള ആഹാരം കഴിക്കാനും സാധിച്ചിരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 

കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നും ഇനി അധ്വാനിച്ചു ജീവിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയില്‍വെച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഉനൈസ് എഴുതി ഒപ്പിട്ട കത്ത് മരണശേഷം വീട്ടുകാര്‍ക്കു ലഭിച്ചിരുന്നു. ഈ കത്തിന്റെ കോപ്പി സഹിതമാണു ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുള്ളത്. അതേ സമയം പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.