അസ്തമിക്കാത്ത നക്ഷത്രം

Tuesday 15 May 2018 3:21 am IST

ആധുനിക ശാസ്ത്രവും ആത്മീയതയും സമന്വയിപ്പിക്കുന്നതില്‍ ആകൃഷ്ടനായിരുന്ന പ്രൊഫസര്‍ സുദര്‍ശന്‍ 2018 മെയ് 14 ന് അമേരിക്കയിലെ ടെക്‌സാസില്‍ വച്ച് നമ്മെ വിട്ടുപിരിഞ്ഞു. ''ജോര്‍ജ് സുദര്‍ശന്‍, ശാസ്ത്രവും ആത്മീയാന്വേഷണവും'' എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധ ശാസ്ത്രജ്ഞര്‍ ശാസ്ത്രവും ആത്മീയതയും തമ്മില്‍ സമന്വയിപ്പിക്കുന്നതിനെ അധികരിച്ച് പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ സുദര്‍ശന്റെ വാക്കുകള്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ''ഞാന്‍ ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ ഞാന്‍ ബൈബിള്‍ പൂര്‍ണമായും മൂന്ന് നാല് തവണ വായിച്ചിരുന്നു. ക്രിസ്ത്യന്‍ തത്വ ചിന്തയില്‍ ഞാന്‍ തൃപ്തനായിരുന്നില്ല. പില്‍ക്കാലത്ത് സാവധാനം ഭാരതീയ പൈതൃകം സംഭാവന നല്‍കിയ ആശങ്ങളിലേക്ക് ആകൃഷ്ടനായി. ഈ രണ്ട് മതവിഭാഗങ്ങളും സാംസ്‌കാരിക ശ്രേണികളും തമ്മിലുള്ള മിശ്രണം മൂലം ഞാന്‍ ഒരു വേദാന്തിയാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കും. ''ദൈവം അവിടെ എവിടെയോ ഉണ്ട് എന്ന പ്രസ്താവനയില്‍ ഞാന്‍ തൃപ്തനായിരുന്നില്ല...'' ഈ പ്രപഞ്ചത്തില്‍നിന്ന് മാറി നിന്ന് വേറിട്ട ഒരു സംഭവമായി ദൈവത്തിനെ ഞാന്‍ കാണുന്നില്ല. പ്രപഞ്ചമാണ് ദൈവം.''('-George Sudarshan Science and Spiritual Quest' Mark Richardson (Ed) t250)- ഒന്‍പതു തവണ നൊബേല്‍ പുരസ്‌കാരത്തിന് പേര് നിര്‍ദ്ദേശിക്കപ്പെട്ട സുദര്‍ശന് രാഷ്ട്രീയത്തിന്റെ ഊടുവഴികളുടെ സ്വാധീനത്താല്‍ അത് സ്വപ്‌നമായിത്തന്നെ അവശേഷിച്ചു. കഴിഞ്ഞ അറുപത് വര്‍ഷക്കാലത്തിലേറെയായി സൈദ്ധാന്തിക ഭൗതിക ശാസ്ത്ര മേഖലയില്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത കൈമുദ്ര പതിപ്പിച്ച സുദര്‍ശന്‍ ഐന്‍സ്റ്റീനെ വെല്ലുവിളിച്ചുകൊണ്ട് പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ എന്ന മൗലിക കണങ്ങളുടെ അസ്തിത്വം പ്രവചിച്ചുകൊണ്ട് പൊതുജന മധ്യത്തില്‍ ശ്രദ്ധാ കേന്ദ്രമായി.

കോട്ടയത്തിനടുത്ത് പാക്കില്‍ ദേശത്ത് എണ്ണക്കല്‍ വീട്ടില്‍ ജോര്‍ജ് ജനിച്ചത് 1931 സെപ്തംബറിലാണ്. പിതാവ് റവന്യൂ സൂപ്പര്‍വൈസര്‍, അമ്മ അധ്യാപിക. കോട്ടയം സിഎംഎസ് കോളജില്‍നിന്ന് ബിഎസ്‌സി ബിരുദവും 1952 ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ എംഎസ്‌സി ബിരുദവും. 1952 മുതല്‍ 55 വരെ ബോംബെയിലെ ടിഐഎഫ് ആറില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഉദ്യോഗം. പ്രശസ്തനായ ഹോമി ഭാഭയുടെ കീഴില്‍ കോസ്മിക് രശ്മികളെപ്പറ്റി ഗവേഷണം. ഇതായിരുന്നു ജോര്‍ജ് സുദര്‍ശന്റെ ആദ്യകാല ചരിത്രം. ആയിടയ്ക്ക് ബോംബെ സന്ദര്‍ശിച്ച പ്രൊഫസര്‍ മാര്‍ഷല്‍ സുദര്‍ശനെ അമേരിക്കക്ക് ക്ഷണിച്ചു. അങ്ങനെ 1955 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തിയ സുദര്‍ശന്‍ മൂന്നു വര്‍ഷത്തിനകം റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചു.

ഡോക്ടര്‍ ജോര്‍ജ് സുദര്‍ശന്റെ ആദ്യകാല പഠനങ്ങള്‍ സൂക്ഷ്മ കണികകളെപ്പറ്റി അന്നേവരെയുണ്ടായിരുന്ന ധാരണകള്‍ തിരുത്തിക്കുറിക്കുന്നവയായിരുന്നു. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളും ആറ്റങ്ങളാല്‍ നിര്‍മിതമാണല്ലോ. ആറ്റങ്ങളാകട്ടെ ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയാലും. ഇനിയും സൂക്ഷ്മമായി പരിശോധിച്ചാല്‍ പ്രോട്ടോണും ന്യൂട്രോണും ക്വാര്‍ക്കുകള്‍ എന്ന മൗലിക കണങ്ങളാല്‍ നിര്‍മിതമാണെന്നു കാണാം. ഇലക്‌ട്രോണുകള്‍ ലെപ്‌ടോണ്‍ എന്ന മൗലിക വിഭാഗത്തില്‍പ്പെടുന്നു. ക്വാര്‍ക്കുകള്‍ തമ്മിലുള്ള ഒരു പ്രത്യേക തരത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ദുര്‍ബല പ്രതിക്രിയ എന്ന പ്രതിഭാസത്തില്‍നിന്ന് ഉരുത്തിരിയുന്ന ക്ഷീണബലമാണ്. ഉയര്‍ന്ന ദ്രവ്യമാനമുള്ള ചില ആറ്റങ്ങള്‍ റേഡിയോ ആക്ടിവത വഴി സ്വയം വിഘടിച്ച് വ്യത്യസ്ത മൂലകങ്ങളുണ്ടാകുന്നതും ബീറ്റാ കണങ്ങളായ ഇലക്‌ട്രോണുകള്‍ ആറ്റം കേന്ദ്രത്തില്‍നിന്ന് ബീറ്റാ രശ്മികളായി പുറത്തുവരുന്നതും ഇത്തരം ക്ഷീണബലം വഴിയാണ്. ഈ ബലത്തിന്റെ സൈദ്ധാന്തിക ജ്ഞാനത്തിന് അടിസ്ഥാനമിട്ടത് സുദര്‍ശനും മാര്‍ഷക്കും കൂടി കണ്ടെത്തിയ വി-എ സിദ്ധാന്തം വഴിയായിരുന്നു. ഏകദേശം രണ്ടര പേജില്‍ ഒതുങ്ങിയ ഈ ഗവേഷണ പ്രബന്ധത്തില്‍ അടങ്ങിയ വസ്തുതകള്‍ പില്‍ക്കാലത്ത് നിരവധി പേജുകളോടെ വിവിധ പ്രബന്ധങ്ങളായി വ്യത്യസ്ത ശാസ്ത്രജ്ഞരുടെ പേരില്‍ പ്രസിദ്ധീകൃതമായി.

ടാക്യോണുകളെക്കുറിച്ച് സുദര്‍ശന്‍ എഴുതിയ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ പല ഗവേഷണ മാസികകളും കൂട്ടാക്കിയില്ല. 1962 ല്‍ മനസ്സില്ലാ മനസ്സോടെ ഒരു അമേരിക്കന്‍ മാസിക പ്രസിദ്ധീകരിച്ചതിന് ശേഷം നിരവധി പ്രബന്ധങ്ങള്‍ പലരുടെ പേരിലും ഗവേഷണ മാസികകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ടാക്യോണുകളെ കണ്ടെത്താനായിട്ടുള്ള ഗവേഷണ പദ്ധതികള്‍ പല സ്ഥാപനങ്ങളിലും ഇപ്പോള്‍ നടക്കുന്നുണ്ട്.

പ്രൊഫസര്‍ സുദര്‍ശന്റെ മറ്റൊരു ഗവേഷണ മേഖലയാണ് പ്രകാശമെന്ന പ്രഹേളികയെ മനസിലാക്കാന്‍ ഉതകുന്ന ക്വാണ്ടം പ്രകാശികം. പ്രകാശിക കണങ്ങളായ ഫോട്ടോണുകളുടെ സംസക്തിക ഭാവം വിവരിക്കുന്നതില്‍ വിജയിച്ച സുദര്‍ശന്‍ 'ഒപ്ടിക്കല്‍ ഈക്വിവലന്‍സ്' എന്ന സിദ്ധാന്തം ആവിഷ്‌കരിച്ചു. പിന്നീട് ഗ്ലോബര്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ സിദ്ധാന്തത്തെ വിപുലീകരിച്ച് പുതിയ ക്വാണ്ടം പ്രകാശിക രൂപത്തിന്റെ ചിത്രം നല്‍കി. 2005 ലെ ഫിസിക്‌സ് നൊബേല്‍ പുരസ്‌കാരം ഗ്ലോബറിന് നല്‍കിയപ്പോള്‍ ശാസ്ത്രസമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായി. ക്വാണ്ടം പ്രകാശികത്തിന്റെ ആണിക്കല്ലായ ഫോട്ടോണുകളുടെ സംസക്തിക ഭാവരൂപം ആവിഷ്‌കരിച്ച സുദര്‍ശനെ പുരസ്‌കാരത്തില്‍നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല. നൊബേല്‍ പുരസ്‌കാര ചരിത്രത്തില്‍ ഇത്രമാത്രം എതിരഭിപ്രായങ്ങള്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല.

ഒരിക്കല്‍ സുദര്‍ശന്‍ നൊബേല്‍ പുരസ്‌കാര ജേതാവായ ചന്ദ്രശേഖറിനോട് പറയുകയുണ്ടായി. ''എന്റെ നിരവധി അടിസ്ഥാന പഠനങ്ങളും കണ്ടുപിടിത്തങ്ങളും പലകാലത്ത് പലരുടെ പേരിലും വിവിധ ഗവേഷണ മാസികകളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എനിക്ക് എന്തു ചെയ്യാന്‍ കഴിയും?'' ചന്ദ്രശേഖര്‍ പറഞ്ഞു: ''ഞാന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ഏതെങ്കിലും പ്രതിഭാസങ്ങളോ കണ്ടുപിടിത്തങ്ങളോ നടത്തിയാല്‍ ഞാന്‍ എല്ലാം ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തും. പിന്നെ ആര്‍ക്കും ഈ വിഷയത്തില്‍ കൈവയ്ക്കാന്‍ പഴുത് കാണില്ല.'' ഈ ഉപദേശം മാനിച്ച് സുദര്‍ശന്‍ അമൂല്യങ്ങളായ ഗ്രന്ഥങ്ങള്‍ തന്റെ സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ക്ലാസിക്കല്‍ ഡൈനാമിക്‌സ്, ക്വാണ്ടം ഓപ്ടിക്‌സ്, ഫണ്ടമെന്റല്‍ പാര്‍ട്ടിക്കിള്‍സ് ആന്റ് ഇന്ററാക്ഷന്‍സ് മുതലായ ഗ്രന്ഥങ്ങള്‍ അതാത് വിഷയങ്ങളിലെ അവസാന വാക്കാണ്.

സുദര്‍ശനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളുംകൂടി ആവിഷ്‌കരിച്ച ക്വാണ്ടം സീനെവാ പ്രഭാവം അദ്ദേഹത്തിന്റെ  പഠനങ്ങളില്‍ മികച്ച ഒന്നാണ്. ഗ്രീക്ക് തത്വചിന്തകനായിരുന്ന സീനൊ (ബിസി 5-ാം നൂറ്റാണ്ട്) ആവിഷ്‌കരിച്ച കടങ്കഥാരൂപത്തിലുള്ള ആഖ്യാനമാണ് ചലനം അഥവാ മാറ്റം ഒരു മിഥ്യ ആണ് എന്നത്. ക്വാണ്ടം മേഖലയില്‍ മാറ്റങ്ങള്‍ നിരീക്ഷകരുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സുദര്‍ശന്‍ കണ്ടെത്തി. നിരീക്ഷണത്തിലിരിക്കുന്ന ഒരു ക്വാണ്ടം കലത്തിലെ വെള്ളം എത്ര ചൂടാക്കിയാലും തിളയ്ക്കില്ല, എന്നാല്‍ നമ്മുടെ ശ്രദ്ധ മാറിപ്പോയാല്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങും എന്ന ഉദാഹരണത്തോടെ നിരീക്ഷണത്തിലിരിക്കുന്ന ക്വാണ്ടം മേഖലയില്‍ മാറ്റങ്ങള്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന ക്വാണ്ടം സീനൊ പ്രഭാവം പിന്നീട് ലേസര്‍ പ്രകാശത്തിന്റെ സഹായത്തോടെ ആറ്റങ്ങളുടെ ഉത്തേജന-ഉല്‍സര്‍ജന സ്വഭാവം പഠിക്കുകവഴി തെളിയിക്കുകയുണ്ടായി. ക്വാണ്ടം പ്രകാശിക മേഖലയില്‍ ഒരു പൊന്‍തൂവലാണ് ക്വാണ്ടം സീനൊ പ്രഭാവം. നിരീക്ഷണത്തിലിരിക്കുന്ന ഉത്തേജിത സോഡിയം ആറ്റങ്ങള്‍ പൂര്‍വസ്ഥിതിയിലെത്താന്‍ സ്വതന്ത്ര സോഡിയം ആറ്റങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം എടുക്കുന്നു എന്ന് പരീക്ഷണശാലയില്‍ കണ്ടെത്തി. നിരീക്ഷകരും നിരീക്ഷിതരും തമ്മിലുള്ള ഇത്തരം ബന്ധമാണ് ക്വാണ്ടം സീനൊ പ്രഭാവത്തിന്റെ കാതല്‍.

1958 ല്‍ റോചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സുദര്‍ശന്‍ അവിടെത്തന്നെ രണ്ടുവര്‍ഷക്കാലം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. പിന്നീട് അസോസിയേറ്റ് പ്രൊഫസറായി ഉയര്‍ന്നു. അതിനുശേഷം സൈറാക്യൂസ് സര്‍വകലാശാലയില്‍ ഫിസിക്‌സ് പ്രൊഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് സംബന്ധിച്ച ഗവേഷണ ഡയറക്ടറുമായി കുറച്ചുനാള്‍ സേവനമനുഷ്ഠിച്ചു. 1969 മുതല്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ പ്രൊഫസറായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളുടെയും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന സുദര്‍ശന്‍ 1970 കളില്‍ കൊച്ചി സര്‍വകലാശാലയിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. സുദര്‍ശനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കൊച്ചി സര്‍വകലാശാലയില്‍ താമസിച്ച് ഇവിടെയുള്ള ഗവേഷണ പഠനങ്ങളുമായി സഹകരിച്ചിരുന്നു.

'80കളില്‍ ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ സ്ഥാപനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ചെന്നൈയിലെ മാത്‌സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സ്ഥാനമേറ്റു. എന്നാല്‍, ഇന്ത്യയിലെ പ്രത്യേക സാഹചര്യവും രാഷ്ട്രീയവും അതിജീവിക്കാനാകാതെ സുദര്‍ശന്‍ അമേരിക്കയിലേക്കുതന്നെ മടങ്ങിപ്പോയത് ദുഃഖത്തോടെയായിരുന്നു.

സുദര്‍ശനെ തേടിയെത്തിയിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. പത്മഭൂഷണ്‍ (1976), തേജ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് ഇന്‍ ഫിസിക്‌സ് (1985), ബോസ് മെഡല്‍ (1977), സര്‍ സി.വി. രാമന്‍ അവാര്‍ഡ് (1970), കേരള സര്‍ക്കാരിന്റെ ശാസ്ത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം (2013), ഡിറാക് മെഡല്‍ (2010) പത്മവിഭൂഷണ്‍ (2007) തുടങ്ങിയവ അവയില്‍ ചിലതു മാത്രം. 

ശാസ്ത്രത്തിന് സമൂഹത്തിലുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള സുദര്‍ശന്‍ ഇതിനെപ്പറ്റി പറയുമ്പോള്‍ വാചാലനാകുമായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ നിത്യജീവിതത്തില്‍ എപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പരിസരമലനീകരണം, ആയുധവല്‍ക്കരണം എന്നീ ദൂഷ്യവശങ്ങള്‍ വലുതാക്കിക്കാണിച്ചുകൊണ്ട് ശാസ്ത്രത്തെ അപ്പാടെ എതിര്‍ക്കുന്ന പ്രവണത മോശമാണെന്ന് സുദര്‍ശന്‍ പറയുന്നു. അതുപോലെതന്നെ ശുദ്ധമായ ശാസ്ത്രപഠനങ്ങളെ അവഗണിച്ചുകൊണ്ട് സാങ്കേതിക മേഖലയിലെ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കുന്നതും വേരുകളെ മറന്ന് ഫലം ഭക്ഷിക്കുന്നതുപോലെ വിഡ്ഢിത്തമാണ്. 

ആധുനിക ശാസ്ത്രം പുരോഗമിക്കുന്തോറും അത് ഭാരതീയ തത്ത്വചിന്തയോട് കൂടുതല്‍ അടുക്കുന്നുവെന്ന് വിശ്വസിക്കുന്ന സുദര്‍ശന്‍ അദ്ദേഹത്തിന്റെ ''ഡൗട്ട് ആന്‍ഡ് സേര്‍ട്ടനിറ്റി'' എന്ന ഗ്രന്ഥത്തില്‍ ശാസ്ത്രവും ആത്മീയതയും എങ്ങനെ സമന്വയിക്കപ്പെടുന്നു എന്ന് സവിസ്തരം പ്രതിപാദിക്കുന്നു. ഭൗതിക ലോകത്തുനിന്ന് സുദര്‍ശന്‍ അപ്രത്യക്ഷമായെങ്കിലും അനേകലക്ഷം മനോമണ്ഡലങ്ങളില്‍ അസ്തമിക്കാത്ത നക്ഷത്രമായി തിളങ്ങിനില്‍ക്കും.

ഡോ. വി.പി.എന്‍. നമ്പൂതിരി 

(കൊച്ചി സര്‍വകലാശാല)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.