സുനന്ദ പുഷ്കറിൻ്റെ മരണം; തരൂർ പ്രതി

Tuesday 15 May 2018 3:27 am IST

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവ്, കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ  ശശി തരൂര്‍ എംപി പ്രതി. തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍  ചുമത്തി ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മരണം ആത്മഹത്യയാണെന്നും തരൂര്‍ സുനന്ദയെ ക്രൂരമായി പീഡിപ്പിച്ചതായും മൂവായിരം പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലുമായി അടുത്ത ബന്ധമുള്ള തരൂര്‍ പ്രതിപ്പട്ടികയിലെത്തിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.

 2014 ജനുവരി 17ന് ദല്‍ഹി ലീലാ ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജനുവരി ഒന്നിന് കൊലപാതകത്തിന് പോലീസ് കേസെടുത്തു. നാല് വര്‍ഷത്തെ വിശദമായ അന്വേഷണത്തിന് ശേഷമാണ് തരൂരിനെ പ്രതിയാക്കിയത്.  കുറ്റപത്രം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്ങ് ഈ മാസം 24ന് പരിഗണിക്കും. കേസില്‍ കഴിഞ്ഞ മാസം കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലം നല്‍കിയിരുന്നു. 

പോലീസ് നടപടിയെ തരൂര്‍ ചോദ്യം ചെയ്തു. സുനന്ദയെ അറിയുന്ന ഒരാളും ആത്മഹത്യ ചെയ്‌തെന്ന വാദം വിശ്വസിക്കില്ല. നാല് വര്‍ഷത്തിന് ശേഷം ഇതാണ് ദല്‍ഹി പോലീസ് കണ്ടെത്തിയതെങ്കില്‍ അന്വേഷണത്തിലെ പ്രേരണ എന്തെന്ന് വ്യക്തമാണ്. ഒക്ടോബര്‍ 17ന് ദല്‍ഹി ഹൈക്കോടതിയില്‍ ആര്‍ക്കെതിരെയും ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ആറ് മാസത്തിന് ശേഷം തന്നെ പ്രതിയാക്കിയത് അവിശ്വസനീയമാണ്. അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു. തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസ്സും രംഗത്തെത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.