ഷമേജ് വധം : അന്വേഷണം ഇഴയുന്നു സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം

Monday 14 May 2018 10:34 pm IST

 

മാഹി: മാഹി പെരിങ്ങാടി ഈച്ചിയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ഷമേജിന്റെ കൊലപാതകത്തിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നു. സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസിന്റെ അന്വേഷണം ഇഴയുകയാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മിക്ക പ്രതികളും പോലീസിന്റെ കണ്‍മുന്നിലൂടെ വിലസുകയാണ്. നാട്ടില്‍ വിലസുന്ന പ്രതികളെ പിടികൂടാത്തതിന് പിന്നില്‍ സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം. അതേ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിരപരാധികളെപ്പോലും കസ്റ്റഡിയിലെടുക്കുകയും പിടികൂടുകയും ചെയ്യുകയാണ് മാഹി പോലീസ്. എന്നാല്‍ കേരള പോലീസ് അതേദിവസം നടന്ന കൊലപാതകത്തിലെ സിപിഎമ്മുകാരായ പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ തയ്യാറാവാത്ത സ്ഥിതിയാണ്. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി സിപിഎം നേതൃത്വം നിര്‍ദ്ദേശിക്കുന്ന പ്രതികളെ ഹാജരാക്കാനുളള നീക്കങ്ങളും നടക്കുന്നതായി സൂചനയുണ്ട്. 

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന് അര മണിക്കൂറിനുളളില്‍ നടന്ന ഷമേജിന്റെ കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായാണ് നടന്നതെന്ന ആരോപണം ആദ്യഘട്ടത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആസൂത്രണം മാത്രമല്ല കൊലപാതകം സംബന്ധിച്ച അന്വേഷണം തന്നെ ശരിയായ രീതിയില്‍ നടക്കാത്ത സ്ഥിതിയാണ്. കേസന്വേഷണം സാവധാനം മതിയെന്ന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ കണ്ണൂര്‍ ജില്ലയിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കണ്ണൂരില്‍ നിന്നുളള സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ വ്യക്തിയാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുകയാണ്. ഷമേജ് വധക്കേസിന്റെ അന്വേഷണത്തിലും ഈ നേതാവ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതായാണ് സൂചന. ഷമേജ് വധക്കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം ഇഴഞ്ഞു നീങ്ങിയാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് സംഘടനകള്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.