സഞ്‌ജു ഭാവിയിലെ സൂപ്പർ സ്റ്റാർ: വോൺ

Tuesday 15 May 2018 3:33 am IST

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണും ദല്‍ഹിയുടെ ഋഷഭ് പന്തും  ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറുകളാകുമെന്ന് ഓസീസ് മുന്‍താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകനുമായ ഷെയ്ന്‍ വോണ്‍. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ കഴിയുന്ന  സഞ്ജു സാംസണ്‍ അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനാണ്. ഭാവയില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറാകുമെന്ന് വോണ്‍ പറഞ്ഞു.

ഇരുപത്തിമൂന്നുകാരനായ സഞ്ജു ഐപിഎല്ലിലെ 12 മത്സരങ്ങളില്‍ 379 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 140 ശതമാനമാണ്. രണ്ട് തവണ കളിയിലെ കേമനുള്ള അവാര്‍ഡ് സ്വന്തമാക്കി. കഴിവുള്ള ഒട്ടേറെ കളിക്കാര്‍ ഇന്ത്യയിലുണ്ട്. ദല്‍ഹിയുടെ ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ഭാവിയില്‍ സൂപ്പര്‍ സ്റ്റാറുകളാകുമെന്നതില്‍ സംശയമില്ലെന്ന് വോണ്‍ വ്യക്തമാക്കി. സഞ്ജുവിന് ഒരിക്കല്‍ മാത്രമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്. 2015 ല്‍ ഹരാരെയില്‍ സിംബാബ്‌വെക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് സഞ്ജു മത്സരിച്ചത്.

തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിട്ടുണ്ട്. ഞായറാഴ്ച വാങ്കഡേ സ്‌റ്റേിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴൂവിക്കറ്റിന് തോല്‍പ്പിച്ചു.

മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ ആറു വിക്കറ്റിന് 168 റണ്‍സിലൊതുക്കി നിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സ് രണ്ട് ഓവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 171 റണ്‍സ് നേടി വിജയിച്ചു. അടിച്ചുതകര്‍ത്ത് 94 റണ്‍സുമായി കീഴടങ്ങാതെ നിന്ന ജോസ് ബട്ട്‌ലറാണ് റോയല്‍സിന് വിജയമൊരുക്കിയത്. 53 പന്ത് നേരിട്ട ബട്ട്‌ലര്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സറും അടിച്ചു. 12 മത്സരങ്ങളില്‍ രാജസ്ഥാന്റെ ആറാം വിജയമാണിത്. ഇതോടെ അവര്‍ക്ക് 12 പോയിന്റായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.