കെഎസ്ടിപി റോഡ് വികസനം ഇരിട്ടി ടൗണിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംയുക്ത സര്‍വേ ആരംഭിച്ചു

Monday 14 May 2018 10:36 pm IST

 

ഇരിട്ടി: കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി ടൗണ്‍ വികസിപ്പിക്കുന്നതിലും ടൗണിലെ പുറമ്പോക്ക് പുനഃപരിശോധിക്കുന്നതിനും കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനുമായുള്ള സംയുക്ത സര്‍വേ ആരംഭിച്ചു. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സര്‍വേ കെഎസ്ടിപിയും റവന്യൂ വകുപ്പും സംയുക്തമായാണ് നടത്തുന്നത്. ജില്ലാ ഹെഡ്‌സര്‍വേയര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ സര്‍വേ വിഭാഗത്തിലെയും താലൂക്ക് സര്‍വേ വിഭാഗത്തിലെയും കെ എസ്ടിയുടെയും പതിനഞ്ചോളം അംഗങ്ങളാണ് പങ്കെടുക്കുന്നത്. എത്രമാത്രം പുറമ്പോക്ക് ഭൂമിയുണ്ടെന്നും ഇതില്‍ എത്രമാത്രം കയ്യേറ്റമുണ്ടെന്നും ഇതിലൂടെ കണ്ടെത്താനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

 ഇരിട്ടി പഴയപാലം റോഡിലെ പുറമ്പോക്ക് ഭൂമിയിലെ സര്‍വ്വേക്കല്ലുകള്‍ കണ്ടെത്തി. റവന്യൂ ഭൂമിയുടെ കൃത്യത ഉറപ്പുവരുത്തിയാണ് സര്‍വേ പുരോഗമിക്കുന്നത്. ഇതിന്റെയെല്ലാം വ്യക്തമായ രേഖകള്‍ അധികൃതരുടെ പക്കലുണ്ടെന്നത് കാരണം ഏറെ പ്രയാസം കൂടാതെ തന്നെ എളുപ്പത്തില്‍ ഇവ കണ്ടെത്താന്‍ സാധിക്കുന്നു. ആധുനിക സര്‍വേ സംവിധാനങ്ങളായ എഫ്എംബിയുടെയും ടോട്ടല്‍ സ്റ്റേഷന്റെയും സഹായത്തോടെ റവന്യൂ ഭൂമിയുടെ രേഖാചിത്രം തയ്യാറാക്കും. ഇതിന്റെ സഹായത്തോടെയാവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൗണില്‍ സര്‍വേ നടത്തുക. ഇതിനു ശേഷമാവും റവന്യൂ ഭൂമിയിലെ കയ്യേറിയ ഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും ഈ ഭാഗങ്ങളെ റോഡ് വികസനത്തിനായി ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. 

ഇരിട്ടിയില്‍ 1933ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയ പാലം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിനായി ഭൂമി ഏറ്റെടുത്ത് കെഎസ്ടിപി അളന്നു തിരിച്ചിരുന്നു. ഈ ഭൂമിയിലാണ് കയ്യേറ്റം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. അരമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ കയ്യേറ്റം നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുപതു വര്‍ഷം മുന്‍പാണ് ഇരിട്ടി പട്ടണത്തില്‍ ഇന്ന് കാണുന്ന ഓവുചാല്‍ നിര്‍മ്മാണം നടന്നത്. ഇത് നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മതി എന്നാണ് വ്യാപാരി സംഘടനകള്‍ പറയുന്നത്. ഇതിനെതിരെയും നാട്ടുകാര്‍ക്കിടയില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. കയ്യേറിയ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് ടൗണ്‍ വികസിപ്പിക്കുന്നതിലൂടെ ടൗണില്‍ ഇന്ന് കാണുന്ന ഗതാഗത പ്രതിസന്ധിക്കു ഏറെ പരിഹാരം കാണാനാവും എന്ന് ഇവര്‍ പറയുന്നു. സര്‍വേയില്‍ ഹെഡ് സര്‍വേയര്‍ക്കു പുറമേ താലൂക്ക് സര്‍വേയര്‍മാരായ ജില്‍സ്, സുരേഷ്, സാബു താലൂക്ക് ഹെഡ്ക്ലാര്‍ക്ക് പ്രസാദ്, കെഎസ്്ടിപി സര്‍വേയര്‍ ശിഹാവുദ്ദീന്‍, അനില്‍കുമാര്‍, കെഎസ്ടിപി അസി.എഞ്ചിനീയര്‍ സതീശന്‍, സോഷ്യോളജിസ്റ്റ് ജിജി, കണ്‍സള്‍ട്ടന്‍സി സര്‍വേയര്‍ രാഹുല്‍ എന്നിവരാണ് പങ്കെടുക്കുന്നത്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.