ഷുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമില്ല ; പിന്നില്‍ സിപിഎം-പോലീസ് ഒത്തുകളിയെന്ന് ആരോപണം

Monday 14 May 2018 10:38 pm IST

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 386 പേജുള്ള കുറ്റപത്രത്തില്‍ ഗൂഢാലോചനയെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്നലെ രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 12-ന് രാത്രി പത്തരയോടയാണ് ഷുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തില്‍ ഇതുവരെ 11 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.

തില്ലങ്കേരിയിലെ സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

നേരത്തെ ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഷുഹൈബിന്റെ പിതാവ് ഇതിനെതിരെ സുപ്രീം കോടതിയിയെ സമീപിച്ചിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ജൂലൈയിലേക്ക് മാറ്റി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എ.വി.ജോണ്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് 92 -ാം ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് എന്നതിനാല്‍ റിമാന്റിലുളള പ്രതികള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്നുമറിയുന്നു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. ഇതു കൊണ്ടു തന്നെ തൊണ്ണൂറു ദിവസം കഴിഞ്ഞുളള കുറ്റപത്ര സമര്‍പ്പണം സിപിഎമ്മും പോലീസും തമ്മിലുളള ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. റിമാന്റില്‍ കഴിയുന്ന പ്രതികള്‍ സിപിഎം പ്രാദേശിക നേതൃതമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ല എന്നതിലേക്കാണ് കുറ്റപത്രം വിരല്‍ ചൂണ്ടുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.