ബാഴ്സയുടെ കുതിപ്പിന് വിരാമം

Tuesday 15 May 2018 3:35 am IST

മാഡ്രിഡ്:  ഈ സീസണില്‍ ഒറ്റ മത്സരവും തോല്‍ക്കാതെ ലാലിഗയുടെ അവസാന മത്സരം വരെ പിടിച്ചുനില്‍ക്കണമെന്ന ബാഴ്‌സലോണയുടെ സ്വപ്‌നം തകര്‍ന്നു. നേരത്തെ തന്നെ കിരീടം ഉറപ്പാക്കിയ ബാഴ്‌സ അവസാനത്തേതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ ലെവന്തെയോട് തോറ്റു. മെസിയെ കൂടാതെയിറങ്ങിയ ബാഴ്‌സയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ലെവന്തെ തോല്‍പ്പിച്ചത്.

ഇതോടെ ബാഴ്‌സയുടെ തുടര്‍ച്ചയായ വിജയക്കുതിപ്പിന് വിരാമായി. 2017 ഏപ്രില്‍ എട്ടിന് മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റശേഷം ഇതാദ്യമായാണ് ബാഴ്‌സ തോല്‍ക്കുന്നത്. തുടര്‍ച്ചയായ 43 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറി ബാഴ്‌സ റെക്കോഡ്  സ്ഥാപിച്ചു.  

ഘാനിയന്‍ സ്‌ട്രൈക്കര്‍ ഇമാനുവല്‍ ബോട്ടേംഗിന്റെ ഹാട്രിക്കിലാണ് ലെവന്തെ ബാഴ്‌സയെ തോല്‍പ്പിച്ചത്. 56 മിനിറ്റിനുള്ളില്‍ അവര്‍ 5-1 ന് മുന്നിലെത്തി. ബാഴ്‌സയുടെ ഫിലിപ്പ് കുടിഞ്ഞോയും ഹാട്രിക്ക് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന നിമിഷങ്ങളില്‍ സമനിലക്കായി പൊരുതിയെങ്കിലും ബാഴ്‌സയ്ക്ക് ഗോള്‍ മടക്കാനായില്ല.

ഒമ്പത്, 30 , 49 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ഇമാനുവല്‍ ഹാട്രിക്ക് തികച്ചത്. ബാര്‍ധി രണ്ട് ഗോള്‍ നേടി. കുടിഞ്ഞോ 38, 59, 64 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്താണ് ഹാട്രിക്കിനുടമയായത്. സുവാരസാണ് ബാഴ്‌സയുടെ നാലാം ഗോള്‍ നേടിയത്. തോറ്റെങ്കിലും ബാഴ്‌സ  37 മത്സരങ്ങളില്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ പന്ത്രണ്ട് പോയിന്റ് കൂടുതലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.