ആരോപണവിധേയനിൽനിന്ന് പ്രതിയിലേക്ക്; തിരിച്ചടിയേറ്റ്

Tuesday 15 May 2018 3:40 am IST

കെ. സുജിത്ത്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ നാല് വര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആരോപണ വിധേയനില്‍നിന്ന് പ്രതിപ്പട്ടികയിലെത്തുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തുടക്കം മുതല്‍ തരൂരില്‍  സംശയത്തിന്റെ നിഴല്‍ വീണിരുന്നു. അപ്പോഴൊക്കെ പിന്തുണയുമായി കോണ്‍ഗ്രസ് കൂടെയെത്തി. തരൂരിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഊഹാപോഹം പ്രചരിക്കുന്നുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ഒരുപടികൂടി കടന്ന് കുറ്റക്കാരനാണെങ്കില്‍ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് തരൂര്‍ ചോദിച്ചു. പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും  രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന ആരോപണം തന്നെയാണ് തരൂര്‍ ഉയര്‍ത്തുന്നത്.

താന്‍ കാരണമാണ് ആത്മഹത്യയെന്ന് സുനന്ദയെ അറിയുന്ന ആരും വിശ്വസിക്കില്ലെന്നാണ് തരൂര്‍ പറയുന്നത്. സുനന്ദയുടെ രക്തത്തില്‍ തരൂരിനുള്ള പങ്ക് കേസ് തുടക്കം മുതല്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. പാക്കിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി സുനന്ദയും തരാറും ട്വിറ്ററില്‍ വാക്കേറ്റമുണ്ടായതിന് പിറ്റേന്നാണ് മരണം. പന്ത്രണ്ടിലേറെ മുറിവുകള്‍ സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. മരണത്തിന് തലേന്ന് സുനന്ദയും തരൂരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. തരൂര്‍ സുനന്ദയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ തരൂര്‍ സമ്മതിച്ചിട്ടുമുണ്ട്. 

രാഷ്ട്രീയം എന്തെന്നറിയാത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ നേര്‍വഴിക്ക് നയിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച സംഘത്തിലെ പ്രധാനിയാണ് തരൂര്‍ ഇപ്പോള്‍. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ നയവും പരിപാടിയും തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുണ്ട് തരൂരിന്. അഴിമതിക്കേസില്‍ ജാമ്യത്തിലുള്ള രാഹുലും സോണിയയും നയിക്കുന്ന കോണ്‍ഗ്രസ് എന്തായാലും തരൂരിനെതിരെ നടപടിയെടുക്കാന്‍ സാധ്യതയില്ല. സ്ത്രീ സുരക്ഷ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ തരൂരിനെ മുന്നില്‍ നിര്‍ത്തിത്തന്നെ അവര്‍ പ്രക്ഷോഭങ്ങള്‍ നയിക്കും. എന്തായാലും മുന്‍ കേന്ദ്രമന്ത്രി ഭാര്യയുടെ മരണത്തില്‍ പ്രതിയാക്കപ്പെട്ടത് പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. 

ഐപിഎല്‍ വിവാദം കത്തിനിന്ന സമയത്താണ് സുനന്ദ മരിച്ചത്. ഐപിഎല്ലിലെ തരൂരിന്റെ ദുരൂഹമായ ഇടപെടലുകളാണെന്ന് മരണത്തിന് കാരണമെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായിരുന്ന അമര്‍ സിംഗ് ആരോപിച്ചിരുന്നു. പത്രസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങും വെളിപ്പെടുത്തി. സുനന്ദ വിളിച്ച് കരഞ്ഞിരുന്നതായും പലതും വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞതായും അവര്‍ വ്യക്തമാക്കി. 

കൊലപാതകമാണെന്നാരോപിച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയും രംഗത്തെത്തി. പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. 

വിഷം അകത്തുചെന്നാണ് മരിച്ചതെന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും വ്യക്തമാക്കി. അമിതമായി മരുന്നുകഴിച്ചതാണ് മരണത്തിന് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ തരൂര്‍ പറഞ്ഞത്. ആത്മഹത്യയാണെന്ന് കുറ്റപത്രം വിശദീകരിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരൂഹതക്കാണ് അവസാനമായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.