കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

Tuesday 15 May 2018 12:18 pm IST
സര്‍വ മേഖലകളിലും കോണ്‍ഗ്രസിനെ തൂത്തെറിയുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.

ബെംഗളുരു: കര്‍ണാടകയില്‍ കാവിക്കൊടി പാറിച്ച്‌ ബിജെപി. 222 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 105 സീറ്റ് നേടിയാണ് ബിജെപി മുന്നേറിയത്. ഇതോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലെത്തി. 

കോണ്‍ഗ്രസ് 65 സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദള്‍ എസ് 40 സീറ്റ് നേടി. സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും ഉണ്ടാകുകയെന്ന എക്‌സിറ്റ് പോളുകളെല്ലാം കാവിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും തമ്മില്‍ നടന്നത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരദേശ, മധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബിജെപിയുടെ ലീഡ് കുതിച്ചു. കര്‍ണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ തുണച്ചു. 

സര്‍വ മേഖലകളിലും കോണ്‍ഗ്രസിനെ തൂത്തെറിയുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.  ലിംഗായത്തുകളെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷ പദവിയോടുള്ള പ്രത്യേക മതപദവി ശുപാര്‍ശ ചെയ്തിരുന്നു. എന്നിട്ടും ലിംഗായത്തുകള്‍ കോണ്‍ഗ്രസിനെ കാര്യമായി തുണച്ചില്ല. 

ഹൈദരാബാദ്- കര്‍ണാടക, മുംബൈ - കര്‍ണാടക, മദ്ധ്യ കര്‍ണാടക, തീരദേശ കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളിലും ബിജെപിയാണ് മുന്നില്‍. തങ്ങളുടെ ശക്തി കേന്ദ്രമായ മൈസൂര്‍ മേഖല നിലനിര്‍ത്താന്‍ ജെഡിഎസിന് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിക്ക മേഖലകളിലും വന്‍ ലീഡ് നിലനിര്‍ത്തിയ കോണ്‍ഗ്രസ് ഇക്കുറി തീരദേശ മേഖലയിലും മൈസൂരും നിലനിറുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വോട്ടര്‍മാര്‍ കൈയൊഴിഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.