ഉത്തരം മുട്ടി എല്‍ഡിഎഫും യുഡിഎഫും

Tuesday 15 May 2018 12:40 pm IST

ചെങ്ങന്നൂര്‍: ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും. സത്യവാങ്മൂലത്തില്‍ മറച്ചുവെച്ച സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി അണികളോട് പോലും വ്യക്തമായ മറുപടി നല്‍കാനാകാത്ത അവസ്ഥയിലാണ് സിപിഎം നേതൃത്വം. 

അമ്പലപ്പുഴയിലെ രണ്ടേകാല്‍ കോടിയുടെ വസ്തു സംബന്ധിച്ച് ബിജെപി നേതാവ് എം.ടി. രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ അടിപതറുകയാണ് സിപി‌എം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്റെ  സ്വന്തം വാര്‍ഡിലെ പൂതംകുന്ന് കോളനിയുടെ ദുരവസ്ഥയും ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയതോടെ പാര്‍ട്ടിയുടെ വികസനപ്രചരണങ്ങളും പൊളിയുകയാണ്. 

അനധികൃതസ്വത്ത് വിവാദത്തില്‍ ആദ്യം സിപിഎമ്മിന്റെ ന്യായീകരണം കരുണ പാലിയേറ്റീവ് കെയറിന് വേണ്ടിയുള്ള ഭൂമിയെന്നായിരുന്നു. എന്നാല്‍ അത് നുണയാണെന്ന് വ്യക്തമായതോടെ അണികള്‍ പാര്‍ട്ടിയോഗങ്ങളില്‍ പ്രതിഷേധവുമായെത്തി. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമ്പലപ്പുഴയിലെ എആര്‍പിസി എന്ന സൊസൈറ്റിയുമായി എന്താണ് ബന്ധമെന്ന ചോദ്യത്തിനും ഉത്തരമില്ലാതെ നേതാക്കള്‍ ഉരുളുകയാണ്.

വിഷയം ചെങ്ങന്നൂരിലെ പൊതുവേദികളില്‍ ഉന്നയിക്കപ്പെട്ടുതുടങ്ങിയതോടെ സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടിയുടെയും മുഖം നഷ്ടപ്പെട്ട അവസ്ഥയാണെന്ന് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. വെണ്‍മണി പഞ്ചായത്തില്‍ മാത്രം പത്തിടത്ത് ഭൂമിയുണ്ടെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടിയാണെന്നായിരുന്നു വാദം. എന്നാല്‍ വെണ്‍മണി പഞ്ചായത്തില്‍ മാത്രം പത്ത് പാര്‍ട്ടി ഓഫീസോ എന്ന ചോദ്യവും അണികളെ കുഴക്കി. 

അനധികൃത സ്വത്ത് പ്രശ്‌നത്തിലെ പരാതിയില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമനടരപടികള്‍ ആരംഭിക്കുമെന്ന പ്രചരണം ശക്തമായതോടെ സിപിഎം കേന്ദ്രങ്ങളില്‍ പോലു പ്രവര്‍ത്തനം നിര്‍ജീവമായിത്തുടങ്ങി. കോണ്‍ഗ്രസ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയിലെ അഴിമതിയും കെടുകാര്യസ്ഥതയും മാലിന്യപ്രശ്‌നവുമെല്ലാം ജനങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ തുടങ്ങിയതോടെ യുഡിഎഫ് പാളയത്തിലും ആശയക്കുഴപ്പമാണ്. 

പാര്‍ട്ടിയിലെ പാരപണിയും ഗ്രൂപ്പിസവും മൂലം പ്രചരണത്തില്‍ പിന്നാക്കം പോയ യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.