വാഗമണ്‍ സിമി ക്യാമ്പ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും

Tuesday 15 May 2018 12:45 pm IST
വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ ഭീകര സംഘടനയില്‍ അംഗങ്ങളായെന്ന കുറ്റം തെളിഞ്ഞെങ്കിലും, രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കുറ്റം സ്ഥിരീകരിച്ചില്ല. മലയാളികളായ ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിക്കല്‍ പി.എ. ഷാദുലി (ഹാരിസ്), നാലാം പ്രതി പീടിക്കല്‍ പി.എ. ഷിബിലി, അഞ്ചാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പി.എ. മുഹമ്മദ് അന്‍സാര്‍ (അന്‍സാര്‍ നദവി), ആറാം പ്രതി പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ (മന്‍സൂണ്‍) എന്നിവര്‍ കുറ്റക്കാരാണ്. രണ്ട് പ്രതികളെ മാത്രമാണ് കോടതി നേരിട്ട് വിസ്തരിച്ചത്. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന മറ്റുള്ളവരെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിസ്തരിക്കുകയായിരുന്നു. 

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ നാല് മലയാളികള്‍ അടക്കം 18 പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.രാജ്യത്ത് ഭീകരപ്രവര്‍ത്തനം ലക്ഷ്യമാക്കി വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത ഭീകരസംഘടനയായ സിമി നടത്തിയ ആയുധ പരിശീലന കേസിലാണ് എന്‍ഐഎ വിധി പറഞ്ഞത്.

38 പ്രതികളാണ് കേസിലുള്ളത്. മുപ്പത്തിയേഴാം പ്രതി വാസിഖ് ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ് അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുപ്പത്തിയഞ്ചാം പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവുമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ കോടതി വിസ്തരിച്ചില്ല. ഇയാളെ 24ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് പൂര്‍ത്തിയാക്കും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് പണം ഒഴുക്കിയത് ഖുറേഷിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.