ചെങ്ങന്നൂരില്‍ ചര്‍ച്ചയാവുന്നത് പഞ്ചായത്തുകളിലെ ജനദ്രോഹം

Tuesday 15 May 2018 1:49 pm IST
പഞ്ചായത്തുകളിലെ ജനവിരുദ്ധഭരണം തുറന്നുകാട്ടിയുള്ള ബിജെപി പ്രചരണത്തില്‍ ആടിയുലുഞ്ഞ് എല്‍ഡിഎഫും യുഡിഎഫും. ഇടത് വലതുമുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ നഷ്ടമായ പദ്ധതികളും ഒഴുക്കിക്കളഞ്ഞ കോടികളും അടിച്ചുമാറ്റിയ പൊതുസ്വത്തുമൊക്കെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ ഓരോ വീടുകളും സമ്പര്‍ക്കം ചെയ്യുന്നത്

ചെങ്ങന്നൂര്‍: പഞ്ചായത്തുകളിലെ ജനവിരുദ്ധഭരണം തുറന്നുകാട്ടിയുള്ള ബിജെപി പ്രചരണത്തില്‍ ആടിയുലുഞ്ഞ് എല്‍ഡിഎഫും യുഡിഎഫും. ഇടത് വലതുമുന്നണികള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ നഷ്ടമായ പദ്ധതികളും ഒഴുക്കിക്കളഞ്ഞ കോടികളും അടിച്ചുമാറ്റിയ പൊതുസ്വത്തുമൊക്കെ എണ്ണിപ്പറഞ്ഞുകൊണ്ടാണ്  എന്‍ഡിഎ പ്രവര്‍ത്തകര്‍ ഓരോ വീടുകളും സമ്പര്‍ക്കം ചെയ്യുന്നത്. വോട്ട് ചോദിച്ചുചെല്ലുന്ന എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ പതറുന്ന അവസ്ഥയാണ് ഉള്ളത്.

അളക്കാത്ത പാലിന് ഒന്നര ലക്ഷം ഇന്‍സെന്റീവ് നല്‍കി സ്വന്തക്കാരെ സംരക്ഷിച്ച ആലായിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാണ്. പദ്ധതി എങ്ങനെ നടപ്പാക്കാതിരിക്കാം എന്നതില്‍ ഗവേഷണം നടത്തിയ ഒരു കൂട്ടം ആളുകളാണ് പഞ്ചായത്ത് ഭരിക്കുന്നതെന്ന കണക്ക് നിരത്തിയുള്ള എന്‍ഡിഎ ആക്ഷേപം പഞ്ചായത്തില്‍ ജനവികാരമായി രൂപപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പാക്കുന്നതിലെ കെടുകാര്യസ്ഥത മൂലം പഞ്ചായത്തില്‍ മാത്രം സ്ത്രീകള്‍ക്ക് ലഭിക്കുമായിരുന്ന ഒരു കോടി രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 14 പട്ടികജാതി കുടുംബങ്ങള്‍ക്ക് ലഭിക്കുമായിരുന്ന പണമാണ് നഷ്ടമായത്.

ഇടതുമുന്നണി ഭരിക്കുന്ന ചെന്നിത്തലയില്‍ മരുന്നിന് നല്‍കുന്ന പണം പോലും അടിച്ചുമാറ്റുന്ന സംവിധാനമാണ് നിലനില്‍ക്കുന്നതെന്നാണ് ആക്ഷേപം.  ആശ്രയപദ്ധതിയില്‍ പതിനൊന്ന് ലക്ഷം അടിച്ചുമാറ്റിയ ആളെ സംരക്ഷിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സ്ഥാനാര്‍ത്ഥിയെ പ്രതിക്കൂട്ടിലാക്കിയാണ് എന്‍ഡിഎ പ്രചരണം ശക്തമാക്കുന്നത്. പക്ഷിപ്പനിയെന്ന പേരില്‍ കൊന്നുതള്ളിയ താറാവുകളുടെ പേരില്‍ പോലും കച്ചവടം നടത്തി ലാഭമുണ്ടാക്കിയെന്ന ആക്ഷേപം വരെയാണ് മറുപടി കാത്തുനില്‍ക്കുന്നത്.

ചെറിയനാടും പുലിയൂരിലും മുളക്കുഴയിലുമൊക്കെ പഞ്ചായത്ത് ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ചെങ്ങന്നൂര്‍ നഗരസഭയിലടക്കം യുഡിഎഫും. വീട്, വെളിച്ചം, വെള്ളം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും പരിഹാരം കാണാത്ത പഞ്ചായത്ത് ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി അനുവദിച്ച പണം വരെ അടിച്ചുമാറ്റിയ ദുരവസ്ഥയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ പ്രധാനചര്‍ച്ചാവിഷയമാകുന്നത്. 

നേരിട്ട് വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടിക്കാരെയും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെയും കയ്യോടെ പിടിച്ച് ചോദ്യം ചെയ്യുകയാണ് നാട്ടുകാര്‍. സജിചെറിയാന്റെ സ്വന്തം വാര്‍ഡിലെ പൂതംകുന്ന് കോളനിയും പാണ്ടനാട്പഞ്ചായത്തിലെ മിത്രമഠം പാലവും മുപ്പതാണ്ട് ജനങ്ങളെ പറഞ്ഞു പറ്റിച്ച ചെന്നിത്തലയിലെ ഈഴക്കടവ് പാലവുമൊക്കെ ജനങ്ങളുടെ പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ഭാഗമാവുകയാണ് ചെങ്ങന്നൂരില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.