കന്നടവിജയത്തിന്റെ ലഹരിയില്‍ തിരുവന്‍വണ്ടൂര്‍ പടയോട്ടം

Tuesday 15 May 2018 6:42 pm IST
കാര്‍ഷികഗ്രാമമായ കല്ലിശ്ശേരിയുടെയും തിരുവന്‍വണ്ടൂരിന്റെയു ഹൃദയം തൊട്ട വാക്കുകള്‍. ''കൃഷിക്കും വെള്ളത്തിനും വികസനത്തിനും വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാധാകൃഷ്ണന്‍ നിരത്തി. നാടിനുവേണ്ടി ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ത്രാണിയില്ല. കടമെടുത്ത് മുടിക്കുകയാണ് കേരളത്തെ ഇവര്‍. കേന്ദ്രം നല്‍കുന്ന പദ്ധതികളെപ്പോലും അടിച്ചുമാറ്റുകയാണ് അവര്‍ ചെയ്യുന്നത്.

ചെങ്ങന്നൂര്‍: കല്ലില്‍ കവിത കൊത്തിയ ചരിത്രമുള്ള കല്ലിശ്ശേരിയില്‍ നിന്ന് കാലത്തിന്റെ നിയോഗമേറ്റെടുത്ത് അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയുടെ മണ്ഡലപര്യടനം. നാടിന്റെ തനിമയെ നെഞ്ചോടുചേര്‍ക്കാന്‍ ഹൃദയം കൊണ്ട് പോരാടിയ കല്ലിശ്ശേരിപള്ളിയങ്കണത്തിന്റെ പൈതൃകസ്മൃതികളെ വണങ്ങിയാണ് നാലാംദിനം പര്യടനത്തിന് ജനനായകന്‍ തുടക്കമിട്ടത്. 

കല്ലിശ്ശേരികവലയിലെ അരയാലിന്‍ ചുവട്ടില്‍ തടിച്ചുകൂടിയത് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപന്‍ പാലിശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനയോഗം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനായിരുന്നു ഉദ്ഘാടകന്‍.

കാര്‍ഷികഗ്രാമമായ കല്ലിശ്ശേരിയുടെയും തിരുവന്‍വണ്ടൂരിന്റെയു ഹൃദയം തൊട്ട വാക്കുകള്‍. ''കൃഷിക്കും വെള്ളത്തിനും വികസനത്തിനും വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാധാകൃഷ്ണന്‍ നിരത്തി. നാടിനുവേണ്ടി ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ത്രാണിയില്ല. കടമെടുത്ത് മുടിക്കുകയാണ് കേരളത്തെ ഇവര്‍. കേന്ദ്രം നല്‍കുന്ന പദ്ധതികളെപ്പോലും അടിച്ചുമാറ്റുകയാണ് അവര്‍ ചെയ്യുന്നത്. കേരളത്തിന് റോഡ് നല്‍കിയതും വെളിച്ചം നല്‍കുന്നതും തൊഴിലുറപ്പ് നല്‍കുന്നതുമെല്ലാം ഇന്ന് മോദിയാണ്. ചെങ്ങന്നൂരിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണം. ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം. കേന്ദ്രപദ്ധതികള്‍ നാടിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ നമുക്ക് നമ്മുടെ എംഎല്‍എ വേണം. ചെങ്ങന്നൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ ശ്രീധരന്‍പിള്ള എംഎല്‍എ ആവണം'', എ.എന്‍. രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് കരഘോഷം കൊണ്ട് ജനങ്ങളുടെ ഹൃദയസമ്മതം.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥിക്ക് കല്ലിശ്ശേരിയുടെ വരവേല്‍പ്. ആപ്പിള്‍ മാലചാര്‍ത്തിയാണ് നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടയ്ക്കലില്‍ ശ്രീധരന്‍പിള്ളയെ വരവേറ്റത്. താമരമാലകളും പുഷ്പകിരീടവും വള്ളപ്പാട്ടുമായി തിരുവന്‍വണ്ടൂരിലേക്കുള്ള പടയോട്ടത്തിന് തുടക്കം. 

കല്ലിശ്ശേരിയുടെ ചരിത്രവും തിരുവന്‍വണ്ടൂരിലെ പാണ്ഡവക്ഷേത്രങ്ങളും കൂട്ടിയിണക്കി നാടിനെ തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു ശ്രീധരന്‍പിള്ള മനസുചോദ്യം നടത്തിയത്. ഉദയംപേരൂര്‍ സൂനഹദോസിന്റെയും തനിമയ്ക്ക് വേണ്ടിയുള്ള കല്ലിയൂര്‍ കൃസ്ത്യന്‍പോരാട്ടത്തിന്റെയും കഥകളെ ഓര്‍മ്മിപ്പിച്ചൊരു യാത്ര....

വരവേറ്റ് യാത്ര അയയ്ക്കാന്‍ മുന്‍നിര നേതാക്കള്‍.... പി.സി. മോഹനന്‍ മാസ്റ്റര്‍, രാജന്‍ കണ്ണാട്ട്, കെ.കെ. പൊന്നപ്പന്‍, ജസ്റ്റിന്‍ബാബു, മധു പരുമല, അഡ്വ:ബി. ഗോപാലകൃഷ്ണന്‍, ഈപ്പന്‍ നൈനാന്‍, റജി ജോസ്, എസ്.കെ. രാജീവ്.... 

സിപിഎം സ്വാധീനമേഖലയായ ഉമയാറ്റുകരയെ ഇളക്കിമറിച്ചായിരുന്നു പര്യടനം. എല്ലാ സ്വീകരണസമ്മേളനങ്ങളിലും വള്ളപ്പാട്ട് മുഴങ്ങി. അമ്പാട്ടുമുക്കില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും അനുഗ്രഹിക്കാനുമായി നൂറുകണക്കിനാളുകള്‍ ഒരുമിച്ചുകൂടി. 

രാഷ്ട്രീയ കാപട്യങ്ങള്‍ക്കുള്ള മറുപടിയാകണം വോട്ട് എന്ന് ശ്രീധരന്‍പിള്ള അവരോട് പറഞ്ഞു. ഓരോ പ്രദേശത്തിന്റെയും മതം നോക്കി പോസ്റ്ററിന്റെ നിറം മാറ്റുന്ന രാഷ്ട്രീയം വഞ്ചനയുടേതാണ്. ആരോടും പ്രീണനമില്ലാത്ത നയവും നിലപാടുമാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

നാലാംദിവസത്തെ പര്യടനത്തിന് തിരുവന്‍വണ്ടൂരിലായിരുന്നു സമാപനം. ആത്മവിശ്വാസത്തിന്റെ തേരോട്ടം പിന്നിട്ട ഒരു പകല്‍ കൂടി. ചെങ്ങന്നൂര്‍ ഒരുങ്ങുകയാണ്. കാവി പുതച്ച കന്നടയുടെ ആവേശത്തിരയേറ്റത്തില്‍ വികസനത്തിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പ്.....

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.