നൃത്തം ഹൃദയതാളമാക്കിയ ഡോക്ടര്‍

Wednesday 16 May 2018 2:03 am IST
നൃത്തത്തിലൂടെ വ്യക്തിത്വ വികസനവും ക്ഷമയും നേടാമെന്ന് ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മ്യൂസിക്ക് തെറാപ്പി പോലെ ഡാന്‍സ് തെറാപ്പിയിലൂടെ മനുഷ്യനെ എങ്ങനെ മാറ്റിയെടുക്കാമെന്ന് അനുഭവത്തിലൂടെ അവര്‍ വിവരിക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ നൃത്തത്തിലൂടെ മാറ്റിയെടുക്കാം. സ്വഭാവ രൂപീകരണത്തില്‍ നൃത്തത്തിന് വലിയ സ്വാധീനമാണ് ഉള്ളതത്രെ

നൃത്തത്തെ അഗാധമായി പ്രണയിച്ച ഡോക്ടര്‍. എപ്പോഴും നൃത്തച്ചുവടുകളുടെ താളക്രമങ്ങള്‍ സ്പന്ദിക്കുന്ന മനസ്സും ശരീരവും. രോഗിയുടെ ഹൃദയമിടിപ്പിലും നൃത്തത്തിന്റെ നേര്‍ത്ത പദവിന്യാസം കേള്‍ക്കാന്‍ കഴിയുന്ന ഡോ. പദ്മിനി കൃഷ്ണന്റെ ഓരോ നിമിഷവും താളനിബദ്ധമാണ്. മൂന്നാം വയസില്‍ തുടങ്ങിയ നൃത്തസപര്യ ഇന്നും അഭംഗുരം തുടരുകയാണ്. 

കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ - ഇതില്‍ ഏതും ഡോ. പദ്മിനി കൃഷ്ണന് വഴങ്ങും. കുച്ചിപ്പുടിയാണ് തന്റെ ശരീരത്തിനും സ്വഭാവത്തിനും വഴങ്ങുന്നതെന്ന തിരിച്ചറിവാണ് കുച്ചിപ്പുടിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണം. മയ്യനാട് ശശികുമാര്‍, ഡോ. നീനാ പ്രസാദ് എന്നിവരാണ് ആദ്യ ഗുരുക്കന്മാര്‍. കഥകളിയില്‍ ഫാക്ട് ചന്ദ്രശേഖരനും ഓട്ടന്‍തുള്ളലില്‍ ഗീതാനന്ദനുമാണ് ഗുരുക്കന്മാര്‍. മാതംഗി സത്യമൂര്‍ത്തിയുടെ ശിക്ഷണത്തില്‍ അഞ്ചു വര്‍ഷം സംഗീതം അഭ്യസിച്ചു.  ചെന്നൈയിലാണ് കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നത്. ഇന്ത്യയിലെ  പ്രശസ്തമായ എല്ലാ നൃത്തോത്സവങ്ങളിലും പദ്മിനി പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവെലില്‍ നൃത്തം അവതരിപ്പിക്കുന്നു. പുരി, ഭുവനേശ്വര്‍ ഫെസ്റ്റിവലാണ് ഏറ്റവും ആകര്‍ഷകമായി പദ്മിനിക്ക് തോന്നിയിട്ടുള്ളത്.  ജുഗല്‍ബന്ദി നൃത്തസമന്വയമാണ് ഇപ്പോള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം വേദികളില്‍നിന്ന് കിട്ടുന്ന പ്രതിഫലം വൃക്കരോഗികളുടെ ചികിത്സക്കായി നല്‍കുന്നു.

നൃത്തത്തിലൂടെ വ്യക്തിത്വ വികസനവും ക്ഷമയും നേടാമെന്ന് ഈ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മ്യൂസിക് തെറാപ്പി പോലെ ഡാന്‍സ് തെറാപ്പിയിലൂടെ മനുഷ്യനെ എങ്ങനെ മാറ്റിയെടുക്കാമെന്ന് അനുഭവത്തിലൂടെ അവര്‍ വിവരിക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളെ നൃത്തത്തിലൂടെ മാറ്റിയെടുക്കാം. സ്വഭാവ രൂപീകരണത്തില്‍ നൃത്തത്തിന് വലിയ സ്വാധീനമാണ് ഉള്ളതത്രെ.

കൊല്ലം സ്‌കൂള്‍ കലോത്സവത്തിലും സബ് ജില്ലയിലും റവന്യു ജില്ലയിലും കലാതിലകമായിരുന്നു പദ്മിനി കൃഷ്ണന്‍. 2000-ല്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിലും കലാതിലകമായി. എംബിബിഎസ് പഠനം തുടങ്ങിയതോടെ നൃത്തത്തിന് നീക്കിവയ്ക്കുന്ന സമയം കുറഞ്ഞു. ഡോക്ടര്‍ ആയതിനുശേഷം നൃത്തത്തിന്റെ ലോകത്തേക്ക് മടങ്ങിവന്നു. ഇപ്പോള്‍ വീട്ടില്‍ അമ്പതോളം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നു. ഇതിനിടയില്‍ ചൊവ്വയും വെള്ളിയും കൊല്ലം മൈലത്തുള്ള കുടുംബ ആശുപത്രിയായ ഡോക്ടര്‍ മുരളി മെഡിക്കല്‍ സെന്ററില്‍  രോഗികളെ ചികിത്സിക്കുന്നു. കലയെ കച്ചവടവത്കരിക്കുകയും ക്യാപ്‌സ്യൂളാക്കുകയും ചെയ്യുന്ന ഇക്കാലത്ത് വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ് ഡോ. പദ്മിനി. നാട്യശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാകെ പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന നടന ശൈലിയാണ് പദ്മിനി പിന്തുടരുന്നത്.

സഹോദരി ഡോക്ടര്‍ ദ്രൗപദി പ്രവീണും മികച്ച നര്‍ത്തകിയും കലാസ്വാദകയുമാണ്. അച്ഛന്‍ ഡോക്ടര്‍ എന്‍. എന്‍. മുരളി കൊല്ലത്തെ പ്രശസ്തനായ ഡോക്ടറും 1987 മുതല്‍ 2011 വരെ ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടത്തിയതിന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ ആളുമാണ്. അമ്മ യോഗവതി അന്തര്‍ജ്ജനം. കോട്ടയം സ്വദേശി ഡോ. കൃഷ്ണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ഡോ. പദ്മിനിയുടെ ഊര്‍ജ്ജം.  ഉണ്ണികൃഷ്ണന്‍, മുരളീകൃഷ്ണന്‍, നന്ദകൃഷ്ണന്‍ എന്നിവരാണ് മക്കള്‍. മൂത്തമകന്‍ ഉണ്ണികൃഷ്ണന്‍ വയലിന്‍ വായിക്കും. നൃത്തത്തിന്റെ തിരക്കിലും ആതുരസേവനം ചെയ്യുന്ന ഡോ. പദ്മിനിയെന്ന മനുഷ്യസ്‌നേഹി എപ്പോഴും കര്‍മ്മനിരതയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.